കാല്‍ലക്ഷം രൂപയുടെ പുസ്തക സമ്മാനം നേടി ഇക്ബാൽ മങ്കട
text_fieldsപട്ടാമ്പി: 2021ലെ ദേശീയ അധ്യാപക അവാര്‍ഡിനായുള്ള അന്തിമപട്ടികയില്‍ ഇടംപിടിച്ച വിവിധ സംസ്ഥാനങ്ങളിലെ അധ്യാപകര്‍ക്കായി കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന്റെ പുസ്തകസമ്മാനം തുടര്‍ച്ചയായി രണ്ടാംതവണയും ലഭിച്ച സന്തോഷത്തിലാണ് കൊപ്പം ജി.വി.എച്ച്.എസ്.എസിലെ സാമൂഹിക ശാസ്ത്ര അധ്യാപകൻ ഇഖ്ബാല്‍ മങ്കട.
നാഷനല്‍ ബുക്ക് ട്രസ്റ്റിന്റെ പതിനയ്യായിരം രൂപയിലധികം വിലവരുന്ന വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളാണ് സമ്മാനമായി ലഭിച്ചത്. ദേശീയ അധ്യാപക അവാര്‍ഡിനായി 2021ല്‍ കേരളത്തില്‍ നിന്നും അയച്ച അന്തിമ പട്ടികയില്‍ ആറ് പേരാണുണ്ടായിരുന്നത്. ഇതിൽപെട്ട അധ്യാപകര്‍ക്ക് പൊതുവെ ഡല്‍ഹിയില്‍ വെച്ചാണ് അഭിമുഖം നടത്താറുള്ളത്. എന്നാല്‍ കോവിഡ് സാഹചര്യത്തിൽ യാത്രാതടസ്സം അനുഭവപ്പട്ടതിനാല് തിരുവനന്തപുരത്ത് വെച്ച് എന്‍.ഐ.സി യുടെ സഹായത്തോടെ വിഡിയോ കോൺഫറന്‍സ് വഴിയാണ് ഇന്‍ഡിപ്പെന്‍ഡന്റ് ജൂറി അഭിമുഖം നടത്തിയത്. ഡല്‍ഹി യാത്ര ഒഴിവായതിന്റെ അടിസ്ഥാനത്തില്‍ അന്തിമ പട്ടികയില്‍ ഇടംപിടിച്ച അധ്യാപകരെ തേടിയാണ് പുസ്തക സമ്മാനം എത്തിയത്.
കേന്ദ്ര സര്‍ക്കാറിന്റെ മാനവ വിഭവ ശേഷി മന്ത്രാലയം രണ്ടാമത്തെ തവണയാണ് ദേശീയ അധ്യാപക അവാര്‍ഡിനായുള്ള അന്തിമ പട്ടികയില്‍ ഇടം പിടിച്ച അധ്യാപകര്‍ക്ക് ഇത്തരത്തില്‍ പുസ്തകങ്ങള്‍ സമ്മാനമായി നൽകുന്നത്. രണ്ടാം തവണയും പുസ്തക സമ്മാനം എത്തിയപ്പോള്‍ കാല്‍ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ സ്വന്തമാക്കിയ സന്തോഷത്തിലാണീ അധ്യാപകന്. 2019ലെ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവാണ് ഇഖ്ബാല്‍ മങ്കട.
അധ്യാപകര്‍ക്കായുള്ള ടീച്ചിങ് എയ്ഡ് മത്സരത്തില്‍ നിരവധി തവണ സംസ്ഥാനതലത്തിലും സെക്കന്തരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍ നടന്ന ദക്ഷിണേന്ത്യന്‍ മത്സരങ്ങളിലും വിജയിയായിട്ടുണ്ട്. സാമൂഹിക ശാസ്ത്ര വിഷയത്തിന്റെ സംസ്ഥാന റിസോഴ്സ് പേഴ്സനും പ്രാദേശിക ചരിത്രകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഇദ്ദേഹം തനിക്ക് ലഭിച്ച പുസ്തകങ്ങളും സ്വന്തം ലൈബ്രറിയിലെ പുസ്തകങ്ങളും ഉപയോഗിച്ച് പ്രാദേശിക വായനശാല തുടങ്ങാനുള്ള ശ്രമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.