മാധ്യമം ബുക്സ്: രണ്ട് പുസ്തകങ്ങൾ പ്രകാശിതമായി
text_fieldsമാധ്യമം ബുക്സ് പ്രസിദ്ധീകരിച്ച പ്രേംചന്ദിന്റെ കാലാന്തരം എന്ന പുസ്തകത്തിന്റെ പ്രകാശനം എം.കെ. മുനീർ എം.എൽ.എ സാവിത്രി രാജീവന് നൽകിയും ജി.എൻ. സായിബാബയുടെ എന്റെ വഴികളെ നിങ്ങൾ എന്തിനാണ് ഇത്ര ഭയക്കുന്നത് എന്ന പുസ്തകം എം.ജി. രാധാകൃഷ്ണൻ പി.കെ. പാറക്കടവിന് നൽകിയും നിയമസഭ പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്യുന്നു. മാധ്യമം റീജനൽ മാനേജർ ബി. ജയപ്രകാശ്, എഴുത്തുകാരൻ പ്രേംചന്ദ്, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, തിരുവനന്തപുരം ബ്യൂറോ ചീഫ് എ.കെ. ഹാരിസ്, സർക്കുലേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ വി.സി. മുഹമ്മദ് സലീം, സർക്കുലേഷൻ മാനേജർ ടി.ടി. അബ്ദുൽ നാസർ എന്നിവർ സമീപം
തിരുവനന്തപുരം: മാധ്യമം ബുക്സ് പ്രസിദ്ധീകരിച്ച പ്രേംചന്ദിന്റെ ‘കാലാന്തരം’, ജി.എൻ. സായിബാബയുടെ ‘എന്റെ വഴികളെ നിങ്ങൾ എന്തിനാണ് ഇത്ര ഭയക്കുന്നത്?’ പുസ്തകങ്ങളുടെ പ്രകാശനം നിയമസഭ പുസ്തകോത്സവ വേദിയിൽ നടന്നു. മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനുമായ പ്രേംചന്ദിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരമായ ‘കാലാന്തരം’ എം.കെ. മുനീർ എം.എൽ.എ, സാവിത്രി രാജീവന് നൽകിയാണ് പ്രകാശനം ചെയ്തത്.
ഭരണകൂടത്തിന്റെ നിഷ്ഠൂരതകൾക്ക് രക്തസാക്ഷിയായ സാമൂഹികപ്രവർത്തകനും കവിയും സാംസ്കാരിക പ്രവർത്തകനുമായ പ്രഫ.ജി.എൻ. സായിബാബയുടെ തടവറയിൽ നിന്നുള്ള കവിതകളുടെയും കത്തുകളുടെയും സമാഹാരമായ ‘എന്റെ വഴികളെ നിങ്ങൾ എന്തിനാണ് ഇത്ര ഭയക്കുന്നത്? ’ പുസ്തകം എം.ജി. രാധാകൃഷ്ണൻ, പി.കെ. പാറക്കടവിന് നൽകിയും.
വർത്തമാനകാല ഇന്ത്യയിലെ ഭരണകൂട ഭീകരതയുടെ രക്തസാക്ഷി പരമ്പരയിലെ പുതിയ കണ്ണിയാണ് ജി.എൻ. സായിബാബയെന്ന് എം.ജി. രാധാകൃഷ്ണൻ പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ഒരു മനുഷ്യനെ നിരന്തരം വേട്ടയാടി മരണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന പ്രതീകമാണ് സായിബാബയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോടിന്റെ കലാ രാഷ്ട്രീയ സാംസ്കാരിക ജീവിതം പറയുന്ന പുസ്തകമാണ് കാലാന്തരമെന്ന് എം.കെ. മുനീർ പറഞ്ഞു. മുഖ്യധാര, സമാന്തരധാര എന്നിങ്ങനെ രണ്ട് ധാരകളുണ്ട്. ഇതിൽ സമാന്തര ധാരയെ കുറിച്ചാണ് ഈ പുസ്തകം അധികം സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാന്തരം ഓർമക്കുറിപ്പല്ല, മറിച്ച് സർഗാത്മക കൃതിയാണെന്ന് സാവിത്രി രാജീവൻ അഭിപ്രായപ്പെട്ടു. വായന എന്നത് രാഷ്ട്രീയ പ്രവർത്തനമാണെന്നും ചരിത്രം വക്രീകരിക്കുകയും തമസ്കരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് മറവിക്കെതിരെ ഓർമയുടെ സമരപോരാട്ടമാണ് മാധ്യമം ബുക്സ് പുറത്തിറക്കുന്ന പുസ്തകങ്ങളെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് പറഞ്ഞു. മലയാളിയുടെ വായനയെ കൂടുതൽ അർഥപൂർണവും ഗൗരവതരവുമാക്കുക എന്നതാണ് മാധ്യമം ബുക്സ് ലക്ഷ്യമിടുന്നത്.
മലയാളിയുടെ ആശയ പരിസരത്തെ ശക്തിപ്പെടുത്തുന്ന ഇടപെടലുകളാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേംചന്ദ്, മാധ്യമം സർക്കുലേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ വി.സി. മുഹമ്മദ് സലിം, തിരുവനന്തപുരം റീജനൽ മാനേജർ ബി. ജയപ്രകാശ്, ബ്യൂറോ ചീഫ് എ.കെ. ഹാരിസ്, സർക്കുലേഷൻ മാനേജർ ടി.ടി. അബ്ദുൽ നാസർ എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.