'ഒരു വീൽചെയർ സഞ്ചാരിയുടെ ഹൃദയതാളം'; സാദിഖിന്‍റെ പുസ്തക പ്രകാശനം നാളെ
text_fieldsകായംകുളം: ഓടിച്ചാടി നടക്കുന്നതിനിടെ ജീവിതം വീൽചെയറിലേക്ക് മാറിയ സാദിഖിെൻറ അതിജീവനം ചർച്ചയാകുന്നു. 'ഒരു വീൽചെയർ സഞ്ചാരിയുടെ ഹൃദയതാളം' എന്ന പുസ്തകത്തിലൂടെ തന്‍റെ തീക്ഷ്ണമായ ജീവിത അനുഭവങ്ങൾ സാദിഖ് പൊതു സമൂഹത്തിന് സമർപ്പിക്കുകയാണ്.
എം.എസ്.എം കോളജിലെ പ്രീഡിഗ്രി പഠനകാലത്താണ് കായംകുളം കളീക്കൽ എസ്.എം. സാദിഖിെൻറ (53) സ്വപ്നങ്ങളുടെ ചിറകുകൾ നഷ്ടമാകുന്നത്. ജീവിതം യൗവനതീക്ഷ്ണമായി ജ്വലിച്ച് നിൽക്കവെ അജ്ഞാത രോഗം ബാധിച്ചാണ് കിടപ്പിലാകുന്നത്. പ്രത്യക്ഷമായ അപകടങ്ങളോ ബാഹ്യമായ ആഘാതങ്ങളോ ഒന്നുമില്ലാതെ വന്ന ദുരന്തത്തിന് മുന്നിൽ ആദ്യം പകച്ചുപോയി.
രോഗമുക്തിക്കായി നടത്തിയ പ്രതീക്ഷയുടെ പരക്കംപാച്ചിലുകൾ ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. ആദ്യത്തെ അമ്പരപ്പ് വിട്ടുമാറിയതോടെ യാഥാർഥ്യങ്ങളെ ഉൾക്കൊണ്ട് നടത്തിയ അതിജീവനമാണ് ഇദ്ദേഹത്തെ വേറിട്ട് നിർത്തിയത്. ദൈവവിശ്വാസവും ആത്മവിശ്വാസവുമാണ് തന്‍റെ ജീവിതത്തിന് കരുത്തായതെന്നാണ് സാദിഖ് പറയുന്നത്.
38 വർഷത്തെ വീൽചെയർ സഞ്ചാരത്തിനിടയിലെ സംഭവങ്ങളാണ് ലളിതമായ ഭാഷയിൽ വിവരിക്കുന്നത്. സാമൂഹിക വിഷയങ്ങളിൽ പത്രങ്ങളിലെ പ്രതികരണങ്ങളിലൂടെയാണ് സാദിഖ് എഴുത്തിെൻറ വഴികളിലേക്ക് കടക്കുന്നത്. കച്ചവടക്കാരനായും പുസ്തക വിൽപ്പനക്കാരനായും സാമൂഹിക പ്രവർത്തകനായും നിറഞ്ഞുനിന്ന കാലവും മികച്ച വായനാനുഭവം നൽകുന്നു.
പ്രതിസന്ധികൾക്ക് മുന്നിൽ എങ്ങനെ പ്രതീക്ഷയുടെ ചെറുപുഞ്ചിരി പ്രകാശിപ്പിക്കാം എന്നതാണ് പുസ്തകം നൽകുന്ന സന്ദേശം. പുസ്തക പ്രകാശനം ഞായറാഴ്ച വൈകിട്ട് 3.30 ന് പടനിലം ജങ്ഷനിൽ മന്ത്രി പി. പ്രസാദ് നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.