പ്രതിസന്ധികളുടെ ആഖ്യാനം പ്രതിരോധങ്ങളായി മാറിയ കാലം
text_fields1950കളുടെ അവസാനം. ബംഗാൾ, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിൽ ഭക്ഷ്യപ്രശ്നങ്ങൾ രൂക്ഷമായി. 1960കളോടെ വിലക്കയറ്റവും പട്ടിണിയും ഗുരുതരമായി. ക്രമേണ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. ഇത്തരം പ്രതിഷേധങ്ങൾ 1967ൽ നക്സൽബാരിയിൽ ഒരു സംഘടിത കലാപമായി മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്ന കലാപം അടിച്ചമർത്താനായി അധികൃതർ സാധ്യമായ നടപടികളെല്ലാം എടുത്തുതുടങ്ങി....
Your Subscription Supports Independent Journalism
View Plans1950കളുടെ അവസാനം. ബംഗാൾ, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിൽ ഭക്ഷ്യപ്രശ്നങ്ങൾ രൂക്ഷമായി. 1960കളോടെ വിലക്കയറ്റവും പട്ടിണിയും ഗുരുതരമായി. ക്രമേണ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. ഇത്തരം പ്രതിഷേധങ്ങൾ 1967ൽ നക്സൽബാരിയിൽ ഒരു സംഘടിത കലാപമായി മാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്ന കലാപം അടിച്ചമർത്താനായി അധികൃതർ സാധ്യമായ നടപടികളെല്ലാം എടുത്തുതുടങ്ങി. ഈ സാഹചര്യത്തിൽ, നക്സൽബാരിയും നക്സൽ പ്രസ്ഥാനവും ആധാരമാക്കിയുള്ള നോവലുകൾ പരാമർശിക്കേണ്ടതുണ്ട്. അനീതിക്കും അധികാരത്തിനുമെതിരെയുള്ള മഹാശ്വേതാദേവിയുടെ കൃതികൾ പ്രത്യേകമായി പറയേണ്ട കാര്യമില്ല. മഹാശ്വേതാദേവിയുടെ എഴുത്തിൽ യാഥാർഥ്യബോധമായിരുന്നു നിറഞ്ഞിരുന്നത്. ആദിവാസികൾക്കും പാർശ്വവത്കൃതസമൂഹത്തിനും വേണ്ടിയാണ് അവർ എഴുതിയത്. ആദിവാസികളും പൊതുസമൂഹവും സമാന്തരമായി നീങ്ങിയ പാതകളാണെന്നു അവർ വിശ്വസിച്ചു. അവർക്ക് പരസ്പരം യോജിക്കാനുള്ള നിലപാടുകൾ ഉരുത്തിരിഞ്ഞിരുന്നില്ല. വനങ്ങൾ ആദിവാസികൾക്ക് ഭക്ഷണവും പാർപ്പിടവും നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ കാടുകൾ ഇല്ലാതായതോടെ അവർ കടുത്ത ദുരിതത്തിലാണ് എന്നുറക്കെ വിളിച്ചുപറഞ്ഞ മഹാശ്വേതാദേവി അധികാരത്തിന്റെ നൃശംസതകളെ നേരിട്ടും എഴുത്തിലൂടെയും പ്രതിരോധിച്ചു. ജാതിയുടെ വിവേചനം മലീമസമാക്കുന്ന സാമൂഹികവ്യവസ്ഥകളെയും ഭൂരഹിതരുടെ സംഘർഷങ്ങളെയും കുറിച്ച് അവർക്ക് കൃത്യമായ ധാരണകളുണ്ടായിരുന്നു. ജാതിയിൽ താഴെയായ ബുനിയവിഭാഗത്തിൽപെട്ട ദുലാലിയും ബ്രാഹ്മണനായ ദിനുവും തമ്മിലുള്ള അടുപ്പം ഹിംസക്ക് വഴിയൊരുക്കുന്ന കാഴ്ചയാണ് 'Statue' എന്ന കഥ. പ്രണയവും പ്രത്യയശാസ്ത്രവും