കേരളത്തിലെ നാട്ടുമീൻ രുചികളെ പരിചയപ്പെടുത്തി 'രുചി മീൻ സഞ്ചാരം'
text_fieldsതൃശൂർ: കാസർകോട് മുതൽ തിരുവനന്തപുരം വരെ, കേരളത്തിലെ മുഴുവൻ ജില്ലകളിലെയും നാട്ടുമീൻ രുചികളെയും മീൻപിടുത്ത രീതികളെയും രസകരമായി പ്രതിപാദിക്കുന്ന റസൽ ഷാഹുലിന്റെ യാത്രാവിവരണം 'രുചി മീൻ സഞ്ചാരം' മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു. മലയാള മനോരമയിൽ ചീഫ് ഫോട്ടോഗ്രഫറാണ് റസൽ. ഫോട്ടോഗ്രഫിയിലെ മികവിനൊപ്പം പ്രാദേശിക ചരിത്രവും ഓരോ പ്രദേശത്തെയും രുചിഭേദങ്ങളെപ്പറ്റിയുള്ള ഗവേഷണവും സമ്മേളിക്കുന്നതാണ് രുചി മീൻ സഞ്ചാരമെന്ന് ശ്രീധരൻ പിള്ള പ്രകാശനം നിർവഹിച്ച് പറഞ്ഞു.
മിസോറമിൽ ഇരിക്കുന്ന തനിക്ക് മീൻ വിഭവങ്ങൾ നാട്ടിലെ അതേ രുചിയോടെ കഴിക്കാൻ പുസ്തകം കൊതിയുണർത്തിയെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഓൺലൈൻ വഴി നടന്ന പ്രകാശന ചടങ്ങിൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ പ്രസിഡന്റ് കൂടിയായ ടി.എൻ. പ്രതാപൻ എംപി പുസ്തകം ഏറ്റുവാങ്ങി.
പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ അധ്യക്ഷത വഹിച്ചു. സി.വി. ബാലകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, എം.പി. അബ്ദുസമദ് സമദാനി, എം. മുകുന്ദൻ, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.എ. കുര്യാക്കോസ്, സന്തോഷ് ജോർജ് കുളങ്ങര, ഗോപിനാഥ് മുതുകാട്, ചലച്ചിത്ര ഛായാഗ്രാഹകൻ വേണു, ജോയ് മാത്യു, ലാൽ ജോസ്, ബിജു മേനോൻ, ജയസൂര്യ, ബിനോയ് കെ.ഏലിയാസ് എന്നിവർ സംസാരിച്ചു. റസൽ ഷാഹുൽ മറുപടി പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.