Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightമനസ്സ് വാക്കിലും...

മനസ്സ് വാക്കിലും വാക്ക് മനസ്സിലും

text_fields
bookmark_border
book
cancel

മനസ്സ് വാക്കിലും വാക്ക് മനസ്സിലും പ്രതിഷ്ഠിക്കുന്ന കഥാപുസ്തകത്തിലേക്ക് ഒരു സഞ്ചാരം, ‘കരളാഴം കടന്ന് കടൽദൂരത്തേക്ക്’. പ്രണയം, കാരുണ്യം, നീതി, നന്മ, നർമം തുടങ്ങിയ മൗലികമൂല്യങ്ങൾ അനുഭവിക്കുമ്പോഴുണ്ടാകുന്ന ആന്തരിക ആനന്ദം അനിർവചനീയമാണ്. ഇത്തരം മനുഷ്യസഹജമായ വികാരങ്ങളോട് സംവദിക്കുമ്പോൾ അനുവാചകരെ ആകർഷിക്കുന്ന ഒരു മനുഷ്യ മാഗ്നറ്റായി എം.എ. സുഹൈലിലെ കഥാകാരൻ മാറുന്നു.

പുതുകാലത്തെ ഒരെഴുത്തുകാരൻ എന്നനിലയിലുള്ള അദ്ദേഹത്തിന്റെ കാഴ്ചയും കാഴ്ചപ്പാടും വായനക്കാരിൽ ചില ആന്തരികചലനങ്ങളുണ്ടാക്കുമെന്നത് തീർച്ചയാണ്. തൻ നിമിത്തം വായനക്കാരുടെ ഹൃദയത്തിന്റെ, മനസ്സിന്റെ അന്തരാളങ്ങളിൽ കഥയെഴുത്തെന്ന കലയിലൂടെ ഈ പുസ്തകത്തിലെ ഓരോ കഥയും വാക്‌ശിൽപങ്ങളായി മാറുന്നു. കേവലം കഥകളല്ലാതെ കാര്യങ്ങൾകൂടി പറയുന്നതാണ് അവ.

പുസ്തകത്തിന്റെ പുറംചട്ടയിലെ കെ.പി. രാമനുണ്ണിയുടെ വാക്കുകൾ. അതിങ്ങനെയാണ്. ‘‘യാത്രകളിലെ ആകസ്മികതകളിലൂടെ ജീവിതാർഥം തേടുന്ന കഥകളുടെ സമാഹാരമാണ് ‘കരളാഴം കടന്ന് കടൽ ദൂരത്തേക്ക്’. ഈ രചനകളിലെ പ്രണയവും കാരുണ്യവും സാഹസവുമെല്ലാംതന്നെ മനുഷ്യന്റെ മൗലികമായ മൂല്യങ്ങളെ അനാവൃതമാക്കുന്നതാണ്. തീർച്ചയായും വായനക്കാരെ പിടിച്ചിരുത്തി ചിന്തിപ്പിക്കുന്ന കഥകൾ.’’

കഥാകൃത്തിന്റെ ആന്തരികപ്രാണന്റെ താളബോധത്താൽ ഈ പുസ്തകത്തിലെ എട്ടുകഥകൾക്കും ഒരു കാവ്യാത്മക സ്വഭാവമുണ്ട്. കവിതയും കഥയും രണ്ടല്ലാതാവുന്ന കാലത്ത് വായനക്കാരുടെ ഉൾബോധമണ്ഡലത്തിൽ യാഥാർഥ്യങ്ങളുടെ സത്ത നിറച്ചുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള ചലനമുണ്ടാക്കാൻ പര്യാപ്തമാണ് ഈ സമാഹാരത്തിലെ കഥകളെല്ലാം.

കഥാകൃത്ത് താണ്ടിയ ജീവിതദൂരങ്ങളാണ് എല്ലാകഥകളിലുമുള്ളത്. നിരീക്ഷണങ്ങളുടെ കഥയാട്ടവും ചിലയിടത്ത് നർമങ്ങളുടെ പെരുങ്കളിയാട്ടവും ഈ കഥകളിലെല്ലാം നിറഞ്ഞു നിൽക്കുന്നുണ്ട്.

അറിവിന്റെ വിമോചക സ്വഭാവത്തോടുള്ള കഥാകാരന്റെ കൗതുകംനിറഞ്ഞ അടുപ്പം കഥകളിൽ അലിഞ്ഞുചേർന്നതുകൊണ്ട് അവയെല്ലാം വർത്തമാനകാലത്തിന് നേരെ പിടിച്ച കണ്ണാടികളായി മാറുന്നു. 112 പേജുള്ള പുസ്തകത്തിൽ ഏതാണ്ട് നൂറുപേജുകളിലായാണ് കഥകളുടെ വികാസം നടക്കുന്നത്. ഹൃദയം തുറന്ന് ചിന്തിക്കാനും മനസ്സ് തുറന്ന് ചിരിക്കാനും പ്രകൃതി നമുക്കേകിയ ചില ജീവിതസവിശേഷതകൾ ഉൾച്ചേർന്നതാണ് ഈ കഥകളെല്ലാം.

