Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightയുവതയുടെ ഉള്ളംതൊട്ട...

യുവതയുടെ ഉള്ളംതൊട്ട റാം കെയർ ഓഫ്​ ആനന്ദി

text_fields
bookmark_border
RAM C/O ANANDHI
cancel

കോട്ടയം: കേരളത്തിലെ ബുക് ഷോപ്പുകളിലെ റാക്ക് അതിവേഗം നിറഞ്ഞും അതിനേക്കാള്‍ വേഗത്തില്‍ കാലിയാവുകയും ചെയ്യുന്ന ഒരു മാന്ത്രികമാണ്​ ഇ​പ്പോൾ കണ്ടുവരുന്നത്. കൂടാതെ സോഷ്യല്‍ മീഡിയയുടെ മുക്കിനും മൂലയിലും നോവൽ തരംഗമാണ്​. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ അഖിൽ പി. ധർമജന്‍റെ റാം കെയർ ഓഫ്​ ആനന്ദി എന്ന സിനിമാറ്റിക്​ നോവലാണ്​ കേരളത്തിലെ യുവതലമുറയുടെ മനസ്സ് കീഴടക്കുന്നത്​.

2020 അവസാനത്തോടെയാണ്​ റാം കെയർ ഓഫ്​ ആനന്ദി ഒരു പബ്ലിസിറ്റിയുമില്ലാതെ വായനക്കാരില്‍ നിന്ന് വായനക്കാരിലേക്ക് സഞ്ചരിച്ചു തുടങ്ങിയത്​. ഏറ്റവും ഒടുവില്‍ ഇന്‍സ്റ്റഗ്രാം റീലുകളിലും സ്റ്റോറികളിലും കൂടി ഇടംപിടിച്ചതോടെ നോവൽ യുവവായനക്കാർ ഏറ്റെടുക്കുകയായിരുന്നു. പുതിയ തലമുറ വായിക്കുന്നില്ല എന്ന്​ മുതിര്‍ന്നവര്‍ വേവലാതിപ്പെടുന്ന കാലത്താണ് 350 പേജുള്ള ഒരു നോവല്‍ ഇന്‍സ്റ്റഗ്രാമിലൂടെ തരംഗമാകുന്നതും ഇന്ത്യയിലെ ബെസ്റ്റ് സെല്ലറുകളുടെ കൂട്ടത്തില്‍ ഇടംപിടിക്കുന്നതും.

സിനിമ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തില്‍ എത്തുന്ന റാം എന്ന മലയാളി ചെറുപ്പക്കാരനിലൂടെ തുടങ്ങുന്ന കഥ സഹപാഠികളായ രേഷ്മയിലുടെയും വെട്രിയിലുടെയും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആനന്ദിയിലൂടെയും റെയില്‍വേ സ്റ്റേഷനില്‍ വച്ച് പരിചയപ്പെടുന്ന തിരുനങ്കൈ മല്ലിയിലൂടെയും വെട്രിയുടെയും ആനന്ദിയുടെയും വീടിന്റെ ഉടമസ്ഥയായ പാട്ടിയിലൂടെയുമൊക്കെയാണ് വികസിക്കുന്നത്. ചെന്നൈ നഗരത്തിലെ ജീവിതത്തിന്റെ സൂക്ഷ്മതകളെയും വൈവിധ്യങ്ങളെയും സുന്ദരമായ വാക്കുകളിലൂടെ നോവലിൽ വിവരിച്ചിട്ടുണ്ട്​.

എന്നാലിപ്പോൾ ആ വാക്കുകള്‍ക്ക് ശബ്ദവും രൂപവും നല്‍കുകയാണ് സോഷ്യല്‍ മീഡിയ. ഒരു സിനിമ കാണുന്നത്​ പോലെ വായിച്ചിരിക്കാന്‍ കഴിയുന്നു എന്നതാണ്​ നോവലിനെ കൂടുതൽ ജനപ്രീതിയേകിയത്​. ഓരോ താളുകളിലുടെയും വായനക്കാര്‍ കടന്നുചെല്ലുന്നത് ചെന്നൈയിലെ തെരുവിലൂടെയും റാം കടന്നുപോകുന്ന സാഹചര്യങ്ങളിലൂടെയുമാണ്.

