വിപ്ലവ ജീവിതത്തിന്റെ അക്ഷരാവിഷ്കാരം
text_fieldsഏഴ് പതിറ്റാണ്ടിനുമപ്പുറമുള്ള ഏറനാടന്‍ ഭൂമികയുടെ രാഷ്ടീയ, സാമൂഹിക ജീവിത പശ്ചാത്തലത്തിന്റെ നേര്‍രേഖകള്‍ക്ക് നോവല്‍ രൂപത്തില്‍ അക്ഷരാവിഷ്കാരം നല്‍കിയിരിക്കുകയാണ് ‘ഇങ്ക്വിലാബി’ലൂടെ ഹംസ ആലുങ്ങല്‍. നോവലിൽ നായകനായി അവതരിപ്പിച്ച സഖാവ് കുഞ്ഞിപ്പയെ 1969ല്‍ രാഷ്ടീയ എതിരാളികളുടെ വെടിയേറ്റുമരിച്ച സ. കുഞ്ഞാലിയുമായി പലരീതിയിലും താരതമ്യത്തിന് വിധേയമാക്കാവുന്നതാണ്.
കാരണം ജനങ്ങളുമായുള്ള ഇടപെടലുകളും കുഞ്ഞിപ്പ നടത്തിയ സമര പോരാട്ടങ്ങളില്‍ അടയാളപ്പെട്ടു കിടക്കുന്ന പശ്ചാത്തലവും കുഞ്ഞാലി ജനങ്ങളുമായി ഇടപെട്ട രീതിയും സഖാവിന്റെ സമരഭൂമികയില്‍ ഇടം കിട്ടിയ പ്രദേശങ്ങളും ഒന്നുതന്നെയാണ്.
ചൂഷകര്‍ക്ക് എന്നും താങ്ങും തണലും പള്ളിയും പട്ടക്കാരും കാക്കിയുടുപ്പുകാരുമാവുമ്പോള് അരികുവത്കരിക്കപ്പെട്ടവന്റെ പക്ഷം ചേരല്‍ മാത്രമാണ് കമ്യൂണിസ്റ്റ് ധര്‍മമെന്ന ലോകസത്യത്തെ അരക്കിട്ടുറപ്പിക്കുന്ന രാഷ്ട്രീയത്തിലൂടെ കുഞ്ഞിപ്പ എന്ന സഖാവ് നടത്തിയ ഓരോ പോരാട്ടത്തിലും അടിവരയിട്ട് അവതരിപ്പിക്കുന്നുണ്ട് ഈ നോവല്‍.
185 ഓളം പേജുകളില്‍ തുടക്കവും ഒടുക്കവും ഇഴചോരാതെ കണ്ണിചേര്‍ത്തുകൊണ്ട് വായനക്കാരനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിർത്തി ഈ പുസ്തകം വായിക്കാൻ പ്രേരിപ്പിക്കുന്നതാണ്. അതിൽ എഴുത്തുകാരന്റെ രചനാപാടവം എടുത്തുപറയേണ്ടതാണ്.
ഇതിഹാസ സമാനമായ നായകന് കുഞ്ഞിപ്പയുടെ പ്രവര്‍ത്തന ആസ്ഥാനമായ പരിയങ്ങാടിന് നിലമ്പൂര്‍ എന്ന് പേരു നല്കിയാല് ഏതാണ്ട് ആ കാലത്തുനടന്ന നിലമ്പൂരിന്റെ ഭൂസമരങ്ങളുടെയും തൊഴിലാളി പ്രക്ഷോഭങ്ങളുടെയും ചുവപ്പന്‍ വീരഗാഥകളായി ഇത് വായിച്ചെടുക്കാനാകും.
അതേസമയം ഷംസിയ എന്ന പ്രണയിനിയും ഉമറലി തങ്ങള്‍ അടക്കം കടന്നുവരുന്ന തങ്ങള്‍ കുടുംബവും സജീവ കഥാപാത്രങ്ങളാവുന്നതോടെ നോവല്‍ കുഞ്ഞാലിയുടെ ജീവചരിത്രത്തില്‍ നിന്നും വഴിമാറി, പഴയകാല ജന്മിത്വ ഫ്യൂഡല്‍ കാലഘട്ടത്തിലേക്കും അവരുയര്‍ത്തിയ മര്ദനഭരണത്തിനെതിരേയുള്ള കമ്യൂണിസ്റ്റ് മുന്നേറ്റമായും സഞ്ചരിക്കുന്നു. അതിനിടയില്‍ സംഭവിക്കുന്ന സാമൂഹിക സാംസ്കാരിക, കുടുംബ പ്രശ്നങ്ങളെയുമെല്ലാം കൂട്ടിയിണക്കിക്കൊണ്ടുള്ള ഭാവനാസമ്പന്നമായ നോവലായും ഇത് മാറുന്നുണ്ട്.
കുഞ്ഞാലിയെ അടുത്തറിയാവുന്നവര്‍ക്കും കേട്ടറിഞ്ഞവര്‍ക്കും പലപ്പോഴും ഈ നോവല്‍ റിയലിസത്തിന്റെയും റൊമാന്റിസത്തിന്റെയും തലങ്ങള്‍ മാറിമാറി സ്വീകരിക്കുന്നതുകാണാം. അതുകൊണ്ടുതന്നെ ഇതിനെ കുഞ്ഞാലിയിലേക്കുമാത്രം ഒതുക്കിക്കെട്ടേണ്ടതുമില്ല. അകാലത്തില്‍ പൊലിഞ്ഞ കുഞ്ഞാലിയെന്ന വിപ്ലവനക്ഷത്രത്തെ എപ്പോഴും ഈ രചന ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും.
നോവലിസ്റ്റ് മുമ്പ് കുഞ്ഞാലിയുടെ ജീവചരിത്രവും ഇപ്പോള്‍ ആ സഖാവിന്റെ പോരാട്ടങ്ങള്‍ക്ക് പ്രതീകാത്മക ഭാഷ്യത്താല് നോവലും രചിച്ചതോടെ ഈ രചന കിഴക്കന്‍ ഏറനാടിന്റെ തീക്ഷ്ണമായ സമരകാലങ്ങളെ മലയാളത്തില്‍ അടയാളപ്പെടുത്തിയ ഒരു ഇടതുപക്ഷ സാംസ്കാരിക ദൗത്യമായി മാറിയിരിക്കുകയാണ്. അതാണ് ‘ഇങ്ക്വിലാബി’നെ വ്യത്യസ്തമാക്കുന്നതും.
സര്‍വ ചൂഷണങ്ങള്‍ക്കുമെതിരെ നിവര്‍ന്നുനിന്ന് പൊരുതിയ ധീരരക്തസാക്ഷി സഖാവ് കുഞ്ഞാലിയുടെ ജ്വലിക്കുന്ന സ്മരണകള്‍ക്ക്, ഇപ്പോഴും പൊരുതുന്നവര്‍ സമര്‍പ്പിക്കുന്ന ആത്മാഭിവാദ്യമാണ് ‘ഇങ്ക്വിലാബെ’ന്നും ഇനി നമ്മള് വിളിക്കുന്ന'ഇങ്ക്വിലാബില്‍'ഹംസ ആലുങ്ങലിന്റെ ഇങ്ക്വിലാബും കൂടി മുഷ്ടി ചുരുട്ടുന്നുണ്ടാവുമെന്നും അവതാരികയില്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് അടിവരയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.