എൻ.ഇ. ബാലകൃഷ്ണ മാരാർ പുരസ്കാരം ശശി തരൂർ എം.പിക്കും ‘സൊലെസ്’നും
text_fieldsകോഴിക്കോട്: ടി.ബി.എസ്-പൂർണ സ്ഥാപകൻ എൻ.ഇ. ബാലകൃഷ്ണ മാരാർ സ്മാരക സമഗ്രസംഭാവന പുരസ്കാരത്തിന് ഡോ. ശശി തരൂർ എം.പിയെയും സന്നദ്ധ സേവന പുരസ്കാരത്തിന് തൃശൂരിലെ ‘സൊലെസ്’ സംഘടനയെയും തിരഞ്ഞെടുത്തതായി ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരുലക്ഷം രൂപ വീതമുള്ള അവാർഡ് ബാലകൃഷ്ണ മാരാരുടെ സ്മരണാർഥം നവംബർ 10, 11 തീയതികളിൽ കോഴിക്കോട്ട് സംഘടിപ്പിക്കുന്ന പൂർണ സാംസ്കാരികോത്സവത്തിൽ സമ്മാനിക്കും. 11ന് രാവിലെ 10ന് ബാലകൃഷ്ണ മാരാർ സ്മൃതിസമ്മേളനത്തിൽ ശശി തരൂരിന് സാറാ ജോസഫും വൈകീട്ട് അഞ്ചിന് സമാപന സമ്മേളനത്തിൽ ‘സൊലെസ്’ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും പുരസ്കാരം സമ്മാനിക്കും.
ഹോട്ടൽ മലബാർ പാലസിൽ നടക്കുന്ന സാംസ്കാരികോത്സവം നവംബർ 10ന് രാവിലെ 10ന് എഴുത്തുകാരൻ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. പൂർണ-ഉറൂബ്, പൂർണ-ആർ. രാമചന്ദ്രൻ അവാർഡുകളും സമ്മാനിക്കും. ദ്വിദിന സാംസ്കാരികോത്സവത്തിൽ 15 സെഷനുകളിലായി 45 എഴുത്തുകാർ പങ്കെടുക്കും. പൂർണ മാനേജിങ് പാർട്നർ എൻ. മനോഹർ, ഫെസ്റ്റിവൽ ഡയറക്ടർ ഡോ. കെ. ശ്രീകുമാർ, സംഘാടക സമിതി ചെയർമാൻ കെ.എസ്. വെങ്കിടാചലം, മിലി മോഹൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.