കഴിഞ്ഞ ഒരു മാസത്തോളമായി ആമസോണ്‍ ഇന്ത്യയില്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമതായി​ പുസ്തകം സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ രചിക്കപ്പെടുന്ന കൃതികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ പട്ടികയായ നീല്‍സണ്‍ ബുക്ക് സ്‌കാനില്‍ ടോപ്പ് സെല്ലറുകളുടെ പട്ടികയില്‍ തുടര്‍ച്ചയായി നിരവധിതവണ നോവൽ ഇടംനേടിയിട്ടുണ്ട്​.

31-ാം പതിപ്പുവരെ പുറത്തിറങ്ങിയ നോവലിന്‍റെ കവർപേജും ഇതിനോടകം ഹിറ്റാണ്​. ലോക്സഭ തെരഞ്ഞെടുപ്പിൽ വയനാട്ടിലെ എൽ.ഡി.എഫ്​ സ്ഥാനാർഥി ആനി രാജക്ക്​ വേണ്ടി റാം കെയർ ഓഫ്​ ആനന്ദിയുടെ പുസ്തക കവർ മാതൃകയാക്കി പോസ്റ്ററുകൾ ഇറങ്ങിയിരുന്നു. കൂടാതെ മിൽമ, അമൂൽ, കേരള പൊലീസിന്‍റെ ഔദ്യോഗിക പേജിലും റാം കെയർ ഓഫ്​ ആനന്ദി തരംഗമായി​.

ഓജോ ബോർഡ്​, മെർക്കുറി ഐലന്‍റ്​ എന്നിവയാണ്​ അഖിലിന്‍റെ മറ്റ്​ പുസ്തകങ്ങൾ. കഴിഞ്ഞ വർഷത്തെ ഇയർടോപ്പറായ ‘2018: എവരി വൺ ഇസ്​ ഹീറോ’ മലയാളസിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ്​ അഖിൽ പി. ധർമജൻ. ഏറെ വിജയമായ റാം കെയർ ഓഫ്​ ആനന്ദി നോവൽ സിനിമയാക്കുന്നതിനുള്ള പ്രഖ്യാപനം കഴിഞ്ഞയിടെ നടത്തിയിരുന്നു. വെൽത്ത് ഐ സിനിമാസിന്‍റെ ബാനറിൽ നിർമാതാവ് വിഗ്നേഷ് വിജയകുമാറാണ് നിർമിക്കുന്നത്. നവാഗത സംവിധായിക അനുഷ പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ട്രെന്‍ഡാകുമ്പോഴും നോവലിനെ അടച്ചാക്ഷേപിച്ചും മോശം പരാമര്‍ശങ്ങള്‍ നടത്തിക്കൊണ്ടുമുള്ള എതിര്‍പ്പുകളും പലഭാഗത്ത് നിന്നുണ്ടാകുന്നുണ്ട്. സാമൂഹിക മാധ്യമമായ ടെലിഗ്രാമിൽ നോവലിന്‍റെ വ്യാജപതിപ്പും പി.ഡി.എഫ്​ രൂപത്തിൽ പ്രചരിക്കുന്നുണ്ട്​. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ്​ അഖിൽ പി. ധർമജൻ. ​റാം കെയർ ഓഫ്​ ആനന്ദി കൂടാതെ നിമ്ന വിജയ്​ യുടെ ​‘ഏറ്റവും പ്രിയപ്പെട്ട എന്നോട്​’ എൻ. മോഹനന്‍റെ ‘ഒരിക്കൽ’ എന്നീ പുസ്തകങ്ങളും യുവതലമുറ ഏറ്റവും കൂടുതലായി ആഘോഷിക്കുന്ന ഇഷ്ട പുസ്തകങ്ങളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book reviewRAM C/O ANANDHI
News Summary - RAM C/O ANANDHI from the heart of youth
Next Story