മുബീനയുടെ പുസ്തകത്തിലുണ്ട് പ്രതീക്ഷയുടെ തെളിച്ചം
text_fieldsകൂറ്റനാട്: നാല് ചുവരുകള്‍ക്കകത്ത് കട്ടിലിലും പിന്നീട് ചക്രക്കസേരയിലുമായി ജീവിതം പിന്നിട്ട മുബീനയുടെ പുസ്കത്തിലെ വരികൾ തളരാത്ത ഇച്ഛാശക്തിയുടെ നേരടയാളങ്ങളാണ്. അക്ഷരങ്ങള്‍ കോര്ത്തെഴുതാന് മനസ്സിനും പെന്‍സില്‍ പിടിക്കാന്‍ കൈക്കും ശേഷിയില്ലെന്ന് വിധിക്കപ്പെട്ട്, 34ാം വയസ്സില്‍ എഴുതിയ പുസ്തകത്തിന്റെ ആദ്യതാളുകളില്‍ മുബീന കുറിച്ചത് ഇങ്ങനെ - 'സകല ചരാചരങ്ങളുടേയും സൃഷ്ടാവായ നാഥനിൽനിന്ന് എനിക്ക് കിട്ടിയ വിലമതിക്കാനാവാത്ത സമ്മാനമാണ് ഈ ജീവിതം'. പട്ടാമ്പിക്കടുത്തുള്ള വിളത്തൂര്‍ പറളിയിൽ അബ്ദുൽ റസാഖ് - കദീജ ദമ്പതികളുടെ മകളാണ് മുബീന. രണ്ടര വയസ്സിൽ പിള്ളവാതം പിടിപെട്ട് ചലനശേഷി നഷ്ടമായ മുബീന, നാല് വര്‍ഷമായി കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റി ഭിന്നശേഷി ഡേ കെയർ അംഗമാണ്.
സഹോദരങ്ങളില്‍നിന്ന് പഠിച്ചും ഭിന്നശേഷി സൗഹൃദങ്ങളുടെ ഫേസ്ബുക്ക് പേജിലുടെയുമാണ് മുബീന അക്ഷരങ്ങളുടെ തോഴിയായത്. സഹജീവികൾക്ക് ആത്മവിശ്വാസം പകരുന്ന പാഠപുസ്തകമായി 'മുബീനയുടെ ആത്മഭാഷണങ്ങൾ' എന്ന പുസ്തകം മാറിയേക്കാം. കഥ, ഓർമക്കുറിപ്പ് , അനുഭവങ്ങൾ തുടങ്ങി വേറിട്ട രചനകളുടെ സംഗ്രഹവും കൂടിയാണ് ഈ പുസ്തകം.
'നാനാവിധ രോഗപീഡകളാൽ ആശുപത്രിയിൽനിന്ന് മോചനമില്ലാത്ത ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നു. ഇപ്പോൾ വായനയിൽ മുഴുകാൻ തുടങ്ങിയപ്പോൾ ആശുപത്രികളിൽനിന്ന് അകലമേറി വരുന്നുണ്ട്.
ജനൽ പാളികൾക്കിടയിലൂടെ കാണുന്ന ഇത്തിരിവട്ടം ലോകത്തിനപ്പുറം ഈ പ്രപഞ്ചത്തിന്റെ ചൂടും ചൂരും ഞാൻ വായനയിലൂടെ അനുഭവിക്കുന്നു' -സഹയാത്രയിലെ പുസ്തകങ്ങളേറെയും വായിച്ചുതീർത്ത മുബീന പറയുന്നു. കഴിഞ്ഞദിവസം കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയുടെ കെട്ടിട ശിലാസ്ഥാപന വേളയിൽ നിറഞ്ഞ സദസ്സിലാണ് പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന് പുസ്തകം പ്രകാശനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.