ഷാർജ പുസ്തകോത്സവം; അക്ഷരനദിക്കരയിലെ നാല് പതിറ്റാണ്ട്
text_fieldsനദികളാണ് നാഗരികതകളുടെ ആത്മാവെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. വറ്റിപ്പോകുന്ന-വഴിതെറ്റുന്ന ഓരോ നദിയും സാഗരങ്ങളുടെയും സംസ്കാരങ്ങളുടെയും അകാല മരണത്തെ കുറിച്ചും പറഞ്ഞുകൊണ്ടിരിക്കും. ആരാൽ കടൽ ഇതിന് ഉത്തമ ഉദാഹരണമാണ്. അമു ദര്യ, സിർ ദര്യ എന്നീ നദികളായിരുന്നു കടലിന്റെ ജലസമ്പത്ത്. 1960കളിൽ സോവിയറ്റ് യൂണിയൻ ഈ നദികളെ വലിയ കനാലുകൾ വഴി കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്കുമെനിസ്ഥാൻ എന്നിവിടങ്ങളിലെ മരുപ്രദേശങ്ങളിൽ പരുത്തി, ധാന്യങ്ങൾ തുടങ്ങിയവയുടെ കൃഷിക്കായി വഴിതിരിച്ചു വിട്ടതോടെ കടൽ വറ്റിവറ്റി ജലരേഖയായി.
അതുകൊണ്ടാണ് വറ്റിപോകുന്ന ഓരോ നദിയും മഹത്തായ ചരിത്രത്തോടൊപ്പം ചിത്രമായി പരിണമിക്കുന്നതെന്നു പറയുന്നത്. അറിവില്ലാതാകുന്നിടത്ത് വെച്ച് മനുഷ്യനും വറ്റിവരളാൻ തുടങ്ങും. ചിന്തകളുടെ ഉറവകൾ അടയുന്നിടത്ത് വെച്ച് അറിവിന്റെ പാലങ്ങളും തകർന്നുതുടങ്ങും. നാഗരികതകളെ പോലെ തന്നെ അറിവുകളും തിരിച്ചറിവുകളും കൊണ്ടുവരുന്ന ചില നദികളുണ്ട്, കാഴ്ച്ചയിലേക്ക് അവ ഒഴുകി പരക്കാറില്ല. പകരം മനസിലേക്ക് അവ തഴുകി പരക്കാറാണ് പതിവ്. അത്തരം ഒരു നദിയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം.
നാലര പതിറ്റാണ്ട് പിന്നിട്ട അറിവിന്റെ മേള സംസ്കാരങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ലക്ഷക്കണക്കിന് പാലങ്ങൾ തീർത്താണ് ഒഴുകി കൊണ്ടിരിക്കുന്നത്. സാമ്പത്തികവും ആധുനിക സുഖസൗകര്യങ്ങളും മാത്രമല്ല ജനതയുടെ ജീവിതത്തിന് ആധാരമെന്നും മറിച്ച് ബൗദ്ധികമായും സാമൂഹികമായും സാംസ്കാരികമായും അവിടുത്തെ ജനങ്ങളെ പോഷിപ്പിക്കേണ്ടതുണ്ടെന്ന സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ചിന്തയിൽ നിന്നാണ് ഷാർജ പുസ്തകോത്സവം ഉദ്ഭവിക്കുന്നത്.
വീടകത്ത് ഒരു ലൈബ്രറി എന്ന ആശയം മുന്നോട്ട് വെച്ച ലോകത്തിലെ തന്നെ ആദ്യ ഭരണാധികാരിയാണ് സുൽത്താൻ. അക്ഷരങ്ങളുടെ വെളിച്ചമുണ്ടെങ്കിൽ യുവത്വം വഴി തെറ്റില്ലെന്നും ചിന്തകൾ അവസാനിക്കില്ലെന്നും നാളെ വരുന്ന തലമുറക്ക് അതൊരു മുതൽ കൂട്ടാകുമെന്നുമുള്ള സുൽത്താന്റെ ചിന്തകളും രചനകളും ലോകം തന്നെ നെഞ്ചോട് ചേർത്തതാണ്. കടപ്പുറത്ത് വായനശാല സ്ഥാപിച്ച് ലോകത്തെ ഞെട്ടിച്ച സുൽത്താൻ, മരുഭൂമിയെ അരങ്ങാക്കി മാറ്റി വിസ്മയം തീർത്തിട്ടുണ്ട്.
ലോകമെമ്പാടുമുള്ള സാംസ്കാരിക സ്ഥാപനങ്ങൾ, പ്രസാധകർ, എഴുത്തുകാർ, ബുദ്ധിജീവികൾ, അക്കാദമികൾ എന്നിവക്കിടയിൽ സ്വതന്ത്രമായി ഒഴുകുന്ന പോഷകനദികൾ സ്ഥാപിക്കാൻ പുസ്തകോത്സവം വഹിച്ച പങ്ക് വലുതാണ്. ഒരു നദിയുടെ ഒഴുക്ക് അതിന്റെ ഉത്ഭവം അല്ലെങ്കിൽ ഉറവിടം പോലെ മാത്രമേ ശക്തമാകൂ. ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുസ്തകങ്ങളിലൂടെയും സമഗ്രമായ പഠനത്തിലൂടെയും നവീനതയെയും സംസ്കാരത്തെയും നനയ്ക്കുന്ന ‘അറിവിന്റെയും പ്രബുദ്ധതയുടെയും നദി’ ആയിട്ടാണ് ഉത്സവത്തെ വിഭാവനം ചെയ്തത്.
നദി അതിന്റെ സ്വാധീനത്തിൽ ബഹുമുഖമാണ്. അറിവ്, പഠനം, സർഗ്ഗാത്മകത, സാംസ്കാരിക വിനിമയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഉറവകളാണ് അതിലേക്ക് ഒഴുകി പരക്കുന്നത്. അഭിമാനകരമായ അറബ് പാരമ്പര്യങ്ങൾക്കിടയിൽ നിർമിച്ച സാംസ്കാരിക കേദാരങ്ങളുടെ ഉജ്ജ്വലമായ ഉദാഹരണമാണ് പുസ്തകോത്സവം. മലയാളികളെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങളുടെ ആഘോഷമാണിത്. നൂറോളം മലയാള പുസ്തകങ്ങളാണ് ഈ നദിക്കരയിൽ വെച്ച് വെളിച്ചത്തിന്റെറെ വിതാനങ്ങളിലേക്ക് കൺതുറക്കുന്നത്. 11 ദിവസം നീളുന്ന മേളയിൽ നിന്ന് അക്ഷരങ്ങളുടെ അലകൾ നിറുത്താതെ പാടികൊണ്ടിരിക്കും.
ഇത്തവണയും പുസ്തകോത്സവത്തിന് എത്തുന്നവർക്ക് വാഹനങ്ങൾ നിറുത്തുവാന്‍ കൂടുതല്‍ ഭാഗങ്ങളിൽ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രധാന കവാടത്തിന് പുറമെ, കോർണിഷ് ഭാഗത്തും യു.എസ്.എ ട്രേഡ് സെന്റർ പ്രവർത്തിച്ചിരുന്ന ഭാഗത്തും പാർക്കിങ് സൗകര്യങ്ങള്‍ കൂട്ടിയിട്ടുണ്ട്. എക്സ്പോ സെന്ററിന് പരിസരത്ത് വാഹനം നിറുത്താനുള്ള സൗകര്യം ലഭിച്ചല്ലെങ്കിൽ നിരാശപ്പെടരുത്. ഇന്ത്യാ, ഈജിപ്ത് ട്രേഡ് സെന്റർ ഭാഗത്തും ചേംബർ ഓഫ് കൊമേഴ്സിനടുത്തും കോർണിഷ് ഭാഗത്തും നിരവധി സൗജന്യ പാർക്കിങുകളുണ്ട്. എക്സ്പോസെന്ററിലേക്ക് പ്രവേശിക്കുന്ന റോഡിലൂടെ നേരെ പോയാല്‍ ഇവിടെയത്താം.
ഇവിടെയും കിട്ടാതെ വന്നാല്‍ വിക്ടോറിയ സ്കൂളിന് പിറക് വശത്തേക്ക് പോകുക. നിരവധി വാഹനങ്ങള്‍ നിറുത്താനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്. ചിലഭാഗത്ത് സ്കൂളിലെത്തുന്നവർക്ക് മാത്രമായി റിസർവ് ചെയ്ത പാർക്കിങ്ങുകളുണ്ട്. അവിടെ വാഹനം നിറുത്തിയാല്‍ പിഴ 1000 ദിർഹമാണെന്ന് ഓർക്കു. രാത്രി സ്കൂള്‍ പ്രവർത്തിക്കുന്നില്ല എങ്കിലും വാഹനങ്ങള്‍ നിറുത്തുന്നത് നിയമവിരുദ്ധമാണ്. രാവും പകലും ഈ ഭാഗത്ത് പരിശോധന നടക്കുന്നതാണ്. അറബ് മാളിനും അഡ്നോക്കിനും ഇടയിലൂടെയുള്ള റോഡിലൂടെ പോയി ആദ്യം കിട്ടുന്ന ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് മുന്നോട്ട് പോയി വലത് വശത്തേക്ക് തിരിഞ്ഞാല്‍ ഈ പാർക്കിങ് കിട്ടും. ഈ വഴി തിരക്കാണെങ്കില്‍ അല്‍ താവൂൻ റോഡിലൂടെ ദുബൈ ദിശയിലേക്ക് പോകുക. ആസ്റ്റര്‍ ഫാർമസി കഴിഞ്ഞാൽ ഒരു റോഡ് വലത് വശത്തേക്ക് പോകുന്നുണ്ട്.
ഇതിലൂടെ പോയാല്‍ റൗണ്ട് എബൗട്ട് കിട്ടും ഇവിടെ നിന്ന് വലത്തോട്ടോ, ഇടത്തോട്ടോ തിരിഞ്ഞാല്‍ പാർക്കിങ് കിട്ടും. എന്നാല്‍ ഫിർദൗസ് മസ്ജിദിന്റെ പാർക്കിങിൽ വാഹനം നിറുത്തരുത്. നമസ്ക്കാര സമയത്ത് മാത്രമാണ് ഇവിടെ സൗജന്യ പാർക്കിങ് അനുവദിച്ചിട്ടുള്ളത്. ഈ ഭാഗത്തും കിട്ടിയില്ലെങ്കിൽ ഷാർജ പാലസ് ഹോട്ടലിന് പിറക് വശത്തേക്ക് വണ്ടിതിരിക്കുക. ഇതിന് പിറകിലുള്ള പള്ളിയുടെ അടുത്തായി വിശാലമായ പാർക്കിങ് സൗകര്യമുണ്ട്. ഖസബയുടെ ഭാഗത്തും വിശാലമായ പാർക്കിങുണ്ട്.
അല്‍ താവൂന്‍ റോഡിലൂടെ നേരെ പോയാല്‍ ഇവിടെയത്തൊം. അറബ് മാളിന്റെ പാർക്കിങ് കേന്ദ്രത്തില്‍ വാഹനം നിറുത്താന്‍ ഒരു മണിക്കൂറിന് ആറു ദിർഹം നൽകണം. ഷാർജ പുസ്തകോത്സവം മലയാളികൾക്ക് അക്ഷരപൂരമാണ്. ഒരു ദിവസമെങ്കിലും അതില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരാണ് അധികപേരും. വെള്ളിയാഴ്ചയിലെ അവധി പുസ്തകോത്സവം കാണാനായി മാത്രം ബാക്കിവെച്ചവർ നിരവധിയാണ്. 11 ദിവസം കമ്പനിയിൽ നിന്ന് അവധി എടുത്ത് അക്