റഫ്സാനയുടെ എഴുത്ത്, അഥവാ പോരാട്ടം
text_fieldsതുടർച്ചയായി എഴുത്തിനിടയിൽ കൈകൾ തളർന്നു പോകാറുണ്ട്. പക്ഷെ അതൊന്നും എഴുത്തിന്റെ ത്രില്ലിൽ റഫ്സാനയെ ബാധിക്കാറില്ല. തന്നെ പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ജീവിതം മുന്നോട്ട് നടക്കാനുള്ള പ്രചോദനമാവുകയാണ് ഈ കണ്ണൂരുകാരി.
ജീവിതം പലപ്പോഴും നമുക്കുമുന്നിലൊരു ചോദ്യചിഹ്നമായി മാറാറുണ്ട്. ജീവിതത്തെ പൊരുതി തോൽപ്പിക്കാൻ നമ്മുടെയൊക്കെ ഉള്ളിലൊളിഞ്ഞിരിക്കുന്ന ഒരു ചെറിയ കഴിവിനെ കണ്ടെത്തുകയേ വേണ്ടൂ. അക്ഷരങ്ങൾക്ക് ജീവിതത്തെ തോൽപ്പിക്കാനുള്ള ആയുധമാകാനൊക്കുമോ? അക്ഷരങ്ങളെ പ്രണയിച്ചൊരു പെൺകുട്ടിയുടെ കഥയാണിത്. ജീവിതത്തെ അക്ഷരങ്ങൾകൊണ്ട് പൊരുതി നേരിട്ട ഇരുപത്തിമൂന്ന് വയസ്സുകാരിയായ റഫ്സാന ഖാദറിന്റെ കഥ.
ജന്മനാ സെറിബ്രൽ പാൾസി എന്ന രോഗം റഫ്സാനയെ പിടികൂടി. ആറുമാസം പ്രായമായിരിക്കെയാണ് രോഗം തിരിച്ചറിഞ്ഞത്. പുസ്തകങ്ങൾ വായിക്കാൻ ഒത്തിരി ഇഷ്ടമുള്ള റഫ്സാനക്ക് ഷെർലക്ക് ഹോംസ് കഥകളും, വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലുകളുമൊക്കെ ഏറെ പ്രിയപ്പെട്ടതാണ്. രോഗം തിരിച്ചറിഞ്ഞതുമുതൽ ചികിത്സയിലാണ് റഫ്സാന. ഇതിനിടയിൽ ഏകാന്തതയെ മറികടക്കാനും പുസ്തകങ്ങൾ കൂട്ടായി. ആദ്യം ഫെയ്സ്ബുക്കിലായിരുന്നു എഴുത്ത്.
റഫ്സാനയെഴുതിയ കഥകൾ വായനക്കാർ ഏറ്റെടുത്ത് പ്രോത്സാഹനം നൽകിയതോടെ നോവൽ എഴുതാം എന്ന ചിന്തയിലെത്തി. കോവിഡ് കാലത്ത് പല കഥാരചനാ മത്സരങ്ങളിലും വിജയിയായിട്ടുണ്ട്. പിന്നീട് തനിക്കുമൊരു പുസ്തകമെഴുതി പ്രകാശനം ചെയ്യണം, തന്നെപ്പോലെ ഒരു തരിമ്പ് ആത്മവിശ്വാസം വേണമെന്നാഗ്രഹിക്കുന്നവർക്ക് ഒരു പ്രചോദനമാകണം. ഇതായി ലക്ഷ്യം. അങ്ങനെ ആദ്യപുസ്തകം എഴുതിത്തുടങ്ങി. ജിന്ന് നൂനയുടെ സ്വന്തം. സ്വപ്നലോകത്തെന്നപോലെ വായനക്കാരനെ തോന്നിപ്പിക്കുന്ന ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ ഉറക്കിൽ നിന്നെണീറ്റ ഫീലാണെന്ന് വായനക്കാർ പറയുന്നു.
അങ്ങിങ്ങായി കോറിയിട്ടതും, ഫോണിൽ കുറിച്ചട്ടതുമൊക്കെയായ വരികൾ ഒരു കഥയായി രൂപംകൊണ്ടു. എഴുത്തിലൂടെയും, വായനയിലൂടെയും തന്റെ ജീവിതം തന്നെ മാറ്റിയെഴുതുകയായിരുന്ന. ഇന്ന് റഫ്സാന ഒരെഴുത്തുകാരിയാണ്. ജിന്ന് നൂനയുടെ സ്വന്തം എന്ന റഫ്സാനയുടെ ആദ്യ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തതിലുള്ള സന്തോഷത്തിലാണ് റഫ്സാന. ഒപ്പം തീവണ്ടിയെന്ന അടുത്തൊരു ക്രൈം ത്രില്ലർ നോവലിനായുള്ള പണിപ്പുരയിലും. തുടർച്ചയായി എഴുത്തിനിടയിൽ കൈകൾ തളർന്നു പോകാറുണ്ട്. പക്ഷെ അതൊന്നും എഴുത്തിന്റെ ത്രില്ലിൽ റഫ്സാനയെ ബാധിക്കാറില്ല.
തന്നെ പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ജീവിതം മുന്നോട്ട് നടക്കാനുള്ള പ്രചോദനമാവുകയാണ് ഈ കണ്ണൂരുകാരി. ഇപ്പോഴും ചികിത്സയിലാണെങ്കിലും അതിന്റെ നോവൊന്നും ആ മുഖത്ത് കാണാനാവില്ല. പുഞ്ചിരിക്കുന്ന മുഖവുമായി ഈ പെൺകുട്ടി ഇനിയും കഥകളെഴുതുകയാണ്. കണ്ണൂർ കണ്ണപുരം സ്വദേശികളായ കെ. അബ്ദുൽ ഖാദറിന്റെയും കെ.പി മറിയുമ്മയുടെയും മകളാണ് റഫ്സാന. രണ്ട് സഹോദരങ്ങളാണുള്ളത്. ഇവർ തനിക്ക് നൽകുന്ന പിന്തുണയാണ് ഇനിയുമെഴുതാൻ തനിക്ക് പ്രചോദനം നൽകുന്നതെന്ന് റഫ്സാന പറയുന്നു. യു.എ.ഇ ഭിന്നശേഷിക്കാർക്ക് കൊടുക്കുന്ന ഒരു പ്രത്യേക സ്വാതന്ത്ര്യവും സൗഹൃദവുമാണ് താനിവിടെ ആസ്വദിക്കുന്നതെന്ന് റഫ്സാന പറയുന്നു. മലയാള ഭാഷയിൽ ബിരുദം നേടിയിട്ടുകൂടിയുണ്ട് ഈ മിടുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.