ഹിംസക്ക് വഴിയൊരുക്കുന്ന രംഗങ്ങൾ മഹാശ്വേതാദേവി സംബോധന ചെയ്യുന്നുണ്ട് . രാഷ്ട്രീയത്തോട് ആഭിമുഖ്യമില്ലാതിരുന്ന ഒരമ്മ വിപ്ലവകാരിയായ മകന്റെ മരണത്തെ തുടർന്ന് ഹിംസാത്മകമായ സമൂഹത്തെ ആഴത്തിൽ അപഗ്രഥിക്കുന്നതിന്റെ അധ്യായമാണ് 'Mother of 1084'. കേന്ദ്ര കഥാപാത്രമായ സുജാത ചാറ്റർജിയുടെ ഇരുപതു വയസ്സായ മകനെ നക്സൽബന്ധത്തിന്റെ പേരിൽ പൊലീസുകാർ കൊലപ്പെടുത്തുന്നു. അതിനു ശേഷമുള്ള വ്യവഹാരങ്ങൾക്കായി 1084 എന്ന തിരിച്ചറിയൽ സംഖ്യ അയാൾക്ക് അവരോധിക്കുകയാണ്. 'ബഷായ് ടുഡു' എന്ന നോവലും ഇതേ പരിസരത്തിലാണ് പുരോഗമിക്കുന്നത്. സമൂഹത്തിലെ എല്ലാ പാളികളിലേക്കും വ്യാപിച്ചിരിക്കുന്ന നിയമവിരുദ്ധതയാണ് ഇവിടത്തെ അടിസ്ഥാനപ്രശ്നം. സംഘടിതമായ രാഷ്ട്രീയശക്തിയുടെ സ്വാർഥതാൽപര്യങ്ങൾക്കെതിരെയാണ് ഈ കൃതികൾ നിലകൊള്ളുന്നത് എന്ന് കാണാം. ജാതിയുടെ സമവാക്യങ്ങളിലൂടെ അധികാരഘടനയുടെ മുനമ്പുകളെ അനാവൃതമാക്കാനാണ് മഹാശ്വേതാദേവി ശ്രമിക്കുന്നത്. സമരേഷ് ബസുവിന്റെ നോവലായ 'Fever: Mahakaler Rather Ghoda'യിൽ പൂർവകാല നക്സലൈറ്റ് ആയിരുന്ന റുഹിതൻ കുർമിയാണ് നായകൻ. ജയിലിൽ വസിക്കുന്ന അയാളുടെ ഓർമകളിലൂടെയാണ് ആഖ്യാനം മുന്നോട്ടുപോകുന്നത്. മറക്കാൻ സാധിക്കാത്തവിധം ഭൂതകാലത്തെ ഓർമകൾ അയാളെ തകർക്കുകയാണ്. താൻ ഹൃദയത്തിലേറ്റിയ ആദർശങ്ങളെയും വിപ്ലവത്തെയും സുഹൃത്തുക്കളെയും കൊന്നൊടുക്കിയവരെയുമൊക്കെ അയാൾ ഓർക്കുന്നു. ഓർമകളിൽനിന്ന് ഒളിച്ചോടാൻ അയാൾക്കാവുന്നില്ല. സുനിൽ ഗംഗോപാധ്യായയുടെ 'പൂർബ-പശ്ചിം' എന്ന ബൃഹദാഖ്യായികയുടെ ഒരു പ്രതിപാദ്യവിഷയം നക്സലുകളുമായി ബന്ധപ്പെട്ടതാണ്. നക്സൽബാരിയിലെ പ്രക്ഷോഭവും പോരാട്ടവീര്യത്തോടെ പ്രവർത്തിക്കുന്ന ചെറുപ്പക്കാരെ സംബന്ധിച്ചുമൊക്കെ നോവലിൽ വിശദമാക്കുന്നുണ്ട്. ബംഗാളിയിൽ അനിത അഗ്നിഹോത്രി, നബാരുൺ ഭട്ടാചാര്യ തുടങ്ങിയ എഴുത്തുകാരും ഇംഗ്ലീഷിൽ ജുമ്പ ലാഹിരി, നീൽ മുഖർജി തുടങ്ങിയവരും ഇതേ പ്രമേയത്തെ ആസ്പദമാക്കി നോവലുകൾ രചിച്ചിട്ടുണ്ട്. മലയാളമടക്കമുള്ള ഭാഷകളിൽ ഇതേ സംഘർഷത്തെ സംബോധന ചെയ്തുകൊണ്ട് കൃതികളുണ്ടായിട്ടുണ്ട് എന്നത് പ്രസ്തുത സംഭവത്തിന്റെ പ്രാധാന്യം വിളിച്ചു പറയുന്നു. അധികാരത്തിനെതിരെയുള്ള ചെറുത്തുനിൽപുകളുടെ ഗാഥയായി ഇവയെയെല്ലാം ഗണിക്കാം. അധികാരത്തിന്റെ ദുഷിച്ച നയങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടുള്ള ഒ.വി. വിജയന്റെ 'ധർമപുരാണ'വും ഈ ഘട്ടത്തിൽ സൂചിപ്പിക്കേണ്ടതുണ്ട്.