ഷാർജ ഇന്റർനാഷനൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യപ്പെട്ട സുഹൈലിന്റെ നാലാമത്തെ കഥാസമാഹാരത്തിന്റെ കാവ്യാത്മകമായ പേരുതന്നെയാണ് ഇതിലെ അവസാനത്തെകഥയുടെ തലക്കെട്ടും.

തന്നോടുതന്നെ പ്രതിബദ്ധതയുള്ള ഒരെഴുത്തുകാരനായി സ്വയം മാറിയപ്പോൾ ഓരോ കഥയിലും കഥാകാരൻ സ്വയം ഇല്ലാതായി അവസാനം കഥ മാത്രം ബാക്കിയാവുന്നു. അങ്ങനെ സമൃദ്ധവും സജീവവുമായ ഒരുകഥാപ്രപഞ്ചത്തിന്റെ സ്രഷ്ടാവാകാൻ രചയിതാവിന് സാധിക്കുമെന്ന് വായനാനുഭവം സാക്ഷ്യപ്പെടുത്തുന്നു.

ഒന്നുരണ്ട് കഥകളുടെ പൂർത്തീകരണത്തിനായി അനുവാചകർക്കവസരമൊരുക്കാൻ അവസാനവരി മനഃപൂർവം എഴുതാതെ വിട്ടിട്ടുണ്ട്. ഇതിന്റെ പൂരണത്തിനായി വായനക്കാർ തുനിയുമ്പോൾ അവരും കഥാകൃത്തുക്കളായിമാറുന്നു.

അവതാരിക എഴുതിയ കാനേഷ് പൂനൂർ, ‘ചങ്ങലവലിച്ചുണർത്തിയ പ്രണയം’ എന്ന കഥയിലെ പ്രണയത്തെ ഒരു തീവണ്ടിയാത്രയുമായി അഗാധമായി സന്നിവേശിപ്പിച്ചിരിക്കുന്നു. കാലമെത്രകഴിഞ്ഞാലും പ്രണയത്തിന്റെ പ്രലോഭനീയത അകതാരിൽ അലയടിച്ചുകൊണ്ടിരിക്കുമെന്ന പ്രകൃതിസത്യം വിളിച്ചോതുന്ന കഥയാണ് ഇതെന്ന് അദ്ദേഹം വിലയിരുത്തുന്നു.

ജനവാസമില്ലാത്ത കാനഡയിലെ ഒരു ദ്വീപിലെ നിഗൂഢതകളുടെ ഇരുട്ടിലേക്ക് നീളുന്ന കഥാകൃത്തിന്റെ അന്വേഷണത്തിൽ വായനക്കാരെയും കൂടെകൂട്ടുന്നു. അതാണ് ‘കരളാഴം കടന്ന് കടൽദൂരത്തേക്ക്’ എന്ന കഥ. നിരവധി രോഗികളുടെ മാനസിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ആരോഗ്യ വിദഗ്ധൻ മുഖ്യകഥാപാത്രമാകുന്ന, ആകാംക്ഷജനകമായ മുഹൂർത്തങ്ങൾകൊണ്ട് സമ്പന്നമാകുന്ന ‘സൊല്യൂഷൻ സെന്റർ’ വേറിട്ട വായനാനുഭവം സമ്മാനിക്കുന്നു.

സമരോത്സുകമായ സർഗാത്മകജീവിതം തിരിച്ചുപിടിക്കുന്നവരുടെ പുതുകാലകഥകളുടെ കൂട്ടത്തിൽ ആത്മകഥാപരമായ മൂകസാക്ഷ്യങ്ങളായി ഈ പുസ്തകത്തിലെ എല്ലാ കഥകളും നിലകൊള്ളും. എഴുത്തുകാർക്കും വായനക്കാർക്കുമിടയിൽ നിലനിൽക്കേണ്ട സൗഹൃദങ്ങളിലെ ജനാധിപത്യ ഇടം കണ്ടെത്താൻ നർമബോധം അലിഞ്ഞ, വികാരങ്ങൾ ഉൾച്ചേർന്ന സമൃദ്ധമായ ഭാഷയുള്ള കഥാകൃത്തിൽനിന്നും ഇനിയും വേറിട്ട കഥകൾ പിറക്കുമെന്നാണ് പ്രതീക്ഷ, ആഗ്രഹവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BooksReadingLiterature
News Summary - Reading-Mind in word and word in mind
Next Story