സി.എച്ചിനെ മുഖ്യമന്ത്രിയാക്കാൻ ഇടപെട്ടത് പാലാ രൂപത
text_fieldsകൊച്ചി: മുസ്ലിം ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയെ മുഖ്യമന്ത്രിയാക്കാൻ ഇടപെട്ടത് പാലാ രൂപതയാണെന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്റെ അഭിഭാഷകനായിരുന്ന വി.കെ. ബീരാൻ രചിച്ച 'സി.എച്ച്. മുഹമ്മദ് കോയ- അറിയാത്ത കഥകൾ' എന്ന പുസ്തകം. സി.എച്ചിനെ മാറ്റിനിർത്തുന്നത് അനീതിയാണെന്ന് വ്യക്തമാക്കി പാലാ ബിഷപ്പായിരുന്ന ഡോ. സെബാസ്റ്റ്യൻ വയലിൽ തിരുവനന്തപുരം ആർച് ബിഷപ് ഡോ. ജോർജ് മാത്യുവിന് കത്ത് കൈമാറിയതും തുടർന്നുണ്ടായ സംഭവങ്ങളുമാണ് ലേഖകൻ പുസ്തകത്തിൽ വിശദീകരിക്കുന്നത്.
1977ൽ നിലവിൽവന്ന ഐക്യമുന്നണിയുടെ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായർ രാജിവെച്ചതിനത്തുടർന്നുണ്ടായ സംഭവങ്ങൾ പറയുന്ന ഭാഗത്താണ് ഇൗ പരാമർശം. സി.പി.എം, സി.പി.ഐ, അഖിലേന്ത്യ ലീഗ് എന്നിവരെ ഒഴിവാക്കി ഒരു ഭരണസംവിധാനത്തിനാണ് അന്ന് ആലോചന നടന്നത്. സി.എച്ച് മുഖ്യമന്ത്രിയാകണമെന്നായിരുന്നു പൊതു അഭിപ്രായം. എന്നാൽ, കെ.എം. മാണിയുടെ പാർട്ടിക്ക് 16 എം.എൽ.എമാർ ഉള്ളതുകൊണ്ട് 12 എം.എൽ.എമാർ മാത്രമുള്ള ലീഗ് നേതാവിനെ മുഖ്യമന്ത്രിയാക്കാൻ പലരും തയാറായില്ല. എൻ.എസ്.എസിന്റെ രാഷ്ട്രീയപാർട്ടിയായ എൻ.ഡി.പിയും മാണിയെ പിന്തുണച്ചു. മാണിയുടെ അവകാശവാദത്തെ തള്ളാൻ ലീഗ് നേതൃത്വം തയാറായില്ല. എങ്ങനെയും സർക്കാർ രൂപവത്കരിക്കുകയെന്നതായിരുന്നു പ്രധാന അജണ്ട. 1979ലും സി.എച്ചിന് മുഖ്യമന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടാൽ അത് അനീതിയാകുമെന്ന് ക്രിസ്ത്യൻ വിഭാഗം അഭിപ്രായപ്പെട്ടു. തീരുമാനം എടുക്കേണ്ട നിർണായക ദിവസത്തിന്റെ തലേന്നാൾ പ്രമുഖ അഭിഭാഷകനായിരുന്ന ഡോ. ജോർജ് മാത്യു കളപ്പുരക്കലുമായി സംസാരിച്ചെന്ന് ലേഖകൻ പറയുന്നു.
പാലാക്കാരനും മാണിയുടെ സഹപാഠിയുമായിരുന്ന അദ്ദേഹം പാലാ ബിഷപ്പിനോട് സംസാരിക്കാമെന്ന് ഏറ്റു. അരമനയിൽ അദ്ദേഹത്തെ കണ്ട് കാര്യം അവതരിപ്പിച്ചു. സംഭവങ്ങൾ ബോധ്യപ്പെട്ട അദ്ദേഹം തിരുവനന്തപുരം ആർച് ബിഷപ്പിന് കത്തെഴുതി ഡോ. ജോർജ് മാത്യു കളപ്പുരക്കലിനെ ഏൽപിച്ചു. ഉടൻ തിരുവനന്തപുരത്തെത്തിക്കാനായിരുന്നു നിർദേശം. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സി.എച്ച്. മുഹമ്മദ് കോയയെ മാറ്റിനിർത്തുന്നത് അനീതിയാണെന്നും മാണി അവകാശവാദത്തിൽനിന്ന് പിന്തിരിയണമെന്നുമായിരുന്നു കത്തിലെ ആവശ്യം. കത്ത് പുലർച്ച തിരുവനന്തപുരത്ത് എത്തിച്ചു. ഉടൻ ആർച് ബിഷപ് മാണിയെ വിളിച്ചുവരുത്തി വിവരം അറിയിച്ചു. ഒരു മടിയും കൂടാതെ മാണി തീരുമാനം അംഗീകരിച്ചു.
അതേസമയം സി.പി.എം, സി.പി.ഐ, അഖിലേന്ത്യ ലീഗ് എന്നിവയെ മാറ്റിനിർത്തി 1979ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ഒ. രാജഗോപാൽ ഉൾപ്പെടെ ജനതാപാർട്ടിയുടെ ബദൽ മന്ത്രിസഭക്ക് ശ്രമം നടന്നു. ആ മന്ത്രിസഭ സി.എച്ചിന്റെ നേതൃത്വത്തിൽ ആയിരിക്കണമെന്ന് ഒ. രാജഗോപാൽ ആവശ്യപ്പെട്ടെന്നും പുസ്തകത്തിൽ പറയുന്നു. മാണി പിന്മാറിയ വിവരം ലീഗ് യോഗത്തിൽ പങ്കെടുക്കാനെത്തിയ സി.എച്ചിനെ കണ്ട് ഡോ. ജോർജ് മാത്യു അറിയിക്കുകയും ചെയ്തെന്ന് പുസ്തകത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.