നിലപാടുകൾ ആവിഷ്കരിക്കാനുള്ള ഉപാധിയായി സാഹിത്യം പരിണമിച്ചതിന്റെ ഭാഗമായി എഴുത്തിലും വായനയിലുമുള്ള പരമ്പരാഗത രീതികൾ ദിശ മാറി സഞ്ചരിച്ചു. പ്രഹരശേഷിയുള്ള ചിഹ്നങ്ങളും ബിംബങ്ങളും ഗുപ്തമായ ധാരണകളും എഴുത്തിലൂടെ ആവിഷ്കരിക്കാൻ സാധിക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധി കൊളോണിയൽ പ്രദേശത്തെ പോസ്റ്റ് കൊളോണിയൽ ഇടമാക്കി മാറ്റി. പകയും ഹിംസയും വേദനയും വേർപാടും അനുഭവിപ്പിച്ചുകൊണ്ടായിരുന്നു പ്രസ്തുത പരിണാമം. ഗൗരവകരമായ വ്യവഹാരമെന്ന തരത്തിൽ ദേശീയത സാഹിത്യത്തിന്റെ പ്രമേയമായിത്തീരുകയും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള വാഞ്ഛയും അതിനായുള്ള ഉദ്യമങ്ങളും പൂർവകാല പ്രാബല്യത്തോടെ നോവലുകളിൽ പ്രത്യക്ഷപ്പെട്ടു. ഒരു ജനതയുടെ കൂട്ടായ ഓർമയിൽ (Collective Memory) യുദ്ധം തീർക്കുന്ന മുറിപ്പാടുകൾ പൂർണമായും മായ്ച്ചുകളയാൻ സാധിക്കില്ല. രണ്ടാം ലോകയുദ്ധം അസമിനെ എത്ര കണ്ടു ബാധിച്ചു എന്നതിന്റെ ദൃഷ്ടാന്തമായി ബീരേന്ദ്രകുമാർ ഭട്ടാചാര്യയുടെ അസമീസ് നോവലായ 'മൃത്യുഞ്ജയ'യെ കാണാം. രണ്ടാം ലോകയുദ്ധം അസമിൽ സൃഷ്ടിച്ച ആഘാതങ്ങൾ വലുതായിരുന്നു. ഗാന്ധിജിയുടെ ആശയങ്ങളെ പിന്തുടർന്നവരും പ്രതിരോധത്തിന് ഹിംസയുടെ മാതൃകകളാണ് പിൻപറ്റേണ്ടതെന്നു വിശ്വസിച്ചവരും അവിടെയുണ്ടായി. അഹിംസയും ഗറിലയുദ്ധവും തമ്മിൽ ആദർശതലത്തിൽ ഉരസ്സലുകൾ ഉണ്ടാകുകയും ചെയ്തു. 'മൃത്യുഞ്ജയ' എന്ന നോവൽ മാതൃഭൂമിക്കു വേണ്ടി രക്തസാക്ഷികളാകാൻ സ്വയം തയാറെടുത്ത യുവാക്കളുടെ വേദനിപ്പിക്കുന്ന ആഖ്യാനമാണ്. രണ്ടാം ലോകയുദ്ധത്തിന് കെടുതികൾ ഏറെ അനുഭവിക്കേണ്ടി വന്ന ഭൂമികയായ അസമിലേക്ക് പലായനം ചെയ്തവരുടെ ജീവിതത്തെയാണ് ദേബേന്ദ്രനാഥ് ആചാര്യയുടെ 'ജംഗം' എന്ന നോവലിൽ അവതരിപ്പിക്കുന്നത്. ബർമയിൽ ജീവിച്ചിരുന്ന അഞ്ചു ലക്ഷത്തോളം ഇന്ത്യക്കാരാണ് ജപ്പാൻ ബർമയെ ആക്രമിച്ചപ്പോൾ അസമിലേക്ക് പലായനം ചെയ്തത്. 'A Long Forgotten March' എന്ന് ചരിത്രത്തിൽ വിശേഷിപ്പിക്കപ്പെട്ട ആ യാത്രയുടെ സർഗാത്മക ആവിഷ്കരണമാണ് 'ജംഗം'. ജപ്പാൻ-ബ്രിട്ടൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഐ.എൻ.എയുടെ ഭാഗമായി പ്രവർത്തിച്ച തമിഴ് വംശജരുടെ ആഖ്യാനമാണ് പ. സിങ്കാരം എഴുതിയ 'പുയലിൽ ഒരു തോണി' എന്ന നോവൽ. മലേഷ്യയിലേക്ക് കുടിയേറിയ തമിഴരായ ചെട്ട്യാർമാരാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങൾ.
