ഗീതാഞ്ജലി ശ്രീ ഇന്ന് ഷാർജ പുസ്തകമേളയില്‍
text_fieldsഷാര്‍ജ: ബുക്കര്‍ പ്രൈസ് ജേതാവും ഇന്ത്യൻ എഴുത്തുകാരിയുമായ ഗീതാഞ്ജലി ശ്രീയടക്കം പ്രമുഖ എഴുത്തുകാർ ശനിയാഴ്ച ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സദസ്സുമായി സംവദിക്കും.
രാത്രി ഏഴിന് ഇന്റലക്ച്വല്‍ ഹാളില്‍ നടക്കുന്ന ചടങ്ങിൽ 'ദ ടോംബ് ഓഫ് സാന്‍ഡി'നെക്കുറിച്ച് ഗീതാഞ്ജലി ശ്രീ സംസാരിക്കും. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഹിന്ദി എഴുത്തുകാരിയായ ഗീതാഞ്ജലി ശ്രീ 2018ല്‍ എഴുതിയ റേത്ത് സമാധി എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷക്കാണ് 2022ലെ ബുക്കര്‍ പ്രൈസ് നേടിയത്. ഉത്തര്‍പ്രദേശിലെ മായിന്പുരിയില് ജനിച്ച ശ്രീ ചെറുകഥ രചനയിലൂടെയാണ് പ്രശസ്തമായത്. അവരുടെ അഞ്ചാമത്തെ നോവലാണ് റേത്ത് സമാധി. രാത്രി എട്ടിന് ഫോറം ഒന്നിൽ എഴുത്തുകാരൻ രവി സുബ്രഹ്മണ്യന് വായനക്കാരുമായി സംസാരിക്കും.
ത്രില്ലറുകളിലൂടെ പ്രശസ്തനായ രവി സുബ്രഹ്മണ്യന് തന്റെ രചനരീതിയെക്കുറിച്ച് സംസാരിക്കും. രാത്രി 8.15ന് ഇന്റലക്ച്വല്‍ ഹാളിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജി.ആര്. ഇന്ദുഗോപന് പങ്കെടുക്കുന്ന പരിപാടിയും നടക്കും. രാത്രി 8.30ന് കുക്കറി വിഭാഗത്തില്‍ അര്‍ച്ചന ദോഷി പങ്കെടുക്കുന്ന കുക്കറി ഷോയും ഉണ്ടായിരിക്കും.
ഇന്തോ-അമേരിക്കന്‍ എഴുത്തുകാരനും ആള്‍ട്ടര്‍നേറ്റ് മെഡിസിന് മേഖലയിലെ പ്രഗല്ഭനുമായ ദീപക് ചോപ്ര ഞായറാഴ്ച പുസ്തകമേളയില്‍ അതിഥിയായെത്തും. രാത്രി ഏഴിന് ബാള്‍റൂമിലാണ് ചോപ്ര അനുവാചകരുമായി സംവദിക്കുക. എഴുത്തുകാരനും നിരൂപകനുമായ സുനില്‍ പി. ഇളയിടം ഞായറാഴ്ച രാത്രി എട്ടിന് ബാള്‍റൂമില്‍ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.