മലപ്പുറം നേർച്ച: 116 വർഷം മുമ്പ് ബ്രിട്ടീഷ് സൈനികൻ രചിച്ച പുസ്തകം വെബ്സൈറ്റിൽ
text_fieldsവിൻസെന്റ് ജോസ് റൈഡർ 1907ൽ എഴുതിയ ‘ടു ഇയേഴ്സ് ഇൻ മലബാർ’ പുസ്തകത്തിലാണ് മലപ്പുറം നഗരത്തെ കുറിച്ച് അത്യപൂർവ വിവരങ്ങളുള്ളത്
കോഴിക്കോട്: മലപ്പുറം നഗരത്തെയും ഇവിടുത്തെ പ്രധാന ആഘോഷമായിരുന്ന മലപ്പുറം നേർച്ചയുടെ ഉത്ഭവത്തെ കുറിച്ചും 116 വർഷം മുമ്പ് ബ്രിട്ടീഷ് സൈനികൻ എഴുതിയ പുസ്തകം വെബ്സൈറ്റിൽ. മലപ്പുറം കുന്നുമ്മലിലെ ബ്രിട്ടീഷ് പട്ടാള ക്യാമ്പിലെ ‘ചെഷയർ റെജിമെന്റ്’ സൈനിക വിഭാഗത്തിൽ ലാൻസ് കോർപൽ ആയിരുന്ന വിൻസെന്റ് ജോസ് റൈഡർ 1907ൽ എഴുതിയ ‘ടു ഇയേഴ്സ് ഇൻ മലബാർ ഈസ്റ്റ് ഇൻഡീസ്’ എന്ന പുസ്തകമാണ് കേന്ദ്ര സർക്കാറിന്റെ നാഷനൽ ആർക്കൈവിന് കീഴിലുള്ള ഇന്ത്യൻ കൾച്ചർ വെബ്സൈറ്റിൽ (indianculture.gov.in/) ഡിജിറ്റൽ കോപ്പിയായി ചേർത്തത്.
1900ന്റെ ആരംഭത്തിൽ മലപ്പുറം നഗരത്തിൽ താമസിച്ചിരുന്ന ബ്രിട്ടീഷുകാർക്ക് പുറമെയുള്ള യൂറോപ്യൻ ഉദ്യോഗസ്ഥർ, യൂറേഷ്യൻ കുടുംബങ്ങൾ, ജൈന മതസ്ഥർ തുടങ്ങിയവരെ കുറിച്ചും മലപ്പുറത്തെ പട്ടാള ക്യാമ്പിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ദി എക്കോസ് ഫ്രം ദി ജംഗിൾ’ എന്ന ഇംഗ്ലീഷ് ദ്വൈവാരികയെ കുറിച്ചും പുസ്തകത്തിൽ പരാമർശമുണ്ട്.
കോഴിക്കോട് സാമൂതിരിയുടെ സാമന്തനും മലപ്പുറത്തെ നാടുവാഴിയുമായിരുന്ന പാറനമ്പിയും മലപ്പുറത്തെ മുസ്ലിം കേന്ദ്രമായിരുന്ന വലിയങ്ങാടിയിലെ മുസ്ലിംകളും തമ്മിൽ 1720ന്റെ അവസാനത്തിലുണ്ടായ ഏറ്റുമുട്ടലിൽ രക്തസാക്ഷികളായ 44പേരുടെ സ്മരണക്കായി നടത്തിയിരുന്ന മലപ്പുറം നേർച്ചയെ കുറിച്ച് പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്.