ആഗോളീകരണവും നവസാമ്പത്തിക നയങ്ങളും മധ്യവർഗത്തെ സ്വാധീനിക്കുന്നതിന്റെയും ബാധിക്കുന്നതിന്റെയും ആഖ്യാനങ്ങൾ ഈ നൂറ്റാണ്ടിന്റെ തുടക്കത്തോടെ സാഹിത്യത്തിൽ സജീവമായി. സമൂഹത്തിന്റെയും വ്യക്തിയുടെയും സ്വത്വബോധത്തിലും ധനവിനിയോഗശേഷിയിലും അതുവരെയില്ലാത്ത തരത്തിലുള്ള വ്യതിയാനങ്ങൾ പ്രത്യക്ഷമായി. അണുകുടുംബങ്ങളും സഹജീവിതവ്യവസ്ഥകളും പുതിയ തുറസ്സുകളുടെ ആവിർഭാവത്തിനിടയാക്കി. ഇതേ സമയത്ത് സാംസ്കാരികമായതലത്തിലുള്ള ആഗോളീകരണം കൂടി നടക്കുകയാണ്. ഇത്തരമൊരു അന്തരീക്ഷത്തെയാണ് കന്നടയിലെ സമകാല സാഹിത്യകാരനായ വിവേക് ശാന്ഭാഗിന്റെ നോവലായ 'ഘാചര് ഘോചര്' നേരിടുന്നത്. ബംഗളൂരു പോലൊരു മഹാനഗരത്തിൽ മധ്യവർഗ കുടുംബം അനുഭവിക്കുന്ന ദൈനംദിന പ്രതിസന്ധികളാണ് യഥാതഥമായ രീതിയിൽ നോവലിൽ വിവരിക്കുന്നത്. മാനുഷികബന്ധങ്ങളുടെ ഏറ്റക്കുറച്ചിലും വീക്ഷണത്തിലുണ്ടാവുന്ന അന്തരവും മറ്റും നോവലിൽ ചർച്ചചെയ്യുന്നു. ഇന്നത്തെ കാലത്ത്, പരിമിതമായ ചുറ്റുപാടിൽ ജീവിതം നയിക്കേണ്ടി വരുന്നവർ വലിയ നഗരത്തിന്റെ വർണക്കാഴ്ചകളിൽ ഉഴറുന്നതിന്റെ ചിത്രംകൂടി ഈ നോവൽ പങ്കുവെക്കുന്നുണ്ട്. മഹാനഗരത്തിലെ ആൾക്കൂട്ടത്തിൽ സ്വന്തം മുഖവും വ്യക്തിത്വവും നഷ്ടപ്പെട്ടുപോകുന്നതിന്റെ വ്യഥകൾ മറച്ചുവെക്കാൻ പ്രയാസപ്പെടുന്ന മനുഷ്യരെ ശാൻബാഗ് അവതരിപ്പിക്കുന്നു. സമ്പത്തും മൂല്യങ്ങളും തമ്മിലുള്ള അളക്കലിലൂടെ സംജാതമാകുന്ന ദ്വന്ദ്വാവസ്ഥയെ അതിജീവിക്കുക എന്ന യത്നമാണ് ഇവിടെയുണ്ടാകുന്നത്. നിശ്ശബ്ദമായ ചുവടുവെപ്പുകളോടെ നഗരപ്രാന്തങ്ങളിൽ നടക്കുന്ന ഇത്തരം കഥാപാത്രങ്ങളെ തന്നെയാണ് കന്നടയിലെ കഥാകൃത്തായ ജയന്ത് കായ്ക്കിനിയും അവതരിപ്പിച്ചിട്ടുള്ളത്. ചുറ്റുവട്ടങ്ങൾ മാറിയാലും, മനുഷ്യർ നേരിടുന്ന പ്രശ്നമണ്ഡലങ്ങളുടെ ദൂരവും വ്യാപ്തിയും ഒട്ടൊക്കെ സമാനമാണെന്ന് അദ്ദേഹം കഥകളിലൂടെ സ്ഥാപിക്കുന്നുണ്ട്. ചുരുക്കത്തിൽ, ബന്ധങ്ങളുടെ അടിയൊഴുക്കുകളെ ലളിതമായ സമവാക്യങ്ങൾകൊണ്ട് നിർധാരണം ചെയ്യുകയെന്നത് എളുപ്പമല്ലെന്നും സാഹിത്യകൃതികൾ തീർച്ചപ്പെടുത്തുകയാണ്.
സ്ത്രീയുടെ ഇടങ്ങൾ നിർവചിക്കുകയും നിലപാടുകൾ സ്വതന്ത്രമാവുകയും ചെയ്യേണ്ടതിന്റെ രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കൃതികൾ 'പെണ്ണെഴുത്തിന്റെ' നോട്ടങ്ങളെ ദൃഢമാക്കുകയാണ്. സ്ത്രീയുടെ കാമനകളും വ്യഥകളും തെളിച്ചത്തോടെ പ്രത്യക്ഷപ്പെടുന്ന ആഖ്യാനങ്ങൾ ലിംഗനീതിക്ക് മാറ്റുകൂട്ടുന്നു. ഉഷാ പ്രിയംവദയുടെ 'പച്പൻ ഖംബെ', 'ലാൽ ദീവാരേൻ' (Fifty Five Pillars, Red Walls) സ്ത്രീകൾക്ക് അനുഭവിക്കേണ്ടി വരുന്ന പാരതന്ത്ര്യത്തിന്റെ ആഖ്യാനമാണ്. 1961ലാണ് ഈ നോവൽ ഹിന്ദിയിൽ പ്രസിദ്ധീകരിച്ചത്. ശാരീരികവും മാനസികവും സാമൂഹികവുമായ തലത്തിൽ സ്ത്രീകളുടെ പ്രശ്നയിടത്തെ അടയാളപ്പെടുത്തുന്ന നോവലാണിത്. സാറാ ജോസഫിന്റെ 'പുതുരാമായണ'കഥകൾ രാമായണത്തെ ഒരു ഇതിഹാസമായി മാത്രം കാണാതെ അധികാരവും പുരുഷാധിപത്യവും ഏതെല്ലാം തരത്തിലുള്ള വ്യവഹാരങ്ങളാണ് നടത്തുന്നത് എന്ന് അന്വേഷിക്കുകയാണ്. രാഷ്ട്രീയ കാഴ്ചപ്പാടോടെ രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങളെ വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ഈ കഥകളിൽ. വോൾഗയുടെ തെലുഗു കൃതിയായ 'വിമുക്ത'യിൽ രാമൻ ഉപേക്ഷിച്ച സീത മുക്തി തേടിയുള്ള യാത്രക്ക് ഒരുങ്ങുന്നു. ഈ യാത്രക്കിടയിലാണ് മോചനം തേടിയിറങ്ങിയ ഏതാനും സ്ത്രീകളെ സീത കണ്ടുമുട്ടുന്നത്. കന്നടയിലെ എഴുത്തുകാരിയായ എം.