മിത്തുകള്‍ ഉണ്ടാകുന്നതെങ്ങനെ?
text_fields'നിരീശ്വരന് എന്നൊരു എതിര്ദൈവം പ്രപഞ്ചത്തിലെ സകല ഈശ്വര സങ്കൽപങ്ങള്ക്കും ബദലായി ആദ്യമായി അവതരിക്കപ്പെട്ട മുഹൂര്ത്തമിതത്രേ. ചരിത്രത്തെ ഒന്ന് പകുത്തുനോക്കാന് തയാറുള്ള സത്യാന്വേഷകര്‍ മാത്രം തുടര്‍ന്ന് വായിക്കുക'.
2014 ആഗസ്റ്റില്‍ പുറത്തിറങ്ങിയ വി.ജെ. ജെയിംസിന്റെ നിരീശ്വരന് എന്ന നോവലിന്റെ ആദ്യ അധ്യായത്തിലെ ഈ മുന്നറിയിപ്പ് വായിച്ചു പിന്മാറിയ വായനക്കാര്‍ നിര്ഭാഗ്യവാന്മാരത്രേ. പില്ക്കാലത്ത് മലയാളത്തിലെ മികച്ച നോവലുകളില്‍ ഒന്നായി കരുതപ്പെടുന്ന ഒരു കൃതിയുടെ വായനാനുഭവമാണ് അവര്‍ നഷ്ടപ്പെടുത്തിയത്!
ആന്റണി, ഭാസ്കരന്, സഹീര്‍ എന്നീ സുഹൃത്തുക്കള്‍ തദ്ദേശത്തെ ക്ഷേത്രത്തിനു സമീപം ദേവത്തെരുവില്‍ സ്വയം പ്രഖ്യാപിത ആഭാസസംഘമായി വാഴുന്നിടത്താണ് നോവല്‍ ആരംഭിക്കുന്നത്. ഇവരുടെ ആസ്ഥാനം പരസ്പരം കെട്ടുപിണഞ്ഞു നില്ക്കുന്ന ആലിന്റെയും മാവിന്റെയും ചുവടെയുള്ള വൃക്ഷത്തറയായിരുന്നു. അവിടെ വെച്ചാണ് ആന്റണിയുടെ മനസ്സില്‍ സകല ഈശ്വരന്മാര്ക്കും ബദലായി നില്ക്കുന്ന നിരീശ്വരന് എന്ന വിപരീത ഈശ്വരസൃഷ്ടിയുടെ ബീജാവാപം നടക്കുന്നത്. പിന്നീട് ഈ നിരീശ്വര സങ്കൽപം പടിപടിയായി വികസിക്കുന്നതും ഒരു ഗ്രാമത്തിന്റെതന്നെ ചരിത്രം മാറ്റിയെഴുതുന്നതുമാണ് ഈ നോവലിന്റെ ഇതിവൃത്തം.
ഇന്നുവരെ ഒരു ഈശ്വര പ്രതിഷ്ഠക്കും സംഭവിച്ചിട്ടില്ലാത്ത വൈരൂപ്യങ്ങളോടെ നിരീശ്വരന്റെ പ്രതിഷ്ഠാപനവും താമസിയാതെ ആരാധനയും തുടങ്ങുന്നു. പതുക്കെ പതുക്കെ ആഭാസസംഘത്തിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് ഗ്രാമത്തിലെ സാധാരണക്കാരുടെ ജീവിതങ്ങളില്‍ നിരീശ്വരന് ഇടപെട്ടുതുടങ്ങുമ്പോള്‍ നോവല്‍ കഥാപാത്രങ്ങളുടെ പിടിയില്‍നിന്ന് കുതറിമാറി സഞ്ചരിച്ചു തുടങ്ങുന്നു. ജാതിമതഭേദമെന്യേ അന്യസ്ഥലങ്ങളില്നിന്നുപോലും നിരീശ്വരന്റെ അനുഗ്രഹങ്ങള്‍ക്കായി ആള്ക്കാര് വന്നുതുടങ്ങുമ്പോള്‍ സ്രഷ്ടാവിനെ വെല്ലുവിളിക്കുന്ന സൃഷ്ടിയായി പരിണമിക്കുന്ന നിരീശ്വരനെ സംഹരിക്കാതെ നിര്‍വാഹമില്ലെന്നു വരുന്നു.
അപ്പോഴേക്കും നോവല്‍ വായനക്കാരെ കീഴടക്കുന്ന ഒരനുഭവമായി മാറിക്കഴിഞ്ഞിരിക്കും.നോവലിന്റെ കഥ മുഴുവന്‍ പറയുക ലക്ഷ്യമല്ലാത്തതുകൊണ്ട് ഇവിടെ നിര്‍ത്തേണ്ടി വരുന്നു. നോവല്‍ ബഹ്റൈന്‍ കേരളീയ സമാജം നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ബെസ്റ്റ് സെല്ലര്‍ വിഭാഗത്തില്‍ ലഭ്യമാണ്. വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും അതിര്‍ത്തികള്‍ നേര്‍ത്തതാണെന്ന് പറയുന്ന, മിത്തുകള്‍ എങ്ങനെ ഉണ്ടാവുന്നു എന്ന് അടയാളപ്പെടുത്തുന്ന ഈ പുസ്തകം കേരള സാഹിത്യ അക്കാദമി, വയലാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.