കേരള ചരിത്രവുമായി ബന്ധപ്പെട്ട ആദ്യകാല ചരിത്ര കാവ്യങ്ങളിലൊന്നായ, 1883ൽ മോയിൻകുട്ടി വൈദ്യർ രചിച്ച മലപ്പുറം പടപ്പാട്ടിനുശേഷം മലപ്പുറം നേർച്ചയെ കുറിച്ച് എഴുതപ്പെട്ട പുസ്തകം ഇതാണ്. മോയിൻകുട്ടി വൈദ്യരുടെ പടപ്പാട്ടിലെ കാലഗണന പ്രകാരം 1728ലാണ് സംഭവം നടന്നത്. എന്നാൽ, റൈഡറുടെ പുസ്തകത്തിൽ ഇത് 1732ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാറനമ്പിയുടെ പേര് പറമ്പച്ചൻ എന്നാണ് പുസ്തകത്തിൽ പരാമർശിക്കുന്നത്.
മലപ്പുറത്തെ അധികാരി (നേറ്റിവ് മജിസ്ട്രേറ്റ്) ആയിരുന്ന കളപ്പാടൻ ആലി അധികാരിയിൽ നിന്നാണ് മലപ്പുറം പടയെ കുറിച്ച വിവരങ്ങൾ റൈഡർ ശേഖരിച്ചത്. കൂടാതെ, മലപ്പുറം പടയെ തുടർന്ന് നശിപ്പിക്കപ്പെട്ട് പിന്നീട് മൂന്നു വർഷത്തിനു ശേഷം പുനർനിർമിച്ച മലപ്പുറം വലിയങ്ങാടി പള്ളിയിൽ സൂക്ഷിച്ച രേഖകളിൽനിന്നുള്ള വിവരങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബഹുഭാര്യത്വം മലപ്പുറത്തെ മുസ്ലിംകൾക്കിടയിലില്ലെന്നും അതേസമയം, ഹിന്ദു സമുദായത്തിൽ ബഹുഭർതൃത്വം ഉള്ളതായും പുസ്തകത്തിൽ പറയുന്നു. മലപ്പുറം കുന്നുമ്മലിൽ ബ്രിട്ടീഷ് സൈനികർക്കായി ഒരു ഗവൺമെന്റ് ചർച്ചും (സി.എസ്.ഐ ആംഗ്ലിക്കൻ ചർച്ച്) എതിർഭാഗത്തായി സേനയിലെ ആർ.സി വിഭാഗക്കാർക്ക് സെന്റ് ജോസഫ് ചർച്ചും ഉള്ള വിവരവുമെല്ലാം പുസ്തകത്തിലുണ്ട്.
കൊൽക്കത്തയിലെ താക്കർ, സ്പിൻക് ആൻഡ് കോ ആണ് 1907ൽ പുസ്തകം പ്രസിദ്ധീകരിച്ചത്. 1904 മുതൽ 1906 വരെയാണ് രചയിതാവായ റൈഡർ മലപ്പുറത്ത് സേവനമനുഷ്ഠിച്ചത്. ഇടക്കാലത്ത് പ്രസിദ്ധീകരണം നിലച്ച ദി എക്കോസ് ഫ്രം ദി ജംഗിൾ ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ചേർത്താണ് പുസ്തകം രചിച്ചത്.
പുസ്തകത്തെ കുറിച്ച് 1907 ഒക്ടോബർ രണ്ടിന് ഇംഗ്ലണ്ടിലെ നോത്ത് വെയിൽസിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ദ ചെസ്റ്റർ കോറന്റ് ആൻഡ് അഡ്വടൈസർ ഫോർ നോർത്ത് വെയിൽസ്’ പത്രത്തിലെ സാഹിത്യ പംക്തിയിൽ റിവ്യു വന്നിരുന്നു. എഴുത്തുകാരനും ഗവേഷകനുമായ ഡോ. മുഹമ്മദ് സബാഹ് ഇല്ലത്തൊടിയാണ് ഈ റിവ്യൂ കണ്ടെടുത്തത്. ഈ റിവ്യൂവിന്റെ പരിഭാഷയും പുസ്തകത്തെ കുറിച്ച ഡോ. സബാഹിന്റെ ലേഖനവും വായിക്കാൻ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.