കെ. ഇന്ദിരയുടെ നോവലായ 'ഫണിയമ്മ' ഒരു ബാലവിധവയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയതാണ്. മാമൂലുകളും ആചാരങ്ങളും വിവേചനകളാൽ ജീവിതം ദുഷ്കരമാക്കിയ ഒരു സ്ത്രീയുടെ വെല്ലുവിളികളാണ് നോവലിന്റെ പ്രമേയപരിസരം. പ്രാന്തവത്കരിക്കപ്പെട്ടവരുടെ ജീവിതവും അതിജീവനവുമാണ് തമിഴ് എഴുത്തുകാരിയായ പാമയുടെ സാഹിത്യലോകത്തിന്റെ ഉള്ളടക്കം. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിലെ അംഗമായ പാമയുടെ 'കരുക്ക്' എന്ന കൃതിയിൽ ആത്മകഥാപരമായ തീക്ഷ്ണമായ അനുഭവങ്ങളുടെ അധ്യായങ്ങളാണുള്ളത്. അരികുജീവിതത്തിന്റെ കൃത്യതകളെ ചേർത്തുപിടിക്കുന്ന സ്ത്രീപക്ഷ-ദലിത് എഴുത്തുകളാണ് മീന കന്ദസ്വാമിയുടേത്. നോവലിസ്റ്റായും കവിയായും വിവർത്തകയായും സാന്നിധ്യമറിയിക്കുന്ന അവരുടെ എഴുത്തുകൾ പെൺനോട്ടങ്ങളുടെ രാഷ്ട്രീയത്തെ ഉറപ്പിക്കുന്നു. ദൈനംദിന ജീവിതത്തിന്റെ അസ്വാതന്ത്ര്യത്തിൽനിന്നുള്ള സ്ത്രീകളുടെ വിമോചന പ്രഖ്യാപനമായി ഈ കൃതികൾ മാറുകയാണ്. ലളിതാംബിക അന്തർജനത്തിന്റെ 'അഗ്നിസാക്ഷി'യും ഇതിന്റെ മാതൃകയാണ്.
ഒരു ദേശത്തിന്റെ സ്ഥിരതയെ ബാധിക്കുന്ന കുത്സിത പ്രവർത്തനങ്ങൾ സാധാരണക്കാരെയാണ് ഏറ്റവുമധികം അലട്ടുന്നത്. ഭാഷയോ സംസ്കാരമോ എന്ന വൈജാത്യമില്ലാതെ പൗരവർഗം വിറങ്ങലിച്ചുനിൽക്കുന്ന രംഗത്തിനാണ് ഇത്തരം സാമൂഹികസ്ഥിതി വഴിയൊരുക്കുന്നത്. പ്രാൺ കിഷോർ കൗളിന്റെ 'ഗുൽ ഗുൽഷൻ ഗുൽഫാം' എന്ന ജനപ്രീതി നേടിയ ദൂരദർശൻ പരമ്പരയുടെ സാഹിത്യാവിഷ്കരണമാണ് അതേ പേരിലുള്ള നോവൽ. 1990കളിലെ കശ്മീരിലെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തെയാണ് നോവലിൽ വിശദമാക്കുന്നത്. സാമ്പത്തികസ്ഥിതി തകരാറിലാവുകയും ടൂറിസം വ്യവസായം നശിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ ചുറ്റുവട്ടത്ത് ബോട്ടുകൾ പ്രവർത്തിപ്പിച്ച് ഉപജീവനമാർഗം കണ്ടെത്തുന്ന സമൂഹത്തിന്റെ കഥയാണ് നോവൽ പറയുന്നത്.
ആധുനികതയുടെ രീതിശാസ്ത്രത്തോട് സമരസപ്പെടാതെ പുതിയൊരു മാർഗം തുറന്ന നോവലായിരുന്നു എം. ഗോവിന്ദന്റെ 'സർപ്പം'. ആഖ്യാതാവ് വളരെയധികം ആരാധിക്കുന്ന ഒരു സാങ്കൽപിക മലയാള എഴുത്തുകാരൻ ജേ.ജേയെ കുറിച്ചുള്ള ഓർമകളാണ് 'ജേ.ജേ: ചില കുറിപ്പുകൾ' എന്ന സുന്ദര രാമസ്വാമിയുടെ തമിഴ് നോവൽ. 1968ൽ പ്രസിദ്ധീകരിച്ച 'സർപ്പ'വും 1988ൽ പുറത്തിറങ്ങിയ ജേ.ജേ: ചില കുറിപ്പുകളും സാമ്പ്രദായികമായ വിവരണാത്മകത പാടെ ഉപേക്ഷിച്ചിട്ടുണ്ട്. ആധുനികാനന്തരമായ ആഖ്യാനത്തിന്റെ ദൃഷ്ടാന്തങ്ങളായി ഇവയെ കാണാം. സ്പെക്കുലേറ്റിവ് ഫിക്ഷന്റെ സാധ്യത അന്വേഷിക്കുന്ന, ഇന്ത്യൻ ഇംഗ്ലീഷിലെ എഴുത്തുകാരായ അനിൽ മേനോൻ, വന്ദന സിങ്, ഹിന്ദിയിൽ എഴുതുന്ന മനോഹർ ജോഷി എന്നിങ്ങനെ ഒരു വിഭാഗത്തെക്കുറിച്ചും പരാമർശിക്കാതിരിക്കാൻ തരമില്ല.
