ഇ.കെ. നായനാരെപ്പോലെ ജനമനസുകളോട് ചേർന്നുനിന്ന മറ്റൊരു നേതാവിനെ കേരളം കണ്ടിട്ടുണ്ടാവില്ലെന്ന് ആര്‍.ബിന്ദു
text_fieldsതിരുവനന്തപുരം: ജനമനസുകളോട് ഇത്രയേറെ ചേർന്നുനിന്ന മറ്റൊരു നേതാവിനെ കേരളം കണ്ടിട്ടുണ്ടാവില്ലെന്ന് മന്ത്രി ഡോ. ആര്‍.ബിന്ദു. ഡോ. ചന്തവിള മുരളി രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മുൻ മുഖ്യമന്ത്രി ഇ. കെ. നായരുടെ ജീവചരിത്രമായ ‘ഇ. കെ. നായനാർ ഒരു സമഗ്രജീവചരിത്ര പഠനം’ എന്ന പുസ്തകം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഹാളിൽ സഹകരണം- ടൂറിസം- ദേവസ്വംവകുപ്പ് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എക്ക് നല്‍കി പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.
സുദീർഘമായ പോരാട്ട കാലയളവിൽ പാർലമെന്ററി പ്രവർത്തനങ്ങളോടൊപ്പം തന്നെ പാർലമെന്ററി ഇതര പ്രവർത്തനങ്ങളും ഏറ്റവും സമർത്ഥമായി സമന്വയിപ്പിച്ചയാളാണ് ഇ.കെ. നായനാര്‍. ഇന്നും ഒരു പ്രകാശഗോപുരംപോലെ നിരവധി ഹൃദയങ്ങളിൽ നായനാർ ജീവിക്കുന്നു. ഇങ്ങനെയൊരു അമരനായകനെ ചരിത്രത്തിൽ കൃത്യമായി രേഖപ്പെടുത്തുക എന്ന വലിയ കർത്തവ്യമാണ് ഡോ. ചന്തവിള മുരളി ഏറ്റെടുത്തത്. കമ്യൂണിസ്റ്റുകാരനും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ജനപ്രിയ നായകനുമൊക്കെയായിരുന്ന സമഗ്ര വ്യക്തിത്വത്തിന്റെ, ജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് ഗൗരവപൂർവം ആഴത്തിലിറങ്ങി ചെല്ലുന്ന പുസ്തകമാണ് ഇതുവഴി നമുക്ക് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ എത്രത്തോളം സ്നേഹിച്ചുവെന്നതിന്റെ തെളിവാണ് തിരുവനന്തപുരത്തു നിന്നും കണ്ണൂര്‍ പയ്യാമ്പലം വരെയുള്ള അദ്ദേഹത്തിന്റെ വിലാപയാത്രയിലെ ജനസഞ്ചയമെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ ആധ്യക്ഷത വഹിച്ചു.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ ഡോ. എന്‍.നൗഫല്‍ പുസ്തകം പരിചയപ്പെടുത്തി. ഇ.കെ നായനാരുടെ മകൾ കെ.പി സുധ, ചിന്ത പബ്ലിഷേഴ്സ് ജനറൽ മാനേജർ കെ. ശിവകുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എൻ. രതീന്ദ്രൻ, ഗ്രന്ഥകാരൻ ചന്തവിള മുരളി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് എ. ബിന്ദു, സബ് എഡിറ്റര്‍ ജെ. അനുപമ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.