ജെൻഡർ പഠനത്തിലെ ചിരിയും ചിന്തയും
text_fieldsചിരിക്കാൻ വരട്ടെ. പെണ്ണ് ആണോണോ എന്ന് ചോദിക്കുന്ന ഉമർ ഒ. തസ്നീമിന്റെ ഗ്രന്ഥശീർഷകം പെൺഫലിതങ്ങളിലെ കൊലച്ചിരികൾ എന്നാണ്. ഒറ്റനോട്ടത്തിൽ ഇതൊരു ചിരിപുസ്തകമാണെന്ന് തെറ്റിദ്ധരിക്കാൻ വകയുണ്ട്. എന്നാൽ, ഒട്ടടുത്തും ഉള്ളിലോട്ട് ചുഴിഞ്ഞും നോക്കിയാൽ ചിരിയല്ല ചിന്തയാണ് ഈ പുസ്തകത്തിലെ അകക്കാമ്പെന്ന് വ്യക്തമാകും. അങ്ങനെയങ്ങ് ചിരിച്ചുതള്ളേണ്ട പുസ്തകമല്ല ഇത്.
വിപുലമായ വായനയുടെയും സാന്ദ്രമായ ചിന്തയുടെയും സർഗാത്മക സമന്വയം’ എന്ന് അവതാരികയിൽ പുസ്തകത്തെ കുറുക്കുന്ന കെ.ഇ.എൻ ‘സംവാദാത്മകമായ ഒരു അന്വേഷണയാത്ര’ എന്നുകൂടി തസ്നീമിന്റെ ശ്രമത്തെ വിശേഷിപ്പിക്കുന്നു. മലയാളി പൊതുമണ്ഡലങ്ങളിൽ ഏറെ സംവാദങ്ങളും വിവാദങ്ങളുമുണ്ടാക്കിയ ലിംഗപഠനം, അതിമാനവവാദം, വർത്തമാന രാഷ്ട്രീയം, സാഹിത്യം, സംസ്കാരപഠനം തുടങ്ങി, പ്രത്യക്ഷത്തിൽ ലിംഗപഠനധ്വനിയുടെ മുഴക്കമുണ്ടെങ്കിലും വൈവിധ്യമാർന്ന ഏഴു പ്രബന്ധങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
ജെൻഡർ-ജെൻഡർ വിഭജനം-ജെൻഡർ ന്യൂട്രാലിറ്റി, ബയോ ടെക്നോളജിയും നിർമിതബുദ്ധിയും ഉയർത്തുന്ന സാധ്യകതളും വെല്ലുവിളിയും, പൗരത്വവിവാദമുയർത്തുന്ന ഉത്കണ്ഠകൾ, ജനാധിപത്യ-മതേതരസ്ഥലികൾ നേരിടുന്ന പ്രതിസന്ധികൾ, ആസുരമായിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുത, നമ്മുടെ സാംസ്കാരിക പ്രതിനിധാനങ്ങളെയും സാഹിത്യ ചലച്ചിത്ര മേഖലകളെയും ഇപ്പോഴും ചൂഴ്ന്നുനിൽക്കുന്ന വർഗീയതയും ജാതീയതയും തുടങ്ങി സമകാലിക പ്രസക്തമായ പ്രമേയങ്ങളാണ് ഈ പ്രബന്ധങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്.
എന്നാൽ, മുഖ്യധാരയിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന പതിവുരീതികളിൽനിന്ന് ഭിന്നമായി, തമസ്കൃതമായ മറുവശങ്ങൾ അനാവരണം ചെയ്യാനുള്ള ശ്രമമാണ് പുസ്തകത്തെ സവിശേഷമാക്കുന്നത്. ഭിന്ന നിലപാടുകളും വ്യത്യസ്ത പ്രത്യയശാസ്ത്ര മേൽവിലാസങ്ങളും വെച്ചുപുലർത്തുന്നവർ ഈ വിഷയങ്ങളിൽ എടുക്കുന്ന സമീപനങ്ങളെ നിരൂപണാത്മകമായി വിലയിരുത്തി, സ്വന്തം നിലപാടുകൾ വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുന്നു എന്നതാണ് കേവല തർക്കജാടകൾക്കതീതമായി പുസ്തകത്തെ സംവാദാത്മകമാക്കുന്നത്.
‘‘സ്തുതി/നിന്ദകൾക്കപ്പുറം അവസ്ഥകളുടെയും വസ്തുതകളുടെയും സൂക്ഷ്മവിശലകനങ്ങളും സ്വന്തം നിലപാടിൽനിന്നുകൊണ്ടുള്ള വിമർശനവുമാണ് ഗ്രന്ഥകാരൻ വികസിപ്പിക്കാൻ ശ്രമിക്കുന്നത്’’ എന്ന് അവതാരികയിൽ വിലയിരുത്തുന്ന കെ.ഇ.എന്നിന്റെ ചിന്തകൾകൂടി ചേർത്തുവെച്ച് വായിക്കുമ്പോൾ അത് വായനക്കാരന്റെ മുന്നിൽ പുതിയ ചക്രവാളങ്ങൾകൂടി തുറന്നിടുന്നതായി അനുഭവപ്പെടും.
‘പെണ്ണ് ആണ് ആണോ’ എന്ന ആദ്യ ലേഖനം ലിംഗഭേദത്തിന്റെ ഉടച്ചുവാർക്കലുകൾക്കപ്പുറത്തേക്ക് ചിന്തകളെ ആനയിക്കുന്നു. ആണധികാരത്തിന്റെ മുന്നിൽ ചോദ്യങ്ങൾ കുത്തിവരയുമ്പോൾ അധികാരധ്വനി ഭാഷ മുതൽ ജീവിതത്തിന്റെ ഏതെല്ലാം മേഖലകളിൽ ഒരു ഒഴിയാബാധയായി മുഴങ്ങുന്നുണ്ടെന്ന് കോർഡീലിയ ഫൈനിന്റെ ‘ജെൻഡർ മറിമായങ്ങൾ’ (Delutions of Gender) എന്ന കൃതിയിലെ കുസൃതിക്കഥകളും ഭാഷാവ്യവഹാരങ്ങളിലെ ഉദാഹരണങ്ങളും ഉദ്ധരിച്ചുകൊണ്ട് ഹാസ്യാത്മകമായി ഗ്രന്ഥകാരൻ വെളിവാക്കുന്നു. വീട്ടിൽ ‘ഭാര്യ ട്രൗസറിട്ടാൽ’ ഇംഗ്ലീഷിൽ അതിനർഥം വീട്ടിൽ കെട്ടിയോന് ഒരു വോയ്സും ഇല്ലെന്നാണ്.
അപ്പോൾ പെൺകുട്ടികൾ പാന്റ്സ് ധരിക്കുന്നതിൽ സൗകര്യമുള്ള വസ്ത്രമാറ്റത്തിനപ്പുറമുള്ള മാനങ്ങളുണ്ടെന്ന് വ്യക്തമാകുന്നു. പെൺകുട്ടികളെ ഇങ്ങനെ ശക്തീകരിക്കുന്നത് അവരുടെ സ്വകീയ ചൈതന്യത്തിന് നിരക്കാത്തതാണെന്നും അവരെ ആൺവത്കരിക്കുന്ന അശാസ്ത്രീയ ധാരണയിൽനിന്ന് ഉടലെടുത്താണെന്നും വാദിക്കുന്നവരുണ്ട്. ‘പെണ്ണ് ആണാണോ’ എന്ന ചോദ്യം ഉയർത്തപ്പെടുന്നത് ഇവിടെയാണ്.
പ്രത്യക്ഷത്തിൽ തോന്നുംവിധം പിതുരാധികാര വ്യവസ്ഥയുടെ വക്താക്കളല്ല ഈ ചോദ്യം ഉയർത്തുന്നവർ. ആധുനിക ശാസ്ത്രത്തിന്റെ വക്താക്കളും ശിശുവികസന ഗവേഷണ രംഗങ്ങളിൽ ഏറെ ശ്രദ്ധേയമായ ബൗദ്ധിക നിക്ഷേപങ്ങൾ നടത്തിയവരുമാണ് ഇതിന്റെ വക്താക്കൾ എന്നുവരുമ്പോൾ ആ വാദങ്ങൾ ഗൗരവത്തിലെടുക്കാതെ തള്ളിക്കളയാൻ പറ്റില്ലെന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു.
പെണ്ണിനെ ആണാക്കാനും ആണിനെ പെണ്ണാക്കാനും രണ്ടിനെയും ഇതൊന്നുമല്ലാത്ത സങ്കര ഇനമാക്കാനും രാഷ്ട്രീയ ശരിയുടെ പേരിൽ ചില സോഷ്യൽ എൻജിനീയർമാർ ശ്രമിക്കുന്നുണ്ടെന്നും അത് സമൂഹത്തിന്റെ ആരോഗ്യകരമായ ഭാവിക്ക് ഒരു വെല്ലുവിളിയായിത്തീരുമെന്നുമാണ് ഈ വാദഗതിക്കാരുടെ മുന്നറിയിപ്പ്.
ആണും പെണ്ണും അടിസ്ഥാനപരമായിത്തന്നെ രണ്ടാണെന്നും അഭിരുചികളിലും താൽപര്യങ്ങളിലും സിദ്ധികളിലും അവർ പരസ്പരപൂരകങ്ങളോ വിരുദ്ധങ്ങളോ ആയ ദ്വന്ദങ്ങളാണെന്നും വിശ്വസിക്കുന്ന സത്താവാദവും, സത്ത എന്നതുതന്നെ സംസ്കൃതി നിർമിതവും അധീശനിർണിതവും വ്യവഹാരബദ്ധവുമാണെന്ന് വിശ്വസിക്കുന്ന നിർമിതവാദവും തമ്മിൽ നടക്കുന്ന സംഘർഷമാണ് യഥാർഥത്തിൽ ഈ വിവാദങ്ങളുടെ പ്രഭവകേന്ദ്രം.
ഈ രണ്ട് വാദമുഖങ്ങളും അവയുടെ വക്താക്കളുടെ ന്യായീകരണ യുക്തികളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യാനുള്ള ശ്രമമാണ് പ്രഥമാധ്യായത്തിലെ തുടർന്നുള്ള ഭാഗങ്ങൾ.
ആൺ/പെൺ വിഭജനങ്ങൾ ജീവശാസ്ത്രപരമെന്നതിനേക്കാൾ സാംസ്കാരിക പരികൽപനകളാലാണ് നിർമിരമാകുന്നതെന്ന ആധുനിക ഫെമിനിസ്റ്റ് ചിന്തകയായ ജൂഡിത് ബട്ട്ലർ, ആരും സ്ത്രീയായല്ല ജനിക്കുന്നത്, ചിലർ സ്ത്രീകളായി മാറുകയാണെന്ന് വാദിച്ച സിമോൺ ദബുവയിൽനിന്നും മുന്നോട്ടുപോയി, ‘ഒരാൾ അടിമയാകുന്നത് മറ്റൊരാൾ യജമാന’നാകുമ്പോഴാണെങ്കിൽ ഒരാൾ സ്ത്രീയാകുന്നതും മറ്റൊരാൾ പുരുഷനാകുമ്പോൾ മാത്രമാണെന്ന് വാദിച്ച് പുരുഷ ഉന്മൂലനവാദിയായി മാറിയ മൂന്നാംതരംഗ ഫെമിനിസ്റ്റ് തീവ്രവാദ വക്താവായ മോണിക്ക വീറ്റിഗ് വരെയുള്ള ഫെമിനസത്തിന്റെ നിരവധി ഉപധാരകൾ പരിചയപ്പെടാൻ ഈ ഭാഗത്ത് സാധിക്കുന്നു.
അതേസമയംതന്നെ ഇതിനെതിരെ കേംബ്രിഡ്ജ് മനഃശാസ്ത്രജ്ഞനായ സൈമൺ കോഹൻ, ഹാർവാഡ് യൂനിഴ്സിറ്റി മുൻ മേധാവിയും ലോക ബാങ്ക് ചീഫുമായിരുന്ന ലോറൻസ് സമ്മേർസ്, പരിണാമ മനഃശാസ്ത്ര വാദത്തിന് സംഭാവനകൾ അർപിച്ച എഡ്വേർഡ് ഒ. വിൽസൺ, സ്റ്റീവൻ പിങ്കർ, ഡൗഗ്ലാസ് കെന്റിക്ക, എറിക് എംഗേർഡൻ എന്നിവരുടെ ശക്തമായ എതിർവാദത്തിന്റെ തെളിവുകളും വായിക്കാനാകുന്നു.
സ്ത്രീ-പുരുഷ ഭേദം ജൈവികമാണെന്ന് മാത്രമല്ല, അവ നിർണയിക്കുന്നത് തലച്ചോറിന്റെ ഘടനയിലും വിന്യാസത്തിലുമുള്ള വ്യത്യാസങ്ങൾ കൂടിയാണെന്നാണ് കോഹന്റെ വാദം.
സ്ത്രീമസ്തിഷ്കത്തിന്റെ നാഡീക്രമീകരണം പ്രധാനമായും അനുതാപവും അനുകമ്പയും ഉൽപാദിപ്പിക്കാനാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നതെങ്കിൽ പുരുഷ മസ്തിഷ്കം കാര്യകാരണബന്ധങ്ങൾ ഗ്രഹിച്ചെടുക്കാനും ഘടനാസംവിധാനം മെനഞ്ഞെടുക്കാനും ഉതകുന്ന വിധത്തിലാണ് സജ്ജീകരിക്കപ്പെട്ടിരിക്കുന്നതെന്ന് തെളിവുകൾ നിരത്തി വാദിക്കുന്ന കോഹൻ ഫെമിനസത്തിന്റെ മൂർധാവിലാണ് അടികൊടുക്കുന്നത്.
ഇങ്ങനെ ഈ പുസ്തകത്തിലെ ഓരോ അധ്യായവും വിലയിരുത്തുകയാണെങ്കിൽ അനുവദിക്കുന്ന സ്ഥലം അതിന് മതിയാവുകയില്ല. ഇതൊരു സ്ത്രീവാദ കേന്ദ്രീകൃത പുസ്തകമല്ല. സാഹിത്യം, സംസ്കാരം, ഭീകരവാദം തുടങ്ങി പൊതുമണ്ഡലത്തിൽ സദാ നിറഞ്ഞുനിൽക്കുന്ന വൈവിധ്യമാർന്ന വിഷയങ്ങളുടെ മറുവശങ്ങളിലേക്ക് വായനക്കാരുടെ ചിന്തകളെ ത്വരിപ്പിക്കാനുള്ള ശ്രമമാണ് ഇതിലൂടെ ഗ്രന്ഥകാരൻ നടത്തുന്നത്.
റഫറൻസുകളുടെ ആധിക്യം വായനയുടെ ഒഴുക്കിന് ചിലപ്പോൾ തടസ്സമായി അനുഭവപ്പെടുമെങ്കിലും മുഖ്യധാരയിൽ സുദുർലഭമായ പല വിവര സ്രോതസ്സുകളിലേക്കും വെളിച്ചം പകരാൻ അത് സഹായകമാകും. ജെൻഡർ അടക്കം പുതിയ പഠന മേഖലകളിൽ ഗവേഷണ കുതുകികളായ വിദ്യാർഥികൾക്ക് പ്രത്യേകിച്ചും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.