സങ്കൽപ്പ ഭൂമിയിലെ ജീവിത ശിലകളിലൂടെ
text_fieldsവ്യാസമഹർഷി രചിച്ച ഇതിഹാസത്തിലെ അംബയിൽ നിന്നും സുഭാഷ് ചന്ദ്രൻ രചിച്ച ജീവിതത്തിലെ അംബയിലേക്കെത്താൻ ഒരു വ്യാസപൂർണ്ണിമയോളം കാത്തിരിക്കേണ്ടി വരില്ല. അത്യപൂർവ്വമായ ഒരു വായന സമ്മാനിച്ച നോവലിന്‍റെ ആഖ്യാന സൗന്ദര്യവും ഭാഷാനിപുണതയും രചനാശൈലിയും സമകാലികത്തിലെ മറ്റുള്ളവയിൽ നിന്നും അതിനെ വേറിട്ടു നിർത്തുന്നു.
യാഥാർഥ്യത്തെ വെല്ലുന്ന മായികവും സർഗ്ഗാത്മകത നിറഞ്ഞതുമായ ആഖ്യാന ഭൂമിക സൃഷ്ടിക്കാൻ കഥാകൃത്ത് നവസംവത്സരങ്ങളിൽ എത്ര ജീവിത സമുദ്രങ്ങൾ താണ്ടിയിട്ടുണ്ടാകണം? ഒടുവിൽ ഒൻപത് അധ്യായങ്ങൾ വീതമുള്ള സൃഷ്ടി -സ്ഥിതി -സംഹാരമായി അത് ഉയിർത്തു വന്നപ്പോൾ ഭാവനകളിൽ നിന്നും സൃഷ്ടികർമ്മം നടത്തുന്ന കഥാകാരനും ഭൂമിയിലെ ദൈവത്തിന്‍റെ പ്രതിനിധികളാണെന്ന് എഴുത്തുകാരൻ സമർത്ഥിക്കുന്നു. തന്‍റെ കഥ പറയാനുള്ളവരിൽ ഒരാളായി ദൈവത്തെ കൊണ്ടുവരികയും 'ജീവിതം' എന്ന മൂന്നക്ഷരത്തിന്‍റെ സൃഷ്ടാവ് താനാണെങ്കിൽ അതിന്‍റെ വ്യാഖ്യാതാവ് സാഹിത്യകാരനാണെന്ന് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്തത് അതിനുദാഹരണമാണ്. അതേസമയം തന്നെ എഴുത്തുകാരുടെ അമിതമായ ആത്മവിശ്വാസത്തേയും ആത്മരതിയിൽ നിന്നുരുത്തിരിഞ്ഞ അഹംഭാവത്തേയും സ്വത്വത്തെ മുൻനിർത്തി ആക്ഷേപഹാസ്യത്തിലൂടെ ഖണ്ഡിക്കുവാനും ശ്രമിക്കുന്നുണ്ട്.
ഇനി നോവലിലേയ്ക്ക് വരികയാണെങ്കിൽ ഭാരതത്തിലെ വേദവ്യാസൻ കാണാതെ പോയ അംബയെന്ന സ്ത്രീരത്നത്തിന്‍റെ ഹൃത്തിലേയ്ക്ക് ഒളിഞ്ഞു നോക്കിക്കൊണ്ടാണ് തുടക്കം. ഒടുവിൽ എഴുത്തുകാരൻ അംബയിലൂടെ എയ്തുവിട്ട ചോദ്യശരത്തിൽ കുടുങ്ങി വായനക്കാരനും ഉപാധികളില്ലാത്ത സ്നേഹത്തിന്‍റെ ഉറവിടമന്വേഷിച്ച് സ്വന്തം മസ്തിഷ്കത്തെ മഥിക്കാൻ തുടങ്ങും.
വ്യാസൻ അംബയോട് അവസാനമായി പറഞ്ഞ വാചകമാണ് നോവലിന്‍റെ പ്രധാന ഇതിവൃത്തമായി കാണാൻ കഴിയുന്നത്.
"നീ ശിഖണ്ഡിയായല്ല, ഭാരതരത്നത്തിലെ സ്ത്രീയായി വീണ്ടും വീണ്ടും ജനിക്കൂ അംബ"
ജീവിതത്തിൽ കണ്ട അംബ എന്ന സ്ത്രീയിലൂടെ, അവരുടെ അമ്മയിലൂടെ, ആഗ്നസിലൂടെ അങ്ങനങ്ങനെ അതിൽ കണ്ണി ചേർക്കപ്പെടുന്ന ഒരായിരം സ്ത്രീരത്നങ്ങളിലൂടെ എഴുത്തുകാരൻ സമർത്ഥിക്കാൻ ശ്രമിക്കുന്നതും അതു തന്നെയാണ്,
"സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യൻ"
ജീവിതത്തിലെ അംബയും ഇതിഹാസത്തിലെ അംബയെപ്പോലെ ദൃഢനിശ്ചയമുളളവളും, സ്ഥൈര്യമുളളവളും സന്താനക്ലേശം അനുഭവിക്കുന്നവളുമാകയാൽ അവർക്കിടയിൽ അപരിചിതത്വത്തിന്‍റെ പുകമറയില്ല. എന്നാൽ സഹനശേഷിയുടെ പര്യായമായി അംബയെ അവരോധിക്കുമ്പോഴും ഒരു സാധാരണ സ്ത്രീയുടെ വികാരവിചാരങ്ങളിൽ നിന്നും മുക്തി നേടാത്ത കഥാപാത്രമായി അവരെ വാർത്തെടുത്തിടത്താണ് കഥാകൃത്തിന്‍റെ നിർമാണ ചാരുത വെളിവാക്കപ്പെട്ടത്.
ഉപാധികളില്ലാത്ത സ്നേഹം ഒരു സ്ത്രീയ്ക്ക് മാത്രം സാധിക്കുന്നതാണെന്ന് അവകാശപ്പെടുമ്പോഴും അതൊരു ഉപാധി മാത്രമാണെന്ന് നോവലിലെ സ്ത്രീ കഥാപാത്രത്തെക്കൊണ്ട് പറയിക്കാനും എഴുത്തുകാരൻ ശ്രദ്ധിച്ചിട്ടുണ്ട്.
കഥാതന്തു തുടക്കത്തിൽ സൂചികയാക്കി പിന്നീട് വിശദമാക്കുന്ന നോവലിനെ ഒരു സാഹിത്യ നിഖണ്ഡു പോലെ ഉദാത്തമായി അനുഭവപ്പെടുമ്പോഴും കഥാകാരൻ വായനക്കാരനു നേരെ ചൂണ്ടിയ അശ്രദ്ധയുടെ രണ്ടു കരടുകളാണ് നോവലിലെ കരടായി എനിക്കനുഭവപ്പെട്ടത്.
സമകാലിക സംഭവങ്ങളുമായി കലഹിച്ചു കൊണ്ടിരിക്കുന്ന ചിന്തകളും അവയ്ക്കു നേരെയുള്ള തന്‍റെ പ്രതിഷേധങ്ങളും എഴുത്തുകാരൻ പ്രതിഫലിപ്പിക്കുക തന്‍റെ എഴുത്തുകളിലൂടെയാകുന്നത് സ്വാഭാവികം. എന്നിരുന്നാലും ഉദാത്തമായ സൃഷ്ടികളിൽ നിന്നും തന്‍റെ അനുമാനങ്ങളെ മാറ്റി നിർത്തുന്നതാണ് ഉചിതമെന്ന് തോന്നി.
(സുഭാഷ് ചന്ദ്രൻ)
ഒരു കഥയിലൂടെ എഴുത്തുകാരൻ വികസിപ്പിച്ചെടുക്കുന്നത് തന്‍റെ ചിന്താമണ്ഡലങ്ങൾ കൂടിയാണ്. സംഹാരം എന്നത് സൃഷ്ടിയുടെ അനന്തര ഫലമാണെന്ന് ഒരു കൊതുകിന്‍റെ ജനനത്തിലൂടെ പറഞ്ഞു തന്നത് അതിന്‍റെ പ്രതിധ്വനിയാണ്.
താൻ തന്നെ കെട്ടിയുണ്ടാക്കിയ കഥയിലെ കഥാപാത്രമായി ജീവിക്കാൻ ആഗ്രഹിച്ചു കൊണ്ട്, സത്യത്തെയല്ല പകരം സങ്കൽപ്പത്തെയാണ് എഴുത്തുകാരൻ കൂട്ടുപിടിക്കേണ്ടതെന്ന് കഥാകൃത്ത് പ്രസ്താവിക്കുന്നു. ഇത്തരം സങ്കൽപ്പങ്ങളുടെ അനിയന്ത്രിത ഭാവങ്ങളുടെ ഉത്തമോദാഹരണമായി ആന്‍റൺ ചെക്കോവിന്‍റെ മകൾ സോഫിയെയും അവളുടെ കത്തിനേയും ദൃഷ്ടാന്തമായി അവതരിപ്പിക്കുകയും ചെയ്യുന്നു.
എഴുത്തുകാരൻ തന്‍റെ സങ്കൽപ്പങ്ങളുടെ സമുദ്രങ്ങളിലൂടെ ചിന്തകളെ മഥിക്കുമ്പോൾ ഒരു നിമിഷം വായനക്കാരനും സത്യമോ മിഥ്യയോയെന്നറിയാത്ത വിഭ്രാന്തിയുടെ ലോകത്തിൽ സഞ്ചരിക്കുമ്പോഴാണ് നോവലിന്‍റെ തിരശ്ശീല വീഴുന്നത്. അവിടം മുതൽ തന്‍റെ ലക്ഷ്യം പൂർത്തിയാക്കപ്പെട്ട് കടഞ്ഞെടുത്ത അമൃതായി സമുദ്രശില എന്ന നോവൽ ഇരുപതാമത്തെ പതിപ്പിലേയ്ക്ക് കുതിക്കുമ്പോൾ എഴുത്തുകാരനും വിജയ സോപാനത്തിലെത്തിയെന്ന് വിശ്വസിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.