പ്രവാസത്തിന്റെ വേരറ്റ വേദനകളുടെ കഥകളുമായി കോഴിക്കോടുനിന്നൊരു ചരിത്രകാരൻ
text_fieldsമനാമ: പ്രവാസത്തിന്റെ ആദ്യകാലങ്ങളിലെത്തിയ സാധാരണക്കാരായ മലയാളികളാണ് ഇന്നത്തെ ആധുനിക ഗൾഫിനെ പടുത്തുയർത്തിയതെന്ന് ചരിത്രകാരനും ‘കോഴിക്കോട്ടെ മുസ്ലിങ്ങളുടെ ചരിത്രം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ പി.പി. മമ്മത്കോയ പരപ്പിൽ. ബഹ്റൈനിൽനിന്നുള്ള അറബികളാണ് കേരളവുമായി ആദ്യം വ്യാപാരബന്ധം സ്ഥാപിച്ചതെന്നതിന് തെളിവുകളുണ്ടെന്നും ബഹ്റൈൻ സന്ദർശനത്തിനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഗൾഫിലാദ്യമായി വിമാനത്താവളമടക്കം നിലവിൽവന്ന ബഹ്റൈൻ, ചരിത്രപരമായും സാംസ്കാരികപരമായും ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്. അതുകൊണ്ടുതന്നെ മറ്റു ഗൾഫ് നാടുകളോടൊപ്പം ബഹ്റൈനും സന്ദർശിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു.
‘കോഴിക്കോട്ടെ മുസ്ലിങ്ങളുടെ ചരിത്രം’ എന്ന പുസ്തകം എട്ടുവർഷം നീണ്ട അധ്വാനത്തിലൂടെയാണ് രചിച്ചത്. ഇതിനാവശ്യമായ വസ്തുതകളും ചരിത്രരേഖകളും ശേഖരിക്കാനായി വലിയ പണച്ചെലവും അധ്വാനവും വേണ്ടിവന്നു. കാലിക്കറ്റ് സർവകലാശാലയിലെ ജീവനക്കാരനായ മമ്മത്കോയയുടെ ചരിത്രതാൽപര്യം മനസ്സിലാക്കി മാർഗനിർദേശങ്ങൾ നൽകിയത് ചരിത്രകാരനായ എം.ജി.എസ്. നാരായണനാണ്. സർവകലാശാലയിലെ ഗവേഷകർക്കുപോലും കണ്ടെത്താൻ പറ്റാത്ത വിവരങ്ങളാണ് മമ്മത്കോയ പുസ്തകത്തിൽ പറയുന്നതെന്ന് എം.ജി.എസ് പുസ്തകത്തിന്റെ രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ദുബൈയിലെ ഗോർഫുഖാനിലാണ് ചരക്കുമായിപ്പോയ ഉരുക്കളിൽ കയറി മലയാളികൾ ആദ്യകാലത്ത് എത്തിക്കൊണ്ടിരുന്നതെന്ന് പുസ്തകത്തിൽ പറയുന്നു. സാങ്കേതികവിദഗ്ധരെ മാത്രമാണ് അക്കാലത്ത് നിയമപരമായി ഗൾഫ് നാടുകളിലേക്ക് കൊണ്ടുപോയിരുന്നത്. എന്നാൽ, അനധികൃതമായി എത്തുന്നവരെ പിന്നീട് അംഗീകരിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങൾക്ക് തൊഴിലാളികളെ ആവശ്യമുണ്ടായിരുന്നു എന്നതിനാലാണിത്. അങ്ങനെ മാസങ്ങൾ നീണ്ട ഉരുയാത്രയെയും കഷ്ടപ്പാടുകളെയും അതിജീവിച്ചെത്തിയ സാധാരണക്കാരാണ് ആധുനിക ഗൾഫിനെ സൃഷ്ടിച്ചത്. മലബാറിനെ അടയാളപ്പെടുത്തുന്ന ഭാഷയും വേഷവിധാനങ്ങളും അവയിൽവന്ന പരിണാമങ്ങളും പുസ്തകത്തിന്റെ താളുകളെ സമ്പന്നമാക്കുന്നു. അബ്ദുല്ല ഫറാജ് എന്ന അറബി വ്യാപാരി 1950ൽ ബേപ്പൂരിലെത്തി പണിയിപ്പിച്ചുകൊണ്ടുപോയ ഉരു ഇപ്പോൾ കുവൈത്തിലെ കാഴ്ചബംഗ്ലാവിന്റെ മുറ്റത്ത് സംരക്ഷിച്ചിട്ടുണ്ട്. ഇതടക്കം മലബാറിന്റെയും അറബ് നാടുകളുടെയും ചരിത്രത്തിന്റെ എണ്ണിയാലൊടുങ്ങാത്ത ശകലങ്ങൾ ചിട്ടപ്പെടുത്തി വായനക്കാർക്കായി നൽകാൻ മമ്മത് കോയക്ക് കഴിഞ്ഞിട്ടുണ്ട്.
മക്കയും മദീനയും സന്ദർശിച്ചശേഷം തുർക്കിയയിലേക്കാണ് മമ്മത്കോയ പോയത്. ബഹ്റൈനിലുള്ള മകൻ മുഹമ്മദ് റാഷിദും ജിദ്ദയിലുള്ള മകൻ മുസ്താഖ് അഹമ്മദും യാത്രയിലൊപ്പമുണ്ടായിരുന്നു. തുർക്കിയയിലെ ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ ഒരാഴ്ചയെടുത്ത് സന്ദർശിച്ചു. സ്പെയിനടക്കം മറ്റു രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ള മമ്മത്കോയ ഈ രാജ്യങ്ങളുടെ ചരിത്രപരമായ സവിശേഷതകൾ വിശദീകരിച്ച് ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ബഹ്റൈൻ നാഷനൽ മ്യൂസിയവും ഗ്രാൻഡ് മോസ്കും ബൈത്തുൽ ഖുർആൻ ഗവേഷണ കേന്ദ്രവുമടക്കം സന്ദർശിച്ച അദ്ദേഹം മറ്റു ചരിത്രസ്ഥലങ്ങളും കണ്ടതിനുശേഷം അടുത്തയാഴ്ച നാട്ടിലേക്ക് തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.