ഒരു ഭൂപ്രദേശത്തെയും അവിടത്തെ ജീവിതരീതികളെയും സംബന്ധിച്ച് കണിശമായ ബോധ്യമുണ്ടെങ്കിലേ പ്രാദേശികസാഹിത്യത്തിന്റെ ഉള്ളെഴുത്തുകളെ സ്വാംശീകരിക്കാനാകൂ എന്നത് പൂർണമായും തള്ളിക്കളയുന്നില്ല. എങ്കിലും ഉള്ളറിഞ്ഞുള്ള വിവർത്തനങ്ങൾ ഒട്ടൊരളവിൽ ഇതിനൊരു പ്രതിവിധിയാണ്. ഗൗരവമായ സമീപനം പുലർത്തുന്ന ഇന്ത്യൻ ഇംഗ്ലീഷ് കൃതികളുടെ സാധ്യത ഈ സാഹചര്യത്തിൽ വ്യക്തമാണ്. സൽമാൻ റുഷ്ദി, വിക്രം സേത്ത്, അരുന്ധതി റോയ്, അമിതാവ് ഘോഷ്, റോഹിങ്ടൺ മിസ്റ്റി തുടങ്ങിയ എഴുത്തുകാരിലൂടെ ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യം ലോകശ്രദ്ധ നേടി. ക്രമേണ രാഷ്ട്രീയം, ദേശീയത, പരിസ്ഥിതി, കാലാവസ്ഥ, നരവംശശാസ്ത്രം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള കാമ്പുള്ള ആഖ്യാനങ്ങൾ എഴുതപ്പെട്ടു. മഹാശ്വേതാദേവി, ഇന്ദിര ഗോസ്വാമി, ഗോപിനാഥ് മൊഹന്തി, പ്രതിഭ റായ്, ഭാലചന്ദ്ര നെമാഡെ, യു.ആർ. അനന്തമൂർത്തി, ഖുർറത്തുൽ ഐൻ -ഹൈദർ, കൃഷ്ണ സോബ്തി തുടങ്ങിയവരുടെ ഇംഗ്ലീഷിലുള്ള പരിഭാഷകൾ ധാരാളമായി വായിക്കപ്പെടുകയും ചെയ്തു. സ്ത്രീ കേന്ദ്രീകൃതമായ പ്രതിപാദ്യങ്ങളിൽ ധീരവും വിശാലവുമായ കാഴ്ചപ്പാടോടെ എഴുതിയ അനിത ദേശായി, ശശി ദേശ്പാണ്ഡെ, നയൻതാര സൈഗാൾ എന്നിവർ ഇന്ത്യൻ ഇംഗ്ലീഷ് ശാഖക്ക് കരുത്ത് പകർന്നു. നിരാദ് സി. ചൗധരിയുടെ ഓർമക്കുറിപ്പായ 'The Autobiography of an Unknown Indian'ൽ അദ്ദേഹം കൊൽക്കത്തയിലെ ജീവിതത്തെപ്പറ്റിയും ഇന്ത്യൻ സാഹചര്യങ്ങളിൽ വരുന്ന മാറ്റത്തെക്കുറിച്ചും ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകാനായി നടത്തുന്ന യത്നങ്ങളെ സംബന്ധിച്ചും മറ്റും വിവരിക്കുന്നു. രാജാറാവുവിന്റെയും ആർ.കെ. നാരായണിന്റെയും അരുന്ധതി റോയിയുടെയും അനിത ദേശായിയുടെയും അനീസ് സലീമിന്റെയും നോവലുകൾ ദേശത്തെ ചിത്രീകരിച്ചിട്ടുണ്ട്. ഡൽഹി എന്ന മഹാനഗരത്തിന്റെ ചരിത്രവും ഭൂതകാലവും സംസ്കാരവും തെരുവുകളും കലാപങ്ങളും അധിനിവേശവും സാമ്രാജ്യത്വമോഹവും ദുരന്തങ്ങളും ഇടകലർത്തിയ ആഖ്യായികയാണ് ഖുശ് വന്ത് സിങ്ങിന്റെ 