ദമ്മാമിൽ പുതുചരിത്രമായി മലയാള പുസ്തകമേള
text_fieldsസൗദി മലയാളി സമാജം സംഘടിപ്പിച്ച പുസ്തകമേള ജമാൽ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: പുതിയ ചരിത്രം രചിച്ച് ദമ്മാമിൽ മലയാളി പുസ്തകങ്ങളുടെ മേള. സൗദി മലയാളി സമാജമാണ് ആദ്യമായി പുസ്തകോത്സവം സംഘടിപ്പിച്ചത്. പ്രമുഖരായ വിവിധ പ്രസാധകരുടെ ആയിരത്തിലധികം പുസ്തകങ്ങളുടെ പ്രദർശനവും വിൽപനയുമാണ് നടന്നത്. അൽ-അബീർ ഓഡിറ്റോറിയത്തിൽ പ്രത്യേകം ഒരുക്കിയ പവിലിയനിൽ നടന്ന പുസ്തകോത്സവം വയനാട് യതീംഖാന സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ ജമാൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഒരു ദിവസം നീണ്ടുനിന്ന വൈവിധ്യ പരിപാടികൾക്കൊപ്പമാണ് 'പുസ്തകമേള' നടന്നത്. നൂറുകണക്കിന് ആളുകൾ സ്റ്റാളുകൾ സന്ദർശിക്കുകയും പുസ്തകങ്ങൾ സ്വന്തമാക്കുകയും ചെയ്തു. പ്രശസ്ത കഥാകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ സാന്നിധ്യമായിരുന്നു പുസ്തകമേളയിലെ ശ്രദ്ധേയമായ ആകർഷണം. ഡി.സി, ഒലിവ്, ഹരിതം, പൂർണ, ഗ്രെയ്സ്, ഡെസ്റ്റിനി, ഐ.പി.എച്ച് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങളാണ് പുസ്തകോത്സവത്തിൽ അണിനിരന്നത്.
ലോക സാഹിത്യത്തിലെയും പ്രത്യേകിച്ച് മലയാളത്തിലെയും പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങൾ ഉണ്ടായിരുന്നു. എഴുത്തിന്റെ 60 വർഷം ആഘോഷിക്കുന്ന എം. മുകുന്ദന്റെയും 40ാം ആണ്ടിൽ എത്തിനിൽക്കുന്ന ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെയും പുസ്തകങ്ങൾക്ക് ആവശ്യക്കാരേറെയായിരുന്നു. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് തന്റെ പുസ്തകങ്ങൾ വാങ്ങുന്നവർക്ക് കൈയൊപ്പിട്ട് നൽകിയത് ആളുകളിൽ ആവേശം പകർന്നു.
ഇതോടൊപ്പം സംഘടിപ്പിച്ച ചിത്രപ്രദർശനത്തിൽ റിഹാന ബഷീർ, ഹഫ്സത് അശ്റഫ്, മുഹമ്മദലി പീറ്റയിൽ എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. വരകളിലും വർണങ്ങളിലും ഒളിപ്പിച്ചുവെച്ച ആഴമുള്ള ആശയങ്ങളെ ചിത്രകാരന്മാർതന്നെ കാണികൾക്ക് വിശദീകരിച്ചു നൽകി. നിരവധി പേർ കവിതകൾ ആലപിച്ചു. സൗദി മലയാളി സമാജം വൈസ് പ്രസിഡൻറ് ഖദീജ ഹബീബ് അധ്യക്ഷത വഹിച്ചു. മാലിക് മഖ്ബൂൽ ആമുഖ പ്രഭാഷണം നടത്തി. ആലിക്കുട്ടി ഒളവട്ടൂർ, ഹമീദ് കണിച്ചാട്ടിൽ, ജേക്കബ് ഉതുപ്പ്, സരള ജേക്കബ്, പ്രവീൺ കൈരളി, എം.എം. നഈം, മോഹൻ വെള്ളിനേഴി, എൻ.കെ. ജെയ്, സനൽ, ജയൻ തച്ചമ്പാറ എന്നിവർ സംസാരിച്ചു. ഷാജു അഞ്ചേരി സ്വാഗതവും ഹുസ്ന ആസിഫ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.