പുതിയ പുസ്തകങ്ങളുമായി ഇത്തവണയും ‘മാധ്യമം ബുക്സ്’
text_fieldsഷാർജ: വായനലോകം ഒഴുകിയെത്തുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയിൽ ‘മാധ്യമം ബുക്സ്’ ഇത്തവണയും സജീവ സാന്നിധ്യമാകും. ‘ഗൾഫ് മാധ്യമം’ പവിലിയന്റെ ഭാഗമായാണ് ‘മാധ്യമം ബുക്സ്’ പ്രവർത്തിക്കുക. മലയാളത്തിന്റെ പ്രിയ കവി കെ. സച്ചിദാനന്ദന്റെ ‘കവിതക്കൊരു വീട്’, സുൽഹഫ് എഡിറ്റ് ചെയ്ത ഏക സിവിൽകോഡിനെ കുറിച്ച ‘ഏകത്വമോ, ഏകാധിപത്യമോ’ എന്നീ രണ്ട് പുസ്തകങ്ങളാണ് മേളയിൽ പ്രകാശനം ചെയ്യപ്പെടുന്നത്.
വിഖ്യാത ഫലസ്തീൻ കവി മഹ്മൂദ് ദർവീശിന്റെ ‘ഗലീലിയിൽ കുരുവികൾ മരിച്ചുവീഴുന്നു’ എന്ന പുസ്തകത്തിന്റെ പ്രഖ്യാപനവും മേളയുടെ വേദിയിൽ നടക്കും. പുസ്തകോത്സവത്തിന്റെ രണ്ടാം ദിവസം ഉച്ചക്ക് ഒരു മണിക്ക് റൈറ്റേഴ്സ് ഫോറത്തിൽ നടക്കുന്ന പ്രകാശനച്ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും. രണ്ടുവർഷം മുമ്പ് പുസ്തകോത്സവ നഗരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ‘മാധ്യമം ബുക്സി’ൽനിന്ന് ഇതിനകം പതിനഞ്ചോളം പുസ്തകങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഗാന്ധി, നെഹ്റു: ആക്ഷേപങ്ങൾക്ക് മറുപടി, സവർണ സംവരണം കേരള മോഡൽ, ഗാന്ധി എന്തുകൊണ്ട്: വായന, മാധ്യമം കഥകൾ, മാധ്യമം കവിതകൾ, ജുഡീഷ്യൽ കർസേവ, സ്മാർട്ട് പാരൻറിങ്, പാട്ടോരച്ചില്ലകൾ, പൗരത്വ സമരപുസ്തകം, ടെലിസ്കോപ് തുടങ്ങിയ പുസ്തകങ്ങളാണ് നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗൾഫ് മാധ്യമം പത്രം, കുടുംബം മാസിക, ‘മാധ്യമം’ കുടുംബത്തിൽനിന്നുള്ള ഏറ്റവും പുതിയ അക്ഷരോപഹാരമായ ‘മാധ്യമം വാരിക’ വെബ്സീൻ എന്നിവയിൽ വരിചേരാനുള്ള സൗകര്യവും പുസ്തകമേളയിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.