സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യന്‍ മുസ്ലിം
text_fieldsഇന്ത്യയെന്ന ചരിത്ര യാഥാർഥ്യത്തെ മായ്ച്ചുകളയുകയും ഭാരതമെന്ന ഐതിഹ്യത്തെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും, വൈവിധ്യങ്ങളുടെ അടിവേരുകളാസകലം മാന്തിയെറിഞ്ഞ് ഒരു ദേശത്തെ സ്വന്തം മഹാരാജ്യമാക്കാന് ഇറങ്ങിത്തിരിക്കുകയും ചെയ്ത വംശീയവാദികളാണ് നമ്മുടെ നാട് ഭരിച്ചുകൊണ്ടിരിക്കുന്നത്. പേരുമാറ്റിയാല്‍ നഗരങ്ങളും ഗ്രാമദേശങ്ങളും സ്വന്തമാക്കാമെന്നും കെട്ടുകഥകള്‍കൊണ്ട് ദേശഭാവന മെനയാമെന്നും മനോരാജ്യം കാണുന്ന മൗഢ്യ ജീവികളാണ് എക്കാലത്തെയും വംശീയവാദികള്‍. ഇന്ത്യയിലെ സംഘ്പരിവാറും അക്കൂട്ടത്തില്‍പെടുന്നു. ഫാഷിസ്റ്റുകള്‍ക്കറിയാം മുസ്ലിംകള് എവിടെനിന്നും വന്നവരല്ലെന്നും അവര്‍ എങ്ങോട്ടും പോകാനിരിക്കുന്നവരല്ലെന്നും. പോകണമെങ്കില്‍ ആദ്യം വന്നവരാണ് നാട് വിട്ട് ആദ്യം പോകേണ്ടത്.
കുരിശു യുദ്ധവെറിയുമായി ഇന്ത്യയിലെ ഹരിത തീരങ്ങളിലേക്ക് പടിഞ്ഞാറന്‍ അധിനിവേശം പാഞ്ഞുകയറുന്നതു വരെ ഈ നാട് ഐശ്വര്യപൂര്‍ണമായിരുന്നു. നാടും നാട്ടുകാരും പരസ്പരം പുണര്‍ന്ന് ജീവിച്ച കാലം. അക്കാലത്തെയാണിന്ന് അധിനിവേശത്തിന് ദാസ്യം ചെയ്തവര്‍ നിരാകരിക്കുന്നത്. അപരമാക്കപ്പെടുന്ന ജനത എന്ത് ചെയ്യും, എങ്ങനെ പെരുമാറും? യൂറോപ്യന്‍ കൊളോണിയല്‍ കാലത്ത് സംഘപരിവാരം ചെയ്തപോലെ മാപ്പപേക്ഷകളുടെ താളിയോലകളുമായി വേട്ടക്കാരന്റെ മുന്നില്‍ തൊഴുതുനില്ക്കണോ? അതോ ഏത് സമൂഹത്തിനും ലഭിക്കേണ്ട നീതിക്കുവേണ്ടി നിവര്‍ന്നുനിന്ന് സംസാരിക്കണമോ? നീതിക്കായി ഇറങ്ങി നടക്കണമെങ്കില്‍ എന്താണീ ജനതയുടെ വര്‍ത്തമാനകാല പ്രതിസന്ധിയെന്ന് അവര്‍ക്ക് തിരിച്ചറിവുണ്ടാവണം. എങ്ങനെയാണ് അവര്‍ ഈ നാടിനു അവരവരെ തന്നെ ബലിയാക്കി കാവല്നിന്നതെന്ന് മനസ്സിലാക്കണം. ഇന്ന് നായാടപ്പെടുന്ന