കുറുങ്കഥാകാരെൻറ കുറിപ്പുകൾ
text_fieldsഎന്നോട് സുഹൃത്ത് ചോദിച്ചു, 'ഈ ഇത്തിരി വരികളിൽ എന്തു കഥയാണുള്ളത്?'
ഞാൻ പറഞ്ഞു, 'പൊട്ടിച്ചു നോക്കൂ.'
അവൻ പൊട്ടിച്ചുനോക്കി. അതിൽനിന്ന് തെറിച്ചുവീണത് ജീവിതം.
ആറ്റിക്കുറുക്കിയെടുത്ത വാക്കുകളടുക്കിവെച്ച് കുറുങ്കഥകളാക്കി അതിൽ ജീവിതമൊളിപ്പിച്ചുവെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന പി.കെ. പാറക്കടവിന്റെ പുതിയ പുസ്തകം 'പള്ളിക്കുന്നിൽനിന്ന് ടി. പത്മനാഭൻ വിളിക്കുന്നു' പതിവിൽനിന്നേറെ വ്യത്യസ്തമാണ്. സാഹിത്യജീവിതവും അതോടൊപ്പം മൂന്നു പതിറ്റാണ്ടുകാലത്തെ മാധ്യമപ്രവർത്തന ജീവിതവുംകൂടി ഈ കൃതി അടയാളപ്പെടുത്തുന്നു. വിവിധ പ്രസിദ്ധീകരണങ്ങളിലെഴുതിയ 16 കുറിപ്പുകളും മാധ്യമം ആഴ്ചപ്പതിപ്പിനുവേണ്ടി നടത്തിയ നാല് കനപ്പെട്ട അഭിമുഖങ്ങളും രണ്ടു ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നു.
ടി. പത്മനാഭനൊന്നിച്ചുള്ള വിവിധ യാത്രകളിലെ അനുഭവങ്ങൾ ചേർത്തുവെച്ച 'പള്ളിക്കുന്നിൽനിന്ന് പപ്പേട്ടൻ വിളിക്കുന്നു' എന്ന ചെറുലേഖനത്തോടെയാണ് തുടക്കം. ഇരുനൂറിൽ താഴെ കഥകൾ മാത്രം എഴുതി കഥയുടെ കുലപതിയായയാളാണ് പത്മനാഭൻ. പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്നേഹമാണ് അദ്ദേഹത്തിന്റെ കഥകളിൽ. ലോകം വളരെ സങ്കീർണവും വൈവിധ്യാത്മകവും കാവ്യാത്മകമായ ജ്ഞാനം നിറഞ്ഞതുമാണെന്ന് അദ്ദേഹം നമ്മെ അനുഭവിപ്പിക്കുന്നു. നമ്മുടെ ലോകമല്ല, നാം നിരീക്ഷിക്കാൻ വിട്ടുപോയ ലോകമാണ് ഈ എഴുത്തുകാരൻ കാണിച്ചുതരുന്നത്, അത് കഥകളിൽ സ്നേഹമായി പരക്കുന്നു എന്ന് പാറക്കടവ് നിരീക്ഷിക്കുന്നു.
മലയാള ഭാഷയുടെ തിരുമുറ്റത്ത് ഒരു സിംഹാസനം സ്വന്തമായി വലിച്ചിട്ട് അതിലിരുന്ന യു.എ. ഖാദറിനെക്കുറിച്ചാണ് 'മുരിങ്ങാച്ചുവട്ടിൽനിന്ന് നക്ഷത്രങ്ങളെ നോക്കിയ എഴുത്തുകാരൻ' എന്ന ലേഖനത്തിൽ. ചൊടിയും ചുണയും മണ്ണിന്റെ ഗന്ധവുമുള്ള ഭാഷയും അക്ഷരങ്ങൾകൊണ്ട് വർണചിത്രങ്ങൾ രചിക്കാനുള്ള കഴിവുംകൊണ്ട് മലയാള സാഹിത്യ പ്രണയിനികളുടെ ഹൃദയം കീഴടക്കിയ കഥാകാരനാണ് യു.എ. ഖാദർ എന്ന നിരീക്ഷണമാണ് ഈ കുറിപ്പിൽ അവതരിപ്പിക്കുന്നത്.
