വെണ്മയൂറുന്ന കറുത്ത വരികൾ
text_fields"നിന്നെക്കാണാൻ എന്നെക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെ കെട്ടാൻ
ഇന്നേ വരെ വന്നില്ലാരും?"
കേരളക്കര നിറഞ്ഞ് പാടിയ നാടൻ പാട്ടിലൂടെ ജനകീയനായ കവി എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മാഷിന്‍റെ നാലാമത്തെ കവിത സമാഹാരമായ "കറുത്തവൻ" കറുത്ത മഷികൊണ്ട് കരിപുരണ്ട ജീവിതങ്ങളെ വെണ്മ നിറഞ്ഞ പേജുകളിൽ ആവാഹിക്കുകയാണ്. വാക് കടാക്ഷം ധാരാളമുള്ള ഒരു കവിയിൽ നിന്നും വന്ന വരികളായിരുന്നു ഓരോ താളുകളിലും.
നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന സമത്വബോധവും, മാനവികതയും, ഗ്രാമീണതയും, പഴമയുടെ പൈതൃകവും നിറഞ്ഞു നിൽക്കുന്ന കവിതകളിൽ കറുത്ത ഉടലിലെ വെളുത്ത മനസ്സും വെളുത്ത ഉടലിലെ കറുത്ത മനസ്സും തമ്മിലുള്ള അന്തരമാണ് മിഴിച്ചു നില്ക്കുന്നത്. അതിൽ കറുപ്പ് എന്നത് ഒരു നിറത്തെയല്ല, മറിച്ച് ലോകത്തിലെ പല തട്ടിൽ നിന്നും അകറ്റി നിർത്തിയവരെ മുഴുവനായി രേഖപ്പെടുത്തുകയാണ് കവി "കറുത്തവനിലൂടെ". നാടൻപാട്ടിന്‍റെ ശീലുകളായി എഴുതിയ കവിതകളോടൊപ്പം തന്നെ ഗദ്യങ്ങളും ഉണ്ട് - വളരെ മികച്ച ഗദ്യങ്ങൾ.
"രക്തവും ഹൃദയവും
തലച്ചോറുമില്ലാത്തൊരാൾ
ഈ മണ്ണിലെന്തിന്
ആത്മഹത്യ ചെയ്യണം?
ജീവിക്കാനുള്ള എല്ലാ അർഹതയും
അയാൾ നേടി കഴിഞ്ഞിരിക്കുന്നു"
മനുഷ്യത്വരഹിതമായ ഈ കാലത്ത് മനുഷ്യനായി ജീവിക്കാനുള്ള ഏക യോഗ്യത ഹൃദയവും തലച്ചോറും രക്തവും ഇല്ലാതാവുക എന്നുള്ളതാണ്. ഇതിൽ കൂടുതൽ എന്തു പറയാനാണ് അദ്ദേഹത്തിന്‍റെ ഗദ്യങ്ങളെ കുറിച്ച്.
കവി ഒരു മികവുറ്റ ശില്പിയാണ്; അദ്ദേഹത്തിന്‍റെ തലച്ചോർ എടുത്ത് മനോഹരമായി രൂപപ്പെടുത്തിയ ശില്പങ്ങളാണ് അദ്ദേഹത്തിന്‍റെ ഓരോ കവിതകളും. എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മാഷിന്‍റെ ഗുരുസ്ഥാനത്ത് നിൽക്കുന്ന കവിയാണ് കുഞ്ഞുണ്ണി മാഷെന്ന് വായിച്ചിട്ടുണ്ട്. കുഞ്ഞുണ്ണി മാഷും കുട്ടികളും കുന്നിക്കുരു തേടി പോകുന്ന ഒരു കവിതയുണ്ട് ഇതിൽ. വളരെ മനോഹരമായി അവതരിപ്പിച്ച ഈ കവിതയുടെ ഒടുവിൽ കുന്നിക്കുരുവിനോളം വരുന്ന ഭൂമിയാണ് അവർ നേടിയെടുത്തത്.
"ഇതാ മനുഷ്യനായി പിറന്ന് അങ്ങനെതന്നെ ജീവിക്കണമെന്നാഗ്രഹിച്ച
ഒരു കറുത്ത കുട്ടി വെളുത്തവർക്കും മുന്നിൽ കത്തിനിന്നു"
(കറുത്തവൻ)
ഇനിയുമുണ്ട് ഈ കവിതാ സമാഹാരത്തിൽ കറുത്തവനെ കുറിച്ചുള്ള ധാരാളം നൊമ്പരം ഉണർത്തുന്നതും ചിന്തിപ്പിക്കുന്നതുമായ കവിതകൾ - ജാതി, വിദ്യാഭ്യാസം, ജോലി, സമുദായം തുടങ്ങിയ ഇടങ്ങളിൽ ഉള്ള വ്യത്യാസത്തെ ചൂണ്ടിക്കാട്ടുന്നവയാണ് മിക്ക "കറുത്ത വരികളും".
"കൊണ്ടവയൊന്നും കൊണ്ടാടപ്പെടാറില്ല ഒരു ചരിത്രത്തിലും !" പഴമ വിട്ട് പുതുമ തേടുന്ന മനുഷ്യർ പഴയ ജീവിതങ്ങളെയും വിസ്മരിക്കുന്നു.
"ഒരുപക്ഷേ മുറിഞ്ഞുവീഴുന്ന ഓരോ വാക്കും
പിടഞ്ഞു തീരുന്ന ഓരോ മനസ്സും
എന്‍റേത് തന്നെയാണോ എന്തോ ?"
എന്ന് കവി ചോദിച്ചു നിർത്തുമ്പോൾ അനുവാചകരിൽ ഒരു ഉത്തരം ഉണ്ടാവുന്നു - നഷ്ടപ്പെടുന്ന മാനുഷിക മൂല്യങ്ങളുടേത് കൂടിയാണ് എന്ന ഉത്തരം.
♦
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.