'ദൽഹി'. അറുനൂറ് വർഷത്തിലേറെ നീണ്ടുനിൽക്കുന്ന കഥയുടെ പ്രധാന ആഖ്യാതാവ്, വൃദ്ധനായ ഒരു കുറ്റവാളിയാണ്. ട്രാൻസ്ജെൻഡറായ ഭാഗ്മതിയാണ് മറ്റൊരു കഥാപാത്രം. കശ്മീരിൽ വേരുകളുള്ള നിടാഷാ കൗൾ എഴുതിയ 'Residue', 'Future Tense' എന്നീ നോവലുകളിൽ കശ്മീരുമായി പലതരത്തിൽ അടുത്ത ബന്ധമുള്ള കഥാപാത്രങ്ങളാണുള്ളത്. സമകാലാവസ്ഥയിൽ കശ്മീരിന്റെ രാഷ്ട്രീയത്തെയും തീക്ഷ്ണമായ കാലുഷ്യത്തെയും അവലോകനം ചെയ്യുകയാണ് ഈ നോവലുകൾ. കോസ്മോപൊളിറ്റൻ ജീവിതരീതികളെ അവലംബിച്ച് എഴുതപ്പെടുന്നതാണ് ഇന്ത്യൻ ഇംഗ്ലീഷ് നോവലുകൾ എന്ന വിമർശനത്തെ മറികടന്നു വേരുകളിൽ ഊന്നിക്കൊണ്ടുള്ള ആഖ്യാനത്തിനു സമകാലത്തെ ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിന് സാധിക്കുന്നുണ്ട്. മനുഷ്യവംശത്തിന്റെ വിനാശമാണ് അമിതാവ് ഘോഷിനെ അലട്ടുന്ന സുപ്രധാനമായ പ്രശ്നം. കാലാവസ്ഥയുടെ അസ്ഥിരതയെക്കുറിച്ചും അസന്തുലിതാവസ്ഥയെ സംബന്ധിച്ചും ആഴത്തിലുള്ള അപഗ്രഥനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. 'ആന്ത്രോപോസീൻ' (Anthropocene) യുഗം മുന്നോട്ടുവെക്കുന്ന ഭീതികളെയും ഭീഷണികളെയും ഡോൾഫിനുകളുടെയും മറ്റും അവയുടെ ജീവിതചക്രവുമായി ബന്ധപ്പെടുത്തിയാണ് അദ്ദേഹം 'The Hungry Tide' എന്ന നോവൽ രചിച്ചത്. നാഗാലാൻഡിൽനിന്നുള്ള എഴുത്തുകാരിയായ ഈസ്റ്ററിൻ കിറിന്റെ 'When The River Sleeps' എന്ന നോവലിൽ പ്രകൃതിയും മനുഷ്യരുമായുള്ള ആശ്രിതത്വം ഊന്നിപ്പറയുന്നു. ഗുണപ്രദമായ പലതരം ഔഷധസസ്യങ്ങളെ കിർ നോവലിൽ പരാമർശിക്കുന്നു. പ്രകൃതിയുമായുള്ള മനുഷ്യരുടെ സമന്വയം സമകാലത്തെ അനിവാര്യതയാണെന്ന് പ്രഖ്യാപിക്കുന്ന ഇക്കോക്രിട്ടിക്ക് നോവലുകളുടെ ഉദാഹരണമാണ് അരുണാചൽപ്രദേശിലെ തനതു ഗോത്രവർഗത്തിന്റെ കഥ പറയുന്ന മാമാങ് ദൈയുടെ (Mamang Dai) നോവലായ 'The Legends of Pensam'. പ്രകൃതിയെയും പരിസ്ഥിതിയെയും ചുറ്റിപ്പറ്റിയുള്ള മതമാണ് ഈ ഗോത്രവർഗം പിന്തുടരുന്നത്. ഗോത്രവർഗത്തിന്റെ പുരാവൃത്തവും ചരിത്രവുമാണ് പ്രാഥമികമായ തലത്തിൽ ഈ നോവലിന്റെ പ്രമേയപരിസരം.
