‘നെല്ല്’ എഴുതിത്തീർന്ന പിറ്റേന്ന് വയനാട്ടിൽ നക്സലൈറ്റ് ആക്ഷൻ
text_fieldsകോഴിക്കോട്: ഏറ്റവും ശ്രദ്ധേയമായ നോവൽ ‘നെല്ല്’ വെസ്റ്റ്ഹില്ലിലെ വാടകവീട്ടിൽ വെച്ചാണ് പി. വത്സല പൂർത്തിയാക്കിയത്. തിരുനെല്ലിയിലെ ആദിവാസി ജീവിതമാണ് നെല്ലിൽ വരച്ചിട്ടത്. രാത്രി എഴുത്തൊക്കെ പൂർത്തിയാക്കി, പിറ്റേന്ന് പത്രം നോക്കിയപ്പോൾ തിരുനെല്ലിയിൽ നക്സലൈറ്റ് ആക്രമണം നടന്നുവെന്ന വാർത്ത വന്നതായി വത്സല പറഞ്ഞിരുന്നു.
സംഭവം യാദൃച്ഛികമാണെങ്കിലും ആക്രമണം നടക്കുമെന്ന് അവിടത്തെ ജീവിതം തൊട്ടറിഞ്ഞ അവർക്കറിയാമായിരുന്നതിനാൽ വലിയ അത്ഭുതമൊന്നും തോന്നിയില്ല. നെല്ലിന്റെ തുടർച്ചയായി ആഗ്നേയം എഴുതണമെന്ന് ഉറപ്പിച്ചത് ആ ദിവസമായിരുന്നുവെന്ന് വത്സല പറഞ്ഞിട്ടുണ്ട്.
അതുകഴിഞ്ഞ് വയനാടിന്റെ പരിസ്ഥിതിയിൽ വന്ന മാറ്റം ’കൂമൻ കൊല്ലി’ എന്ന നോവലായി. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവുമൊക്കെ സജീവ ചർച്ചയാവുന്നതിന് മുമ്പുതന്നെ അക്കാര്യങ്ങൾ വിളിച്ചുപറഞ്ഞ നോവലാണ് കൂമൻകൊല്ലി. തണുപ്പ്, ഇരുട്ട്, കൃഷി എന്നിവയാണ് വയനാട്ടിൽ എത്തിയപ്പോൾ ആദ്യം ശ്രദ്ധയിൽ പെട്ടതെന്ന് കഥാകാരിതന്നെ പറയുന്നുണ്ട്. നെല്ല് വായിക്കുന്നവർക്കും ഇത് അനുഭവപ്പെടും.
സി.ഡബ്ല്യു.എം.എസിൽ ആദ്യ വയനാട് യാത്ര
1967ലാണ് ഭർത്താവിനൊപ്പം അവർ ആദ്യമായി വയനാട്ടിൽ പോയത്. രാവിലെ 6.30ന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന അന്നത്തെ കോഴിക്കോട് വയനാട് മോട്ടോർ സർവിസിൽ (സി.ഡബ്ല്യു.എം.എസ്) ബസിലായിരുന്നു യാത്ര. വയനാട്ടിലെ ആദിവാസികളെപ്പറ്റി അധികമൊന്നും പുറത്തറിയാത്ത കാലമായിരുന്നു അത്. അവരുടെ അടിമപ്പണി, കഷ്ടപ്പാട് എന്നിവ നേരിൽ കണ്ടറിയാൻ വത്സലക്ക് സാധിച്ചു.
കോഴിക്കോട് മാലൂർകുന്നിൽ ആയിരുന്നു പിതാവിന്റെ തറവാട്. അച്ഛൻ കാനങ്ങോട്ട് ചന്തു വയനാട്ടിലെ എസ്റ്റേറ്റിൽ ജോലിക്കാരനായിരുന്നു. സുഹൃത്തിന്റെ എസ്റ്റേറ്റിൽ കണക്കെഴുതാനും ജോലിക്കാരെ നിയോഗിക്കാനും മറ്റുമായി ഒരു കോഓഡിനേറ്റർ എന്ന നിലയിലായിരുന്നു അച്ഛൻ പ്രവർത്തിച്ചത്. മലബാർ ക്രിസ്ത്യൻ കോളജിൽ പഠിച്ച അച്ഛന് ഇംഗ്ലീഷിൽ നല്ല പ്രാവീണ്യമുണ്ടായിരുന്നു. അതിനാൽ ബ്രിട്ടീഷുകാരുടെ കമ്പനികളിലും പ്രവർത്തിച്ചിട്ടുണ്ട്.
അച്ഛനും വലിയച്ഛനും വയനാട്ടിൽ ആയിരുന്നതിനാൽ വയനാട്ടിലെ ആദിവാസികളുമായി ബന്ധപ്പെട്ട പലതരം കഥകൾ പറയുമായിരുന്നു. അത്തരം കഥകൾ കേട്ടപ്പോൾ വയനാട്ടിലെ ആദിവാസികളെ കാണാൻ മോഹമുണ്ടായി. വത്സല പഠിച്ചത് ഇക്കണോമിക്സ് ആണെങ്കിലും നരവംശശാസ്ത്രത്തിലും താൽപര്യമുണ്ടായി. ആദിവാസികളുടെ ജീവിതം അറിയാനുള്ള ആഗ്രഹം അങ്ങനെയാണ് ശക്തമായതെന്ന് വത്സല പറഞ്ഞിരുന്നു.
അച്ഛൻ എസ്റ്റേറ്റിന്റെ ഓഫിസിൽത്തന്നെയാണ് താമസിച്ചത്. ആദ്യമായി ഭർത്താവിനൊപ്പം വയനാട്ടിലെത്തുമ്പോൾ സഹോദരന്മാരായ രവീന്ദ്രനും സുരേന്ദ്രനും കൂടെയുണ്ടായിരുന്നു. മഴ തോർന്ന ഒരു സായാഹ്നത്തിലാണ് അവിടെയെത്തിത്. അവിടത്തെ വലിയ കർഷകന്റെ വീട്ടിലാണ് താമസ സൗകര്യം ഒരുക്കിയത്. ഉരുളൻകല്ല് നിറഞ്ഞ തെളിഞ്ഞ പുഴ കബനിയാണെന്ന് അറിയുന്നത് പിന്നീടാണ്.
തിരുനെല്ലി വിഷ്ണു ക്ഷേത്രത്തിലെ കഴകക്കാരുടെ കുടുംബമാണ് ആതിഥേയരായത്. നഗരത്തിൽനിന്നുള്ള മനുഷ്യരെ കാണാൻ ആർത്തിപൂണ്ടിരുന്ന അവർക്ക് വത്സലയുടെ വരവ് ആഹ്ലാദം പകർന്നു. പതിനേഴ് ദിവസമാണ് ആദ്യ സന്ദർശന വേളയിൽ തിരുനെല്ലിയിൽ താമസിച്ചതെന്നും അന്നേ കഥയുടെ ബീജം മനസ്സിൽ അങ്കുരിച്ചെന്നും ടീച്ചർ പറഞ്ഞിട്ടുണ്ട്. വത്സലയെന്ന കഥയെഴുത്തുകാരിയുടെ പിറവി കൂടിയായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.