ഹുസ്നുൽ ജമാലും കറുത്തമുത്തും ഇംഗ്ലീഷിലേക്ക്
text_fieldsതിരുവനന്തപുരം: മഹാകവി മോയിൻകുട്ടി വൈദ്യരുടെ 'ബദറുൽ മുനീർ ഹുസ്നുൽ ജമാൽ' എന്ന പ്രസിദ്ധ പ്രണയകാവ്യത്തിന് എം.എൻ. കാരശ്ശേരി തയാറാക്കിയ പുനരാഖ്യാനവും കവി പി.ടി. അബ്ദുറഹിമാന്റെ കഥാകാവ്യം 'കറുത്ത മുത്തും' ഇംഗ്ലീഷിലേക്ക്. 'ഹുസ്നുൽ ജമാൽ എ പേർഷ്യൻ ടെയിൽ ഒാഫ് ലവ് ആൻഡ് അഡ്വഞ്ചർ', 'ദ ബ്ലാക്ക് പേൾ' എന്നീ പേരുകളിൽ ഈ കൃതികൾ വിവർത്തനം ചെയ്തത് തിരുവനന്തപുരം ഇടവ സ്വദേശി അജീർകുട്ടിയാണ്. തിങ്ക് മൈൻസ് മീഡിയ ചെന്നൈയുടെ പുസ്തക പ്രസാധന മുദ്രണാലയമായ ഇൻഡസ് ആണ് പ്രസാധകർ.
മോയിൻകുട്ടി വൈദ്യരുടെ പ്രണയകാവ്യം 150 ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് അതിന്റെ ഇംഗ്ലീഷ് തർജമ പുറത്തുവരുന്നത്. ശൈഖ് മുഹമ്മദ് കാരകുന്ന് രചിച്ച 'ബിലാൽ' എന്ന കൃതി അടിസ്ഥാനമാക്കിയാണ് പി.ടി. അബ്ദുറഹിമാൻ 'കറുത്തമുത്ത്' രചിച്ചത്.
ഇന്ത്യ ഉപഭൂഖണ്ഡത്തിലെ പുരാതത്ത്വവിജ്ഞാനീയത്തിന് സമർപ്പിക്കപ്പെട്ടിരുന്ന 'ദ ഇന്ത്യൻ ആന്റിക്വറി' എന്ന പ്രസിദ്ധീകരണത്തിന്റെ 1901 നവംബർ-ഡിസംബർ ലക്കത്തിൽ മാപ്പിളപ്പാട്ടിനെയും മോയിൻകുട്ടി വൈദ്യരെയും കുറിച്ച് എഫ്. ഫോസിറ്റ് എന്ന ഇംഗ്ലീഷുകാരൻ എഴുതിയ പഠനത്തിലായിരുന്നു വൈദ്യരുടെ ഏതാനും കാവ്യശകലങ്ങൾ ആദ്യമായി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്.അതിന്റെ തുടർച്ചയായി മാപ്പിള സാഹിത്യകൃതികൾ ഇംഗ്ലീഷിലേക്ക് എത്തിക്കുകയാണ് അജീർകുട്ടി.
മഹാകവി കുമാരനാശാനും വൈക്കം മുഹമ്മദ് ബഷീറുമടക്കം മലയാളത്തിലെ മുതിർന്ന നിരവധി സാഹിത്യകാരന്മാരുടെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് അജീർകുട്ടിയാണ്. കവി പ്രഭാവർമയുടെ കാവ്യാഖ്യായികയായ കനൽച്ചിലമ്പിന്റെ ഇംഗ്ലീഷ് തർജമയും അജീർകുട്ടിയാണ് നിർവഹിച്ചത്. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എം.പി. കുമാരൻ സ്മാരക പുരസ്കാരവും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നതിന് ജീബനാനന്ദ ദാസ് അവാർഡും (കൊൽക്കത്ത) നേടിയിട്ടുള്ള അജീർകുട്ടി കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ ഉദ്യോഗസ്ഥനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.