നോവ് പടരുന്ന എന്മകജെ
text_fieldsകാസർകോട് ജില്ലയിലെ എന്മകജെ ഗ്രാമം കുന്നുകളുടെയും ഭാഷകളുടെയും സംഗമഭൂമിയാണ്. നിരവധി കുന്നുകളും ഭാഷകളും എന്‍മകജെയെ വ്യത്യസ്തമാക്കുന്നു. അങ്ങനെയുള്ള ഈ ഗ്രാമം ഇന്നറിയപ്പെടുന്നത് എന്‍ഡോസള്‍ഫാന്‍ എന്ന കൊടുംവിഷം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളിലൂടെയാണ്. എന്മകജെ ഒരു സങ്കല്പഗ്രാമമല്ല. ഇവിടെ നിങ്ങളെ കാത്തിരിക്കുന്ന യാഥാർഥ്യങ്ങള്‍ വേദനയുടെയും അനാഥത്വത്തിന്റെയും നൊമ്പരങ്ങളാണ്.
എന്‍ഡോസള്‍ഫാന്‍ ദുരന്തവും ഭരണകൂടങ്ങളുടെ കനിവിനായുള്ള നിരാലംബരായ ജനതയുടെ കാത്തിരിപ്പും ഇന്നും ചര്‍ച്ചാവിഷയമാണ്. നീണ്ടനാളുകളിലെ വിഷമഴയില്‍ നനഞ്ഞ് ജീവന്‍തന്നെ ഉപേക്ഷിക്കേണ്ടിവന്ന നിരവധിയാളുകള്‍ അംബികാസുതൻ മാങ്ങാട് രചിച്ച 'എൻമകജെ' നോവലിൽ കഥാപാത്രങ്ങളായി വരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി നിരവധി കടമ്പകള്‍ കടക്കേണ്ടിവന്നെങ്കിലും ആ ദുരന്തം സൃഷ്ടിച്ച ആഘാതത്തില്‍നിന്ന് കരകയറാനാവാതെ ഇന്നും കാസര്‍കോടന്‍ ജനത വിഷമിക്കുന്നു. ഈ നോവൽ ഒരിക്കലും എഴുതാതിരുന്നുകൂടാത്ത, വായിക്കാതിരുന്നുകൂടാത്ത പുസ്തകം എന്നുതന്നെ പറയാം. പൂർവ ജീവിതത്തെ മറന്നുകൊണ്ട് ജീവിക്കുന്ന നീലകണ്ഠനെയും ദേവയാനിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് എൻമകജെ എന്ന നോവൽ വികസിക്കുന്നത്. മറ്റുള്ളവരിൽനിന്ന് അകന്നുകഴിയുന്ന അവർ എങ്ങനെ ആ നാടിന്റെ പ്രതീക്ഷയാകുന്നു എന്നിടത്താണ് നോവൽ ആകാംക്ഷഭരിതമാകുന്നത്. ആരും കയറാന്‍ ധൈര്യപ്പെടാത്ത 'ജടധാരി' മലമുകളിൽ നാടും വീടും ഉപേക്ഷിച്ച്, ആരുമായും സമ്പര്‍ക്കമില്ലാതെ നീലകണ്ഠനും ദേവയാനിയും ദിവസങ്ങൾ കഴിഞ്ഞുകൂടുന്നു. ഒരു പ്രഭാതത്തിൽ യാദൃശ്ചികമായി അവര്‍ക്കിടയിലേക്ക് ശരീരം മുഴുവൻ പുണ്ണുള്ള ഒരു അനാഥക്കുഞ്ഞ് കടന്നുവരുന്നു. കുഞ്ഞിന്റെ വിഷയത്തിലുള്ള ഇഷ്ടാനിഷ്ടങ്ങൾ ഇരുവരെയും പിരിക്കുന്നു. കുട്ടിയെ ചികിത്സിച്ചു രോഗം ഭേദമാക്കാം എന്ന തിരുമാനത്തില്‍ അവര്‍ വീണ്ടും ഒന്നിക്കുന്നു. നാട്ടുവൈദ്യര് പാഞ്ചിയുടെ അടുത്തേക്ക് കുട്ടിയുമായി അവരെത്തുന്നു. ആറുമാസം പ്രായമാകാത്ത കുഞ്ഞിന്റെ ശരീരവളര്‍ച്ച മാത്രമുള്ള ആ കുഞ്ഞിന് അഞ്ചുവയസ്സെങ്കിലും കഴിഞ്ഞിരിക്കുമെന്നും ആ കുഞ്ഞിന്റെ രോഗം ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത ഒന്നാണെന്നും ജടാധാരി മലയിലും പരിസര പ്രദേശങ്ങളിലും ഇത്തരത്തില്‍ മാറാരോഗങ്ങളുള്ള അവശരായ അനവധി ജനങ്ങള്‍ ഉണ്ടെന്നും അവര്‍ പാഞ്ചിയിലൂടെ മനസ്സിലാക്കുന്നു. എന്മകജെയുടെ ശാപം എന്‍ഡോസള്‍ഫാന്‍ വിഷമാണെന്ന് അവർ തിരിച്ചറിയുന്നു.
ചരിത്രവും ഐതിഹ്യവും യാഥാർഥ്യവും കെട്ടുപിണഞ്ഞ നോവൽ അതിലെ യാഥാർഥ്യങ്ങൾകൊണ്ട് ഭീകരമാണ്. അതിലെ കഥാപാത്രങ്ങൾ മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്. നോവലിന്റെ പിൻകുറിപ്പിൽ പറഞ്ഞതുപോലെ നീണ്ട സമരങ്ങളിലൂടെയും പരിസ്ഥിതി-ജനകീയാരോഗ്യ- രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയും എൻഡോസൾഫാൻ വിഷവർഷം നിർത്തിയെങ്കിലും ഇനിയും ഉണ്ടാകാത്ത നമ്മുടെ പാരിസ്ഥിതിക ജാഗ്രതക്കുവേണ്ടിയുള്ള ഒരുനിലവിളി തന്നെയാണ് 'എൻമകജെ'. ബുക്ക് ഫെസ്റ്റിനോടനുബന്ധിച്ച് ഈ നോവലിന്റെ നാടകാവിഷ്കാരം നവംബർ 19ന് സമാജത്തിൽ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.