പുനർവായനയിൽ പുതിയതായ ബോധ്യങ്ങൾ കണ്ടെത്താൻ സാധിക്കുന്ന ക്ലാസിക് കൃതിയായ 'ആരോഗ്യനികേതന'ത്തെ പേരെടുത്തു പറയാതെ ഈ കുറിപ്പ് പൂർണമാവില്ല. താരാശങ്കർ ബന്ദോപാധ്യായയുടെ നോവലായ 'ആരോഗ്യനികേതനം' 1953ലാണ് പുറത്തിറങ്ങുന്നത്. മാനുഷികവ്യവഹാരങ്ങളുടെ ദാർശനിക സമസ്യകളും തീവ്രതയും വെളിപ്പെടുത്തുന്ന ഈ നോവൽ കാലത്തെ അതിജീവിക്കുന്നു. യുദ്ധം, ക്ഷാമം, കലാപങ്ങൾ, സ്വാതന്ത്ര്യപ്രസ്ഥാനം, മനുഷ്യരുടെ അന്തഃസംഘർഷങ്ങൾ എന്നിവയൊക്കെ താരാശങ്കർ ബന്ദോപാധ്യായക്ക് താൽപര്യമുള്ള പ്രമേയങ്ങളാണ്. ജീവിതവും മരണവും തമ്മിലുള്ള അതിർവരമ്പുകളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്ന കഥാപാത്രങ്ങൾ 'ആരോഗ്യനികേതന'ത്തിന്റെ ഉൾക്കരുത്തും തെളിച്ചവുമായിത്തീർന്നു. മരണം ശക്തമായ ഒരു സാന്നിധ്യമായ ആഖ്യാനത്തിൽ നാം ഓരോരുത്തരും മരണത്തിലേക്ക് അടുക്കുന്നതിന്റെ ദൃഷ്ടാന്തം പ്രകടമാണ്. നാഡി പരിശോധിച്ച് രോഗികളെ ചികിത്സിച്ചിരുന്ന വൈദ്യനായ ജീവൻ മശായ് മരണത്തെ മുൻകൂട്ടിക്കണ്ടു. ആളുകളുടെ നാഡിമിടിപ്പ് കൃത്യമായി മനസ്സിലാക്കി അവരുടെ അസുഖവും മരണവും നിർണയിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. പോയകാലത്തെ പാരമ്പര്യങ്ങളും മുദ്രകളും വഹിച്ചിരുന്ന അയാൾ പഴയ തലമുറയുടെ ശീലങ്ങൾ ക്ഷയിച്ചുപോകുന്നതിൽ ഉത്കണ്ഠ പ്രകടിപ്പിച്ചു. സംവേദനത്വവും തത്ത്വപരമായ തെളിച്ചവും ആവാഹിക്കുന്ന കഥാപാത്രമായിട്ടാണ് ജീവൻ മശായിയെ സൃഷ്ടിച്ചിരിക്കുന്നത്. അതുവഴി അതികായകത്വം ഉരുവം കൊള്ളുന്ന തരത്തിലാണ് മശായിയുടെ കഥാപാത്രനിർമിതി. പ്രസിദ്ധീകരണത്തിനു ശേഷം ഏതാണ്ട് ഏഴു പതിറ്റാണ്ടുകൾ ആവാറായിട്ടും ഒട്ടും ഉടവു തട്ടാത്ത വിധം ആഖ്യാനം നിലനിൽക്കുന്നു.
പ്രതിസന്ധികളുടെ ആഖ്യാനം പ്രതിരോധങ്ങളാവുന്നതിന്റെ കാലമായിരുന്നു സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള എഴുപത്തിയഞ്ച് വർഷങ്ങൾ. ബഹുസ്വരത സൃഷ്ടിക്കുന്ന മതപരവും പാരിസ്ഥിതികവും വ്യക്തിപരവും രാഷ്ട്രീയവും സൗന്ദര്യാത്മകവും ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ചേരുവകളെ സ്വാംശീകരിച്ചുകൊണ്ടാവണം സാഹിത്യം അതിന്റെ ധർമം നിർവഹിക്കേണ്ടത്. ഭാവനാധിഷ്ഠിതമായ ഒരു പ്രമേയമായി മാത്രം ഗണിക്കാൻ പറ്റാത്തവിധം രാജ്യത്തിന്റെ ആഴങ്ങളിലേക്കും അടരുകളിലേക്കും കടന്നുചെല്ലാൻ പ്രാദേശികമായ ഉൾക്കരുത്തോടെ സാഹിത്യത്തിന് കഴിഞ്ഞു എന്നത് അഭിമാനകരമാണ്. 'രേത് സമാധി' (Tomb of Sand) എന്ന നോവലിൽ എത്തിനിൽക്കുന്ന ഇന്ത്യൻ സാഹിത്യം സ്വാതന്ത്ര്യാനന്തര രാഷ്ട്രത്തിന്റെ സ്തൂപങ്ങളിലാണ് ഉയർന്നുനിൽക്കുന്നത്. സ്ത്രീകളുടേതായ സാംസ്കാരിക സ്വത്വം ഉയർത്തിപ്പിടിക്കണമെന്ന ശാഠ്യം പുലർത്തുന്ന ഗീതാഞ്ജലി ശ്രീയുടെ 'Tomb of Sand'ൽ വിഭജനം രാഷ്ട്രത്തെയും മനുഷ്യരെയും ഒരേപോലെ ബാധിച്ചത് സൂചിപ്പിക്കുന്നു. സ്ത്രീയുടെ നിലപാടുകൾ സുദൃഢമാവേണ്ടതിന്റെ ആവശ്യകതകൂടി നോവൽ സ്പഷ്ടമാക്കുന്നുണ്ട്. ഇത്തരം കൃതികളിലൂടെ ഇന്ത്യൻ നോവലുകളുടെ ചരിത്രം ദേശത്തിന്റെയും ദേശീയതയുടെയും സ്ത്രീത്വത്തിന്റെയും പാർശ്വവത്കരണ വിഭാഗത്തിന്റെയും ശബ്ദത്തിന്റെ തീവ്രത വർധിപ്പിക്കുന്ന ആസ്തികളാണെന്ന് ഉറപ്പിച്ചുപറയാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.