'കഥയുടെ രാജാവ് ഇപ്പോൾ വിശ്രമിക്കുകയാണ്' എന്ന ലേഖനത്തിൽ വൈക്കം മുഹമ്മദ് ബഷീറിനു ശേഷം ഇത്രയേറെ വായനക്കാരെ തന്റെ രചനകളോട് അടുപ്പിച്ചുനിർത്തിയ മറ്റൊരു എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുല്ല മാത്രമാണെന്ന് പി.കെ. പാറക്കടവ് അടയാളപ്പെടുത്തുന്നു. നസൂഹ, ജീവച്ഛവം, നവാബ്, പാപത്തിന്റെ മറ, കാഴ്ചബംഗ്ലാവ്, അസർ ബാങ്ക്, അരക്കില്ലം, കുന്തി, ദൈവം സാക്ഷി, ചിരുത, ഒരു ബലാത്സംഗത്തിന്റെ കഥ തുടങ്ങിയ കഥകളെയും വിവിധ ഘട്ടങ്ങളിലെ കഥാകൃത്തിന്റെ വിവാദങ്ങളായി മാറിയ നിലപാടുകളെയും ലേഖനം വിലയിരുത്തുന്നു.
കഥ പറഞ്ഞു പറഞ്ഞ് ഒടുവിലൊരു കഥയായി മാറിയ അക്ബർ കക്കട്ടിലിനെക്കുറിച്ചുള്ള ഓർമകളാണ് 'അക്ബർ പറഞ്ഞ കഥ ഇപ്പോഴും നമ്മോടൊപ്പമുണ്ട്' എന്ന കുറിപ്പ്. സൗഹൃദങ്ങളുടെ സുൽത്താനായിരുന്ന അക്ബർ മാഷ് ഹൃദയം തൊടുന്ന ലളിതമായ കഥകൾ നമ്മോടു പറഞ്ഞു. എഴുതി എന്നതിനെക്കാൾ കഥകൾ പറഞ്ഞു തരുകയായിരുന്നു അക്ബർ എന്നാണ് പാറക്കടവ് സമർഥിക്കുന്നത്.
മലയാളത്തിലെ ധാരാളം കൃതികൾ തമിഴ് വായനക്കാർക്ക് പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് തോപ്പിൽ മുഹമ്മദ് മീരാൻ. പാറക്കടവിന്റെ കഥകളും വിവിധ തമിഴ് മാസികകളിൽ ഭാഷാന്തരം ചെയ്ത് അദ്ദേഹം പ്രസിദ്ധപ്പെടുത്തി. മീസാൻകല്ലുകളുടെ കാവൽ എന്ന ചെറു നോവൽ തമിഴിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചതും അദ്ദേഹമാണ്. ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് മീരാന്റെ രചനകൾ. തമിഴിലെ വൈക്കം മുഹമ്മദ് ബഷീറെന്ന് മീരാനെ വിശേഷിപ്പിക്കുന്നു.
എഴുത്തച്ഛൻ ബാക്കിവെച്ച പനയോലകളിലാണ് ഒ.വി. വിജയൻ എഴുതിയത് എന്ന ഷെൽവിയുടെ പിൻകുറിപ്പോടെ മൾബറി പ്രസിദ്ധീകരിച്ച 'വിജയൻ എന്ന പ്രവാചകൻ' ഗ്രന്ഥത്തിന്റെ പിറവിയുടെ കഥയിൽ തുടങ്ങുന്ന വിജയൻ ഓർമക്കുറിപ്പ് ഏറെ ഹൃദ്യം. മലയാളത്തിലെ നിരവധി എഴുത്തുകാരുടെ കുറിപ്പുകൾ ചേർത്ത് പുസ്തകം എഡിറ്റ് ചെയ്തത് പാറക്കടവ്. വിജയനുമായുണ്ടായിരുന്ന ആത്മബന്ധം വാചാലതകളില്ലാതെ കുറിപ്പിൽ വരച്ചിടുന്നു.
മുല്ലപ്പൂ കവിതകളും മൊഴിമാറ്റങ്ങളും
നീതികേടിനെതിരെ, പേനയിൽ അഗ്നിനിറച്ച് രോഷത്തിന്റെ തീനാമ്പായി അക്ഷരങ്ങളെയ്തുവിട്ട ഉർദു കവി അലി സർദാർ ജാഫരിയുടെ രചനകളിലൂടെയുള്ള സഞ്ചാരമാണ് 'പൂവിടുന്ന മുറിവുകളിലൂടെ'. അലി ജാഫരിയുടെ നിരവധി കവിതകൾ പി.കെ. പാറക്കടവ് മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.
തുനീഷ്യയിലും ഈജിപ്തിലും പ്രക്ഷോഭങ്ങളിൽ ഇടിമുഴക്കങ്ങളായി പ്രകമ്പനം സൃഷ്ടിച്ച കവിതകളുടെ കരുത്തിനെ സാക്ഷ്യപ്പെടുത്തുന്ന കുറെ രചനകളെയും കവികളെയും പരിചയപ്പെടുത്തുന്നു, 'ചോര പൊടിയുന്ന പാട്ടിന്റെ വൃക്ഷങ്ങൾ' എന്ന ചെറുതല്ലാത്ത കുറിപ്പ്.
