ഷാജഹാൻ നന്മണ്ടയുടെ ‘മിഠായിത്തെരുവ്’; ‘ദീപ്തി ചൊരിയുന്ന ഉൾവരകൾ’
text_fieldsഷാജഹാൻ നന്മണ്ടയുടെ ‘മിഠായിത്തെരുവ്’ എന്ന കഥാസമാഹാരത്തെ കുറിച്ച് ശിവശങ്കരൻ കരവിൽ എഴുതിയ വായനാനുഭവം
ബാലുശ്ശേരി ചെമ്പടിച്ചമ്പലം അഥവാ നഞ്ചുണ്ടേശ്വര ക്ഷേത്രം, കൂളിപ്പൊയിൽ, അമ്പലപ്പൊയിൽ, ബ്രഹ്മകുളം,കുറൂളിത്താഴം,പന്നിയംവള്ളി വാര്യംമഠം വിഷ്ണു ക്ഷേത്രം, കുട്ടമ്പൂർ നരസിംഹ ക്ഷേത്രം, നാരകശ്ശേരി ക്ഷേത്രം,തേനഞ്ചേരി ശ്രീ ഭൈരവൻ, നന്മണ്ട സെൻട്രൽ ജുമാ മസ്ജിദ്ന.. ഇത്യാദി പരിസരങ്ങളാൽ മൂശയിൽ വാർത്തെടുത്ത ഒരു ജന്മം. പേര് ഷാജഹാൻ നന്മണ്ട. ആദ്യ കൃതി “നിഹാരയുടെ കിളിക്കൂട്” കഥാസമാഹാരം.
ഓർക്കൂട്ടും കഴിഞ്ഞ് കൂട്ടം സൈറ്റും ബ്ലോഗും മമ്മൂസിൻ്റെ അപ്പൂപ്പൻ താടിയും കടന്ന് ഫേസ് ബുക്കില് ചേക്കേറിയ 2010 മുതലുണ്ട് ഈ അശു എൻ്റെ കൂട്ടത്തിൽ. അന്ന് കോഴിക്കോട് വ്യാപാരഭവനിൽ അന്നത്തെ അദ്ധ്യക്ഷൻ നസറുദ്ദീൻ പ്രകാശനം ചെയ്ത ബുക്കിന് അവതാരിക കുറിക്കാൻ എനിക്ക് കഴിഞ്ഞു. ഇപ്പോൾ ഇതാ രണ്ടാം കൂട്ട്. കഥകളുടെ മുപ്പത്തൊന്ന് കൈവഴികൾ. സലീം അയ്യനത്തിൻ്റെ അവതാരിക. വിശദമായ ഒരു അപഗ്രഥനം ആയിട്ടുണ്ട് മുഖവുര എന്നത് എടുത്തുപറയണം.
തൻ്റെ ആത്മസ്പർശം കൊണ്ടു മുക്കിയെടുത്ത അനുഭവച്ചിന്തുകൾ തന്നെയാണ് മിക്ക കഥകളും. ഏറെക്കുറെ പ്രണയ നിർഭരമായ എഴുത്തുകൾ. പ്രവാസവും ആവാസവും നാട്ടു നന്മകളും ബന്ധവൈരുദ്ധ്യങ്ങളും ചതിയും കഷ്ടങ്ങളും കരുതലും ഒക്കെ ഉണ്ട് കഥകൾക്ക് ഊട്ടുബലം പോലെ. നജീബിൻ്റെ ഇഷ്ടകാലങ്ങളിൽ പടർന്നും പരന്നും കിടക്കുന്ന കഥയാണ് തകർന്നടിഞ്ഞ കടൽപ്പാലങ്ങൾ. ഒമാനിലെ കാലം പറയുമ്പോഴും അലീനയും നജീബും കോഴിക്കോടൻ കടപ്പുറത്ത് ഇരിക്കുന്ന ഫീൽ കിട്ടി എനിക്ക്. കോഴിക്കോട് റെയിൽവേസ്റ്റേഷൻ വർണ്ണന നിശയുടെ പശ്ചാത്തലത്തിൽ ഗംഭീരം. തണുത്തുറഞ്ഞ സിമൻ്റു ബഞ്ചിൽ നജീബ് ഇരിക്കുന്ന മട്ടിൽ അവസാനിക്കുന്നു കഥ.. വിജയൻ്റെ ഖസാക്കിലെ രവി ബസ്സുകാത്ത് നിൽക്കുമ്പോലെ. ഒഴുക്കുള്ള മനോഹരമായ എഴുത്താണ് “മിഠായിത്തെരുവ് “.
ഇവിടെയും നിമിഷയിലൂടെ പ്രണയവും മാധവേട്ടനിലൂടെ ജീവിതവും സന്ദീപും എലിസബത്തും ഇനിയാളുകളും കുഴച്ചുമറിക്കുന്ന കഥ വിടരുമ്പോൾ മലബാർ പാലസും മാനാഞ്ചിറ മൈതാനവും ലിങ്ക് റോഡും മാവൂർ റോഡും ഇന്ത്യൻ കോഫി ഹൗസും എല്ലാം കടന്നുവരുന്നു ഗൃഹാതുരത്വം പോലെ എന്നിലും. നഗര ശ്മശാനത്തിൽ എരിയുന്ന ചിതയായി കഥയിലെ പോസിറ്റീവ് എനർജി മാധവേട്ടൻ വായനയുടെ മിഴി കലക്കി അവസാനിക്കുന്നു. ഒന്നാന്തരം ക്രാഫ്റ്റ് നന്മണ്ടാ. കിളിയുടെ നോവുകളെ തൊട്ട് എഴുതിയ നൂൽത്തുമ്പിയുടെ ചിറകിലെ മഴവില്ല് ഷാജഹാനിലെ കുട്ടിത്തം പുറത്തെത്തിച്ചിരിക്കുന്നു. നമ്മുടെ മനസ്സിനെ ഉലയ്ക്കുന്ന മറ്റൊരു കഥ
സ്വന്തം സുഹൃത്തിൻ്റെ ജീവനൊടുക്കൽ നേരിൽ കാണാൻ കഴിയേണ്ടി വന്ന ആളുടെ ധർമ്മസങ്കടം..! പ്രകൃതിയോടുള്ള അരുതുകളിൽ രോഷം കൊള്ളുന്ന പ്രിയയും രാജീവും വാഴുന്നോർക്ക് ഏൽപ്പിക്കുന്ന പ്രഹരം ഒപായത്തിലല്ല… കഥ കുന്നിൻ മുകളിലൊരു രാത്രി. ചില്ലുജാലകം എന്ന എഴുത്ത് ഭാവസാന്ദ്രമായ ഒരു വിരിപ്പാണ്. ഇനിയുമുണ്ട് എണ്ണം പറഞ്ഞ രചനകൾ ഏറെ. സൂരജ് എന്ന രാവിൻ്റെ കാവൽക്കാരനും കുഞ്ഞും പ്രതീകങ്ങളായ ജീവനുകൾ നമ്മുടേതുമാവുന്നു ആകാശവേരുകൾ എന്ന കഥയിൽ.
എൻ്റെ യാത്രകൾ, ആട് മമ്മതിൻ്റെ മകൻ, ഒറ്റയിതൾ പൂ പോലെ ശ്വേത, പായൽപച്ച തുടങ്ങിയവ എത്രയോ മികവാർന്ന രാശിയിൽ പിറന്ന ഷാജഹാൻകഥകളാണ്. ഏതായാലും ഏറ്റും മുട്ടി കൂമ്പടഞ്ഞിട്ടില്ല അഷ്ടിക്കക്കരെ ചേക്കേറിയ ഈ ചെക്കൻ്റെ കൃതി. നിഹാരയുടെ കിളിക്കൂടിന് ശേഷം ഒരുപാട് മുന്നോട്ടു പോയിട്ടുണ്ട് ഷാജഹാൻ. പൊത്തും പൊന്തേം വകഞ്ഞ് താന്നിക്കുന്ന് കേറുംപോലെ ഉയരത്തിൽ.
കോഴിക്കോടൻ പ്രാന്തങ്ങളിൽ ആയിട്ടും ഇയാളുടെ എഴുത്തിൽ ഞങ്ങടെ വാഴാലിക്കാവും ഉത്രാളിയും തിരുമിറ്റക്കോടും തിരുമാന്ധാംകുന്നും കൊല്ലങ്കോടും നൂണും ഞാന്നും കിടക്കുന്നുണ്ട്.
സത്യത്തിൽ മിഠായിത്തെരുവ് വായന മടക്കിയിരിക്കുമ്പോൾ പുതുശ്ശേരി ഉമ്മറത്തു നിന്നും ഞാൻ കോഴിക്കോട് കോൺവെൻ്റ് റോഡും കടന്ന് സൈനാത്തയുടെ ചോറുണ്ട് ബാലാജിയിലെ മിൽക്ക് പേട രുചിച്ച് അശോകക്ക് മുന്നിലെ ഡെലക്ട്ടയിലെ കറുത്ത അലുവ തിന്ന് കൊച്ചിൻലെ ഗീ കേക്കും വാങ്ങി എസ്.എം ലെ ബെഞ്ചിലും സിമൻ്റുംകുറ്റിയിലുമിരുന്ന് പിന്നേം നടന്ന് ഗിരിജയും ഞാനും പോയിരുന്ന കട്ട് പീസ് സെൻ്ററും കോംപ്ലിമെൻ്റ്‌സും രാംസൺസും താണ്ടി ശങ്കരൻ്റെ ബേക്കറിയും തിരിച്ച് ശങ്കരൻ്റെ നൂലും സൂചീം കടയും കടന്ന് ഇപ്പുറം മനോരമ മ്യൂസിക്കും ഇടയിൽ പെന്നാസ്പത്രിയും വസന്തഭവനും… ഹോ… തീരുന്നില്ല ഷാജഹാനെ.. മൊയ്തീൻ പളളി ചുറ്റി
ഇംപീരിയൽ കണ്ട് പിള്ളൈ സ്നാക്സിൽ ഇപ്പഴും കിട്ടുന്ന രണ്ടു രൂപ ഇഡലി വട ദോശകൾ…! ചുരുക്കട്ടെ ഇങ്ങനെ… ഇപ്പളൊന്നും നിർത്തണ്ട താനീ എഴുതണ വിരുത്… ട്ടോ. അതെങ്ങനെ.. ?! കോലോത്തെ മണ്ണിലല്ലേ ജമ്മം. സത്യത്തിൻ്റെ നഗരത്തിലല്ലേ വളർച്ച.. എഴുതാതെ വെയ്ക്കോ. നിഷാൻ്റെ കോപ്രായമില്ലാത്ത കവറ്. ചിന്താവളപ്പിലെ ബാഷോ ബുക്സിൻ്റെ പരിക്കില്ലാത്ത നിർമ്മിതി. ഹാർവസ്റ്റിൻ്റെ ഭേദപ്പെട്ട അച്ച്. വിൽക്കും ഇത് തോനെ എന്നുറപ്പ്. രാകിയുരുക്കുക നീ നിൻ്റെ പേനകൾ രാശിയെ തൊട്ടങ്ങിരുന്നിടാനായിടാൻ!
- ശിവശങ്കരൻ കരവിൽ -

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.