അഭിജാത മുസ്ലിം ജനത ഒരുകാലത്ത് ദേശസ്വാതന്ത്ര്യത്തിനായി പൊരുതി മരിച്ച സ്മൃതികള്‍ തിരിച്ചറിയണം. ഈ തെളിഞ്ഞ ഭൂതകാല ജ്ഞാനമാണ് ഭാവിയിലേക്കുള്ള സഞ്ചാരപാതയില്‍ നമുക്ക് കരുത്താവുക. ഇതിനൊക്കെ ഉപയുക്തമാകുന്ന ഒരു സൂക്ഷ്മ പഠന സാമഗ്രിയാണ് ‘പ്രബോധനം’ വാരികയുടെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘ഇന്ത്യന്‍ മുസ്ലിം സ്വാതന്ത്ര്യത്തിനുശേഷം’ എന്ന ബൃഹത് സമാഹാരം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണവും മറ്റു അധികാര കേന്ദ്രങ്ങളും 20 കോടി വരുന്ന ഒരു ജനസമൂഹത്തോടും അവരുടെ സ്വത്വത്തോടും എങ്ങനെ പെരുമാറി എന്നതാണ് 460 താളുകളിലേക്ക് വിടരുന്ന സമാഹാരം സൂക്ഷ്മപഠനത്തിനെടുത്തത്. ചീഫ് എഡിറ്റര്‍ ഡോ. കൂട്ടില്‍ മുഹമ്മദലിയുടെ തീക്ഷ്ണമായ നിരീക്ഷണങ്ങളോടെയാണ് അത് തുടങ്ങുന്നത്. ഇന്ത്യന്‍ മുസ്ലിമിന്റെ ചരിത്രവും വര്‍ത്തമാനവും ലേഖനത്തില്‍ പൂര്‍ണമായും സംക്ഷേപിക്കപ്പെട്ടിട്ടുണ്ട്.
വര്‍ത്തമാനകാല സത്യങ്ങള്‍ക്കു നേരെ കൂര്പ്പിച്ചുപോകുന്ന ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്. ആധാറും അടിയാധാരങ്ങളും ഉണ്ടാവുന്നതിനു മുമ്പേ ഈ നാട്ടില്‍ ജീവിതം തുഴഞ്ഞ് ഒരു മഹാ സംസ്കൃതി ദേശത്തിന് സമര്‍പ്പിച്ച ജനതയെ ധീരതയോടെ അഭിസംബോധന ചെയ്യുന്ന ലേഖനമാണത്. ഹിന്ദുത്വ രാഷ്ട്ര നിർമിതിക്കാരുടെ വെളിപ്പെട്ട ഗൂഢാലോചനക്കും സംഘചരിത്ര മാലിന്യത്തിനുമെതിരെ ന്യൂനപക്ഷ പ്രതിരോധവും പ്രതിനിധാനവും എങ്ങനെ സഫലമാകണമെന്നും പ്രബന്ധത്തില്‍ നിരീക്ഷിക്കുന്നു. ഹിന്ദുത്വ രാക്ഷസീയതയുടെ പുറപ്പാടും ഗൂഢാലോചനയും അവര്‍ നിർമിക്കുന്ന കപടാഖ്യാനങ്ങളും എന്താണെന്നും അതിനെതിരെ ന്യൂനപക്ഷ മുസ്ലിം ജനത സമാഹരിക്കേണ്ട പ്രതിരോധവും പ്രതിനിധാനവും എങ്ങനെയൊക്കെ സഫലമാക്കാനാവുമെന്ന ആലോചനകളും പ്രബന്ധം മുന്നോട്ട് വെക്കുന്നു.
മാധ്യമം-മീഡിയവണ്‍ ചീഫ് എഡിറ്ററും എഴുത്തുകാരനുമായ ഒ. അബ്ദുറഹ്മാന് എഴുതിയ സൂക്ഷ്മ രാഷ്ട്രീയ ആഖ്യാനമുണ്ട് പുസ്തകത്തില്‍. 1999ല്‍ നിലവില്‍വന്ന വാജ്പേയ് സര്‍ക്കാര്‍ തൊട്ട് ഇങ്ങോട്ടുള്ള മുഴുവന്‍ പരിവാര്‍ അധികാരങ്ങളും കുത്തക മുതലാളിത്തവുമായി എങ്ങനെ സന്ധിയായെന്നും ഇവരുടെ സാമ്പത്തിക ബന്ധങ്ങളും തിരിമറികളും ദേശഗാത്രത്തില് എന്തെന്ത് പരിക്കുകളാണ് ഉണ്ടാക്കുന്നതെന്നും സൂക്ഷ്മമായി നിരീക്ഷിച്ചാണ് അതിനെതിരെ ന്യൂനപക്ഷം തീര്‍ക്കേണ്ട പ്രതിരോധത്തിന്റെ സാധ്യതകള്‍ അബ്ദുറഹ്മാന് തിരയുന്നത്. മൗലികമാണ് ഈ പഠനം. ‘ബാബരി ധ്വംസനാനന്തര ഇന്ത്യയിലെ മുസ്ലിം’ എന്നതാണ് മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകനും മാധ്യമ പ്രവര്‍ത്തകനുമായ എന്‍.പി. ചെക്കുട്ടിയുടെ പ്രബന്ധം. ഗോലിയാത്തിനെ തോൽപിച്ച ദാവീദിന്റെ കഥ പഴയ നിയമത്തില്‍നിന്ന് ലേഖനത്തിനൊടുവില്‍ ചെക്കുട്ടി സൂചിപ്പിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ്. ഓരോ തെരഞ്ഞെടുപ്പു പിന്നിടുമ്പോഴും രാഷ്ട്രീയ മുഖ്യധാരയില്‍നിന്നും ഇന്ത്യന്‍ മുസല്മാന് എങ്ങനെ വീണ്ടും വീണ്ടും ആദൃശ്യമാക്കപ്പെടുന്നു എന്ന അമ്പരപ്പിക്കുന്ന സത്യമാണ് സ്ഥിതിവിവരക്കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമ പ്രവര്ത്തകന് സിയാഉസ്സലാം ഉന്നയിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങളെ സമാഹാരത്തില്‍ പഠനവിധേയമാക്കുകയാണ് പത്രപ്രവര്‍ത്തകനായ പി.എ.എം. ഹാരിസ്. എല്ലാ വര്‍ഗീയ കലാപങ്ങളും ആസൂത്രണം ചെയ്തത് വംശീയ ഉന്മൂലനം ലക്ഷ്യമാക്കി മാത്രമായിരുന്നെന്ന് ഉപാദാനങ്ങള്‍ നിറയുന്ന തന്റെ നീണ്ട പ്രബന്ധത്തില്‍ ഹാരിസ് കണ്ടെത്തുന്നുണ്ട്. ഒരു ജനാധിപത്യ പൗരസമൂഹം ഭരണകൂട അന്യായങ്ങളെ ചെറുക്കേണ്ടത് സത്യത്തില്‍ നീതിന്യായവ്യവസ്ഥയുടെ പിന്തുണയോടെയാണ്. എന്നാല്‍, ഇന്ത്യയിലെ നീതിപീഠ നീതിനിഷേധം എത്രമാത്രം നിഗൂഢവും നിഷ്ഠുരവുമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പി.കെ. നിയാസിന്റെ പ്രബന്ധം നമ്മോട് പറയുന്നു.
ശഹീന്‍ ബാഗ് സമരകാലത്ത് ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ഥിയായിരുന്ന ഷഹീന് അബ്ദുല്ല അക്കാല അനുഭവം സമാഹാരത്തില്‍ തുറന്നെഴുതുന്നുണ്ട്. വംശീയവാദികള്‍ എത്രയൊക്കെ സാമൂഹിക വിഭജനം പണിയാന്‍ ശ്രമിച്ചാലും ഇന്ത്യാ രാജ്യത്ത് നിലനിന്നിരുന്നതും ഇന്നും നിലനില്ക്കുന്നതും ഒരു പരിധിവരെ ഹിന്ദു-മുസ്ലിം പാരസ്പര്യമാണെന്നും ഹൃദ്യതയുള്ള ദാനാദാനങ്ങള്‍ കലയിലും കവിതയിലും സാഹിത്യത്തിലും നിർമിതിയിലും ഭാഷയിലും ഭൂഷവേഷങ്ങളിലും നിരന്തരം സംഭവിക്കുന്നതെന്നുമാണ് അശ്റഫ് കീഴ്പറമ്പിന്റെ ലേഖനം അന്വേഷിക്കുന്നത്. വഖഫ് സ്വത്തിലേക്ക് നീളുന്ന സംഘപരിവാറിന്റെ നീരാളിക്കൈകളുടെ പശ്ചാത്തലത്തില്‍ അബ്ദുല്ല കോട്ടപ്പള്ളിയുടെ ‘വഖഫ് സ്വത്തുക്കളും സംഘപരിവാറും’ എന്ന ആലോചന സംഗതവും സമകാലികവുമാണ്. എന്താവണം ‘ഇന്ത്യന്‍ മുസ്ലിംകളുടെ അജണ്ട’ എന്ന വിഷയത്തില്‍ ടി. മുഹമ്മദ് വേളവും പ്രതാപം മങ്ങുന്ന ഉർദുഭാഷയെപ്പറ്റി വി.എ. കബീറും എഴുതിയ പ്രബന്ധങ്ങളും ശ്രദ്ധേയമാണ്. ഇതുപോലെ പി.ടി. നാസറിന്റെയും ഡോ. യാസീന്‍ അശ്റഫിന്റെയും പി. അംബികയുടെയും ലേഖനങ്ങളും അത്യന്തം വിജ്ഞാനപ്രദവും ഹൃദ്യവുമാണ്.
എഴുത്തുകളൊക്കെയും അത്യന്തം വായനക്ഷമമാണ്. ചെറുകുറിപ്പുകളായി ഒട്ടേറെ വിവരങ്ങള്‍ സമാഹാരത്തില്‍ വേറെയും സംക്ഷേപിച്ച് നല്കിയതും ഉചിതമായി. ഡല്‍ഹിയിലെ സര്‍വകലാശാലാ വിദ്യാർഥിയായിരുന്ന നജീബിന്റെ തിരോധാനം, വയനാടും ടിപ്പുസുല്‍ത്താനും, പ്രഥമ ലോക്സഭയിലെ മുസ്ലിം എം.പിമാര്‍, പരമോന്നത കോടതിയിലെ മുസ്ലിം ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും വിവരങ്ങള്‍, ബാബരി മസ്ജിദും കോടതികളും, സച്ചാര്‍ അനുബന്ധ നടപടികള്‍ തുടങ്ങി നിരവധി ചെറിയ കുറിപ്പുകള്‍ വായനക്കാര്‍ക്ക് ഏറെ സഹായകരമാണ്.
ടിപ്പുവിന്റെ വയനാടന്‍ സാന്നിധ്യം പറയുമ്പോള്‍ ‘പ്രബോധനം’ ഉപയോഗിച്ചത് പടയോട്ടമെന്ന കൊളോണിയല്‍ ഭാഷയാണ്. പടയോട്ടമായി ടിപ്പുവിനെ മാത്രം ആഖ്യാനിക്കുന്ന ചരിത്രമെഴുത്തിന്റെ പ്രതി ചക്രവാദച്ചുഴിയില് ‘പ്രബോധനം’ പെട്ടുപോകരുതായിരുന്നു. ഇങ്ങനെയുള്ള നേര്‍ത്ത സ്ഖലിതങ്ങളും ഇത്തിരി അക്ഷരഭംഗങ്ങളും അവഗണിച്ചാല്‍ ഗംഭീരമാണ് ഈ പ്രത്യേക പതിപ്പിന്റെ ഉള്ളടക്കവും പ്രസാധനവും. ഒന്നുറപ്പിക്കാം. സമാഹാരം വായിച്ചുകഴിയുമ്പോള്‍ നമ്മുടെ ബോധ്യത്തിലേക്ക് വരുന്നൊരു പാഠമുണ്ട്. അത് മറ്റൊന്നുമല്ല, ഇന്ത്യ എല്ലാവരുടേതുമാണ് എന്ന സത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.