മാർകേസിനെക്കുറിച്ചുള്ള 'ഗബ്രിയേൽ ഗാർസിയാ മാർകേസ് മലയാളം സംസാരിക്കുന്നു', യൂസഫ് അറക്കലുമായുള്ള സൗഹൃദത്തെ കുറിച്ചും അദ്ദേഹത്തിന്റെ 'എ ഹോമേജ് ടു ബഷീർ' അടക്കമുള്ള ചിത്രങ്ങളെക്കുറിച്ചുമുള്ള 'നിറമുള്ള കുറേ ഓർമചിത്രങ്ങൾ' എന്നിവയും ശ്രദ്ധേയമായ കുറിപ്പുകളാണ്. നാട്ടിൻപുറം വിട്ട് മഹാനഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലുമിരുന്ന് മലയാള സാഹിത്യത്തിന് ഈടുറ്റ രചനകൾ സംഭാവന ചെയ്തവരെ ഓർക്കുന്നുണ്ട് ഒരു കുറിപ്പിൽ.
കഥകൾക്കു ചിറകുണ്ടായിരുന്ന കാലം
കഥകൾക്കു ചിറകുകളുണ്ടായിരുന്ന കുട്ടിക്കാലത്തെക്കുറിച്ചുള്ള പാറക്കടവിന്റെതന്നെ ഓർമകളാണ് പുസ്തകത്തിലെ മറ്റൊരു ലേഖനം. ജീവനുള്ള കഥാപാത്രങ്ങളുടെയും നേരനുഭവങ്ങളുടെയും തെളിമയിൽ ലോകത്തിന്റെ ഗന്ധം നുകർന്നതിന്റെ സാക്ഷ്യങ്ങൾ. മൂർച്ചയേറിയ കുറുങ്കഥകളായി പിന്നീടവ പുനർജനിക്കുന്നതിന്റെ മാജിക്കാണ് എഴുത്തുകാരൻ പങ്കുവെക്കുന്നത്. ഊതിവീർപ്പിച്ച പൊങ്ങച്ചത്തിനു നേരെ ഒരു കൊച്ചുകഥയുടെ മുനകൊണ്ട് കുത്തുകയാണ് വേണ്ടതെന്നും അപ്പോൾ ജീവിതം തെറിച്ചുവീഴണമെന്നും 'ചെറിയ കഥകൾക്ക് ഒരു മുഖക്കുറിപ്പ്' ഓർമിപ്പിക്കുന്നു. ഫാറൂഖ് കോളജ് പഠനകാലവും അക്കാലത്തെ സാഹിത്യ ജീവിതവുമാണ് 'ബദാം മരത്തിന്റെ ഇലകൾ' എന്ന കുറിപ്പിൽ പങ്കുവെക്കുന്നത്.
മാധ്യമം ആഴ്ചപ്പതിപ്പിനുവേണ്ടി പിണറായി വിജയനുമായി പാറക്കടവ് നടത്തിയ സുദീർഘമായ അഭിമുഖം പുസ്തകത്തിന്റെ രണ്ടാംഭാഗത്തു ചേർത്തിരിക്കുന്നു. വി.എസ്. അച്യുതാനന്ദനെ പർട്ടിയിൽനിന്ന് വേർപെടുത്തി അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ രീതിയെ ഇതിൽ പിണറായി വിമർശിക്കുന്നുണ്ട്. എം. മുകുന്ദൻ, സച്ചിദാനന്ദൻ, സേതു എന്നീ എഴുത്തുകാരുമായി പാറക്കടവ് നടത്തിയ അഭിമുഖങ്ങളുമുണ്ട് പുസ്തകത്തിൽ. ചുരുക്കത്തിൽ, വ്യത്യസ്തമായ രചനകൾ ചേർത്തുവെച്ചതാണ് ഈ പുസ്തകം; അതുകൊണ്ടുതന്നെ മികച്ച വായനാനുഭവമാണ് ഈ കൃതി സമ്മാനിക്കുന്നത്.●
പള്ളിക്കുന്നിൽനിന്ന്
ടി. പത്മനാഭൻ വിളിക്കുന്നു
(ലേഖനങ്ങൾ, അഭിമുഖങ്ങൾ)
പി.കെ. പാറക്കടവ്
സൈകതം ബുക്സ്
പേജ്: 146 വില: 190
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.