ജീവന്റെ അവകാശങ്ങൾ
text_fields1889 ലാണ് ചന്തുമേനോന്റെ ‘ഇന്ദുലേഖ’ പ്രസിദ്ധീകരിക്കുന്നത്. വരേണ്യ കുടുംബത്തിലെ പ്രണയവും ജീവിതവുമായിരുന്നു ‘ഇന്ദുലേഖ’യുടെ പ്രമേയം. ഏതാണ്ട് ഇതേ കാലത്തുതന്നെയാണ്, ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു ജനതയെയും അവരുടെ ജീവിതപരിസരവും ആവിഷ്കരിക്കുന്ന ആദ്യത്തെ മലയാള നോവൽ, പോത്തേരി കുഞ്ഞമ്പുവിന്റെ ‘സരസ്വതീ വിജയം’ പ്രസിദ്ധീകരിക്കെപ്പടുന്നത്.
ജാതിവ്യവസ്ഥ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ താഴ്ന്ന ജാതിക്കാർ അനുഭവിക്കുന്ന പീഡനങ്ങളും ദുരിതങ്ങളും പ്രമേയമാക്കി എഴുതപ്പെട്ടവയിൽ വളരെ ശ്രദ്ധേയമായ ഒരു രചനയായിരുന്നു സരസ്വതീവിജയം. 1892ലാണ് ഈ നോവൽ പ്രസിദ്ധീകരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ വടക്കേ മലബാറിലെ ജീവിതമാണ് പോത്തേരി കുഞ്ഞമ്പു ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത്. കേരളീയ സമൂഹത്തിൽ നിലനിന്ന ആശയാധികാര വ്യവസ്ഥയെ നോവൽ കൃത്യമായി ചോദ്യംചെയ്യുന്നുണ്ട്. പുരോഗമനപരവും നവോത്ഥാനപരവുമായ രചനകൾ എക്കാലത്തും ആശയാധികാര വ്യവസ്ഥയെ ചോദ്യംചെയ്തു കൊണ്ടുള്ള ആവിഷ്കാരങ്ങളായിരുന്നു. ജാത്യാധിഷ്ഠിതമായ അക്കാലത്തെ സമൂഹത്തിൽ ജനിച്ചുവളർന്ന പുലയ സമുദായക്കാരനായ ഒരു ബാലനുണ്ടായ ദുരിതപൂർണയ ജീവിതമാണ് സരസ്വതീവിജയത്തിലെ പ്രതിപാദ്യം.
ബ്രാഹ്മണ്യത്തിന്റെ സകല ആടകളോടെയും നോവലിൽ പ്രത്യക്ഷപ്പെടുന്ന കുബേരൻ നമ്പൂതിരി പല സന്ദർഭങ്ങളിലും പറയുന്ന സംസ്കൃത ശ്ലോകങ്ങൾ കോരു നമ്പ്യാരെ പോലുള്ള ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ വളരെ എളുപ്പം ബോധ്യപ്പെടാൻ േപ്രരകമാവുന്നുണ്ട്. യഥാർഥ നിയമം അഥവാ നാട്ടിലെ നിയമം കുബേരൻ നമ്പൂതിരി പറയുന്ന സംസ്കൃത ശ്ലോകത്തിലുള്ളതാണെന്ന് ഉദ്യോഗസ്ഥർ ധരിച്ചു വശാവുന്നു. സംസ്കൃത ഭാഷ ദിവ്യ ഭാഷയാണെന്നും ബ്രാഹ്മണർ മാത്രമാണ് ആ ഭാഷയുടെ അവകാശികളെന്നും സമൂഹത്തെ ബോധ്യപ്പെടുത്തിയാണ് ജാതിവ്യവസ്ഥ നിലനിർത്തിയതെന്ന് നോവലിലെ വിവരണങ്ങളിൽനിന്ന് കൃത്യമായി നമുക്ക് ബോധ്യപ്പെടും.
വളരെക്കാലം ഈ നോവൽ വായനാ സമൂഹത്തിന് ലഭിക്കാതിരുന്നതിനും ചർച്ചചെയ്യപ്പെടാതിരുന്നതിനും ഹേതു അന്വേഷിക്കുമ്പോൾ അക്കാലത്തെ സാംസ്കാരിക അധീശത്വത്തിനുണ്ടായിരുന്ന കരുത്ത് എന്തായിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിയും. ജാതിപീഡനങ്ങൾ വിശദീകരിക്കുന്ന, 1882ൽ പ്രസിദ്ധീകരിച്ച ‘പുല്ലേലി കുഞ്ചു’വിനു സംഭവിച്ചതുപോലെ തന്നെ സരസ്വതീവിജയവും വേണ്ടത്ര വായിക്കപ്പെടാതെയോ ചിന്താ -സംവാദ മണ്ഡലങ്ങളിൽ ഉൾപ്പെടാതെയോ പോയി.
അന്നത്തെ സാമൂഹിക ജീവിതത്തിന്റെ വിഹ്വലതകളിലും ഖിന്നതകളിലുമാണ് ‘സരസ്വതീവിജയ’മെന്ന നോവലിന്റെ ഊന്നൽ. തിയ്യസമുദായത്തിൽ പെട്ട പോത്തേരി കുഞ്ഞമ്പു ആർജിച്ചെടുത്ത വിദ്യാഭ്യാസം അദ്ദേഹത്തെ അക്കാലത്തെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരാളാക്കി മാറ്റിയിരുന്നതായി കാണാം. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ദലിത് ജനവിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പരിശ്രമം വളരെയധികം വലുതായിരുന്നു. നോവലിന്റെ ഉള്ളടക്കം വായിക്കുമ്പോൾ ഇത് ബോധ്യമാവും. അതുകൊണ്ടുതന്നെ മലയാളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ പുരോഗമന ഗദ്യസാഹിത്യമാണ് ഈ നോവൽ. നോവലിലെ ഓരോ സംഭവവും കേരളീയ ചരിത്രവുമായി താദാത്മ്യപ്പെടുന്നുണ്ട്.
വിസ്മൃതിയിലാണ്ടുപോയ ഈ രചന കോഴിക്കോട് വചനം ബുക്സാണ് വീണ്ടും പ്രസിദ്ധീകരിച്ചിരിക്കുന്നത്.എഴുത്തുകാരനും സാമൂഹിക വിമർശകനുമായ ഡോ. പി.കെ. പോക്കറിന്റെ സാമാന്യം ദീർഘവും ഗഹനവുമായൊരു പഠനം നോവലിനൊപ്പം ചേർത്തിട്ടുണ്ട്. ഭാഷയുടെയും ഭക്ഷണത്തിന്റെയും ജാതിയുടെയും പേരിൽ അക്രമ-മർദനങ്ങളും കൊലപാതകങ്ങളും നടക്കുന്ന വർത്തമാന സാഹചര്യത്തിൽ ‘സരസ്വതീവിജയം’ പോലുള്ള നോവലുകൾക്ക് പ്രസക്തിയേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.