കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം
text_fieldsകുവൈത്ത് സിറ്റി: 45ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് മിശ്റഫ് ഇന്റർനാഷനൽ ഫെയർ ഗ്രൗണ്ടിൽ തുടക്കമായി. 29 രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രസാധകർ പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. ഇതിൽ 18 അറബ് രാഷ്ട്രങ്ങളും 11 വിദേശ രാജ്യങ്ങളും ഉൾപ്പെടുന്നു. 404 പബ്ലിഷിങ് കമ്പനികളും 117 മറ്റു പങ്കാളികളും മേളക്കെത്തിയിട്ടുണ്ട്.
വിവര-സാംസ്കാരിക, യുവജനകാര്യ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയാണ് പുസ്തകോത്സവമെന്ന് മന്ത്രി സൂചിപ്പിച്ചു. പുസ്തകോത്സവത്തിന്റെ ഭാഗമായി വിവിധ കലാസാംസ്കാരിക പരിപാടികളും നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കുവൈത്തിലെ യുവജനങ്ങൾക്ക് തങ്ങളുടെ രചനകളും കഴിവും പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് പുസ്തകോത്സവത്തിലൂടെ തുറന്നുകിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ സാംസ്കാരിക മന്ത്രാലയത്തിന്റെ പുസ്തകങ്ങൾ മേളയുടെ പ്രത്യേകതയാണ്. ഫലസ്തീനിയൻ സംസ്കാരത്തെയും ചരിത്രത്തെയും പ്രതിഫലിപ്പിക്കുന്ന പുതിയ പ്രസിദ്ധീകരണങ്ങളുമായാണ് അവർ പങ്കെടുക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
അറബ് ബുദ്ധിജീവികൾ, അറബ് വിദേശ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്രജ്ഞർ, എഴുത്തുകാർ, വായനക്കാർ തുടങ്ങി നിരവധി പേർ ഉദ്ഘാടന ദിവസം മേള സന്ദർശിച്ചു. പാനൽ ഡിസ്കഷൻ, വർക്ഷോപ്പുകൾ, സ്റ്റോറി ടെല്ലിങ്, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും. 1975 നവംബർ ഒന്നിനാണ് പ്രദർശനത്തിന്റെ ആദ്യ പതിപ്പ് ആരംഭിച്ചത്. തുടർന്ന് എല്ലാ വർഷവും തുടർന്നുപോന്നു. കോവിഡ് കാരണം കഴിഞ്ഞ മൂന്നുവർഷം മേള നടന്നിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.