Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightമാച്ചേർ കാലിയ; നൂലിൽ...

മാച്ചേർ കാലിയ; നൂലിൽ കോർത്തെടുത്ത കഥകൾ

text_fields
bookmark_border
മാച്ചേർ കാലിയ; നൂലിൽ കോർത്തെടുത്ത കഥകൾ
cancel

ടി. അരുൺകുമാറിന്റെ ‘മാച്ചേർ കാലിയ’ എന്ന കഥാസമാഹാരത്തിലെ കഥകൾ പൊതുവെ നിഗൂഢഭാവം പുലർത്തുന്നവയാണ്. വായനക്കാരിൽ ഓരോ നിമിഷവും ഉദ്വേഗത്തിന്റെയും സന്ദേഹത്തിന്റെയും തിരകൾ നിരന്തരം ഉയർത്താൻ ഈ കഥകൾക്ക് സാധിക്കുന്നുണ്ട്. ഭാഷകൊണ്ട് നിർമിക്കുന്ന ഒരു ഗൂഢഭാവം ഈ കഥകളെ അപ്പാടെ പൊതിഞ്ഞുനിൽക്കുന്നു. മാറുന്ന മലയാള ചെറുകഥാപരിസരത്ത് ഭാഷാപരമായി ഒരു സൗന്ദര്യാത്മകത സൃഷ്ടിക്കുന്നതിനൊപ്പം സൂക്ഷ്മാഖ്യാനത്തിന്റെ സാധ്യതകളെക്കൂടി പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള രചനാരീതിയാണ് അരുൺകുമാറിന്റെ കഥകളെ സവിശേഷമാക്കുന്നത്.

വർത്തമാനകാലത്തിന്റെ സൂക്ഷ്മരാഷ്ട്രീയത്തോടൊപ്പം സ്ത്രീ-പുരുഷ ബന്ധങ്ങളിലെ സങ്കീർണതകളും അരുൺകുമാറിന്റെ കഥകൾക്ക് വിഷയീഭവിക്കുന്നുണ്ട്. ഇതിൽനിന്നും വ്യത്യസ്ത പ്രമേയങ്ങളെ കൈകാര്യം ചെയ്യുന്ന കഥകളും ഈ സമാഹാരത്തിലുണ്ട്. മാച്ചേർ കാലിയ, കുമരകം ഗൂഢാലോചനയുടെ ഗുപ്തചരിത്രം, ലാ- ടൊമാറ്റിനാ തുടങ്ങിയ കഥകൾ വർത്തമാനകാല ജീവിതപരിസരങ്ങളുടെ സൂക്ഷ്മരാഷ്ട്രീയാഖ്യാനങ്ങളാണ്.

ബോധപൂർവം മറവിയിലേക്ക് തള്ളപ്പെടുന്ന ചരിത്രസന്ദർഭങ്ങളെയും ദുരന്തങ്ങളെയും സൂക്ഷ്മമായി ആഖ്യാനത്തിലേയ്ക്ക് കൊണ്ടുവരുന്ന കഥയാണ് മാച്ചേർ കാലിയ. വിഭജനം സൃഷ്‌ടിച്ച മായാത്ത മുറിവുകളെയും, യുദ്ധങ്ങളും രാഷ്ട്രതാല്പര്യങ്ങളും നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അഭയാർഥിത്വവും പലായനശ്രമങ്ങളും കഥ സംബോധന ചെയ്യുന്നുണ്ട്.

‘അഭയാർഥികളോടു ലോകം കടപ്പെട്ടിരിക്കുന്നു. എന്തെന്നാൽ അവർ ചുമന്നു നടക്കുന്നത് വലിയ വലിയ സംസ്കാരങ്ങളെക്കൂടിയാണ്’ എന്ന് ഒരു സന്ദർഭത്തിൽ അഭിപ്രായപ്പെടുന്ന യമുന എന്ന കഥാപാത്രം തന്നെ പിന്നീട് തന്റെ പ്രഫഷനൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ (ഗർവിൽ?) നിന്നുകൊണ്ട് തന്റെ പൗരത്വത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നുണ്ട്. അഭയാർഥിത്വത്തിന്റെയും വിഭജന-പലായന ചരിത്രങ്ങളെയും സങ്കുചിതമായ പ്രഫഷനൽ കാഴ്ചയിൽ വിലയിരുത്തുന്ന യമുനയുടെ പൊതുബോധത്തെ തപൻ കഥയിൽ തച്ചുടയ്ക്കുന്നുണ്ട്.

“ബംഗാൾ കിഴക്കൻ പാകിസ്താനാകുമ്പോഴും അത് പിന്നീട് ബംഗ്ലാദേശ് ആകുമ്പോഴും ആ ചരിത്രമുഹൂർത്തങ്ങളെയത്രയും തള്ളിക്കളഞ്ഞുകൊണ്ട് ഒരുപാട് മാച്ചേർ കാലിയകൾ എത്രയോ വീടുകളിൽ തിളച്ചുകൊണ്ടിരിക്കുകയായിരുന്നിരിക്കണം” എന്ന് തപൻ പറയുന്നിടത്ത് കഥ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം അനാവൃതമാകുന്നു. മനുഷ്യൻ സൃഷ്ടിക്കുന്ന അതിർത്തികൾക്കും നിയന്ത്രണങ്ങൾക്കും അപ്പുറത്തേക്ക് ചരിക്കുന്ന മാനവികതയുടെ സാംസ്കാരികചിത്രമാണ് ഇവിടെ കണ്ടെടുക്കപ്പെടുന്നത്. മാച്ചേർ കാലിയ എന്ന ഭക്ഷണം ഒരു രാഷ്ട്രീയരൂപകമായി കഥയിൽ രൂപാന്തരപ്പെടുന്നു.

കുമരകം ഗൂഢാലോചനയുടെ ഗുപ്തചരിത്രം എന്ന കഥ ഒരേസമയം വർത്തമാനകാല ആഗോള രാഷ്ട്രീയസംഘർഷങ്ങളെ കഥാപരിസരത്തേക്ക് കൊണ്ടുവരുന്നതോടൊപ്പം പരമ്പരാഗതമായി കേരളീയർ പിന്തുടരുന്ന ചില രാഷ്ട്രീയബോധങ്ങളുടെ ഉപരിപ്ലവതയെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. റഷ്യ-യു​ക്രെയ്ൻ യുദ്ധസംഘർഷങ്ങളെ ചർച്ചാകേന്ദ്രത്തിലേക്ക് കൊണ്ടുവന്നുകൊണ്ട് മലയാളിയുടെ സോവിയറ്റ് പ്രേമത്തിൽനിന്ന് റഷ്യൻപ്രേമത്തിലേക്ക് വളർന്ന രാഷ്ട്രീയനിലപാടുകളുടെ പൊള്ളത്തരങ്ങളെ കഥ കൃത്യമായി പരിഹസിക്കുന്നുണ്ട്. വിപ്ലവങ്ങളെ പകൽ നടക്കുന്ന ആഭിചാരമെന്ന് വിശേഷിപ്പിക്കുന്ന റഷ്യക്കാരൻ പ്രസ്തുത രാഷ്ട്രീയബോധത്തിനുമേൽ ഒരു പ്രഹരമേല്പിക്കുന്നുണ്ട്.

‘ലാ ടൊമാറ്റിനോ’ എന്ന കഥ സത്യാനന്തരകാലത്തിന്റെ ഭീതിദ യാഥാർഥ്യങ്ങളിലേക്ക് ഒരു നോട്ടക്കോൺ തുറക്കുന്നുണ്ട്. സോക്രട്ടീസിന്റെ ശബ്ദം അഥവാ സത്യത്തിന്റെ ശബ്ദം എന്ന ഇംഗ്ലീഷ് വ്ലോഗ് വഴി കഥാനായകൻ പങ്കുവെക്കുന്ന വിവരങ്ങൾ അധികാരിവർഗത്തെ അലോസരപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ അവ വിധ്വംസക പ്രവർത്തനങ്ങളിൽപ്പെടുന്നു.കഥകളിലുടനീളം കൈക്കൊള്ളുന്ന കൈയടക്കവും സൂക്ഷ്മതയുമാണ് അവയെ സവിശേഷമാക്കുന്നത്. മുമ്പ് സൂചിപ്പിച്ച നിഗൂഢതയുടെ അംശം അവക്ക് വേറിട്ട ഒരു സ്വരൂപം കൊടുക്കുന്നുണ്ട്.

സാപിയൻ/ ഏലിയൻ, സോനാർകെല്ല, ആര്യാവർത്തത്തിൽ രണ്ട് മറവിക്കാർ എന്നീ കഥകൾ സ്ത്രീ-പുരുഷ ബന്ധങ്ങളിലെ സങ്കീർണതകൾ സവിശേഷമായി അവതരിപ്പിക്കുന്നുണ്ട്. ഒപ്പം മനുഷ്യമനസ്സിന്റെ നിഗൂഢതകൾ ബോധത്തിനും അബോധത്തിനും ഇടക്കുള്ള സങ്കീർണമായ അവസ്ഥകളിലൂടെ കഥകൾ അനാവരണം ചെയ്യുന്നു. സാപിയൻ/ ഏലിയനിൽ ഉടനീളം ഒരു നിഗൂഢത കഥാകാരൻ കൈക്കൊള്ളുന്നുണ്ട്.

മനുഷ്യമനസ്സ് പുലർത്തുന്ന ദ്വന്ദ്വഭാവങ്ങളായി സാപിയനും ഏലിയനും കഥയിൽ വന്നുപോകുന്നു. കഥാന്ത്യത്തിൽ കഥാനായികയുടെ ബോധാബോധങ്ങൾ വായനക്കാരനെയും സന്ദേഹത്തിലാഴ്ത്തുന്നുണ്ട്. സോനാർകെല്ലയിലും ഇത്തരത്തിലൊരു മനശ്ശാസ്ത്രതലമുണ്ട്. കുറ്റാന്വേഷണകഥകളുടെ ചരിത്രം തിരയുന്ന മായയുടെയും മകൻ അപ്പുവിന്റെയും തിരോധാനം കഥയിലുടനീളം നിഗൂഢതയുടെ ഒരു ആവരണം സൃഷ്ടിക്കുന്നുണ്ട്.

‘ആര്യാവർത്തത്തിൽ രണ്ടു മറവിക്കാർ’ എന്ന കഥ ഓർമകൾക്കും മറവികൾക്കും ഇടയിലൂടെയുള്ള ഒരു പ്രയാണമാണ്. റിട്രോഗ്രേഡ് അംനേഷ്യ ബാധിച്ച ആര്യയും അവളുടെ ഭർത്താവ് നരേന്ദ്രനും ഓർമകളെ തിരിച്ചുപിടിക്കാനുള്ള യാത്രയിൽ തങ്ങളുടെ മറവികളുടെ ആഴം കണ്ടു നടുങ്ങുന്നുണ്ട്. ‘മറവി ഒരു സ്ത്രീരോഗമല്ല അതൊരു പകർച്ചവ്യാധിയാണ്’ എന്ന് പ്രസ്താവിക്കുന്ന ആര്യ കേവലം മറവിയെ മാത്രമല്ല ദാമ്പത്യത്തിന്റെ സംഘർഷങ്ങളെക്കൂടിയാണ് അയാൾക്കുമുന്നിൽ ആത്മപരിശോധനക്കായി ഇട്ടുകൊടുക്കുന്നത്.

‘ഗബ്രിയേൽ ഗാർഷ്യ മാർക്വേസ്’ എന്ന കഥ പ്രശസ്തമായ കോളറക്കാലത്തെ പ്രണയം എന്ന പുസ്തകത്തോടൊപ്പമുള്ള ഒരു കഥാസഞ്ചാരമാണ്. ഗബ്രിയേലിന്റെ വ്യക്തിഗതമായ പ്രണയാനുഭവങ്ങളിലൂടെയും ആത്മസംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന അയാൾ മാർക്വേസിനോട് താദാത്മ്യം പ്രാപിക്കുന്നിടത്ത് അവസാനിക്കുന്നു. പുസ്തകവും വായനക്കാരനും എഴുത്തുകാരനുമടങ്ങുന്ന ലോകം. അവിടെ പുസ്തകങ്ങളുടെ ജീവിതവും അദൃശ്യനായ എഴുത്തുകാരന്റെ ജീവിതവും ആസ്വാദകന്റെ വൈയക്തികാനുഭവങ്ങളും ഇഴചേരുന്നതിന്റെ മനോഹരമായ ആഖ്യാനമാണ് ഈ കഥ.

മാച്ചേർ കാലിയ എന്ന ഈ കഥാസമാഹാരത്തിലെ കഥകൾ പ്രമേയപരമായി പരസ്പരം വ്യത്യസ്തത പുലർത്തുന്നവയെങ്കിലും ആത്യന്തികമായി അവയെ ബന്ധിക്കുന്ന ഒരു നൂലുണ്ട്. ഭാവപരമായും ഭാഷാപരമായും കഥകളിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നിഗൂഢഭാവമാണ് അത്. കഥയിലൂടെ സഞ്ചരിക്കുന്ന വായനക്കാരനെ ഓരോ നിമിഷവും ഉദ്വേഗത്തിലാഴ്ത്തിയും സന്ദേഹിയാക്കിയും കഥപറയുന്ന രീതിയാണ് കഥാകാരൻ സ്വീകരിക്കുന്നത്.

ഒരു ഉത്തരം കണ്ടെത്തുന്നതിലുപരി കഥയിലൂടെ ജീവിച്ചു കഥാപാത്രങ്ങളുടെ വൈചിത്ര്യങ്ങളോട് സംവദിച്ചും സമരസപ്പെട്ടും കഥാകഥനത്തിന്റെ വ്യത്യസ്ത തലങ്ങളെ ആസ്വദിച്ചും വായനയെ മുന്നോട്ടു കൊണ്ടുപോകാൻ ഈ കഥകൾക്ക് കഴിയുന്നുണ്ട്. ആഖ്യാനത്തിലെ സൂക്ഷ്മതയും ഭാഷയുടെ നവ്യതയും ഈ കഥകളെ സവിശേഷമായ വായനാനുഭവമാക്കി മാറ്റുന്നു.

മാച്ചേർ കാലിയ

കഥ

ടി. അരുൺകുമാർ

സാഹിത്യ പ്രവർത്തക കോഓപറേറ്റിവ് സൊസൈറ്റി പബ്ലികേഷൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T arunkumarMaacher Kaliya
News Summary - Maacher Kaliya; Stories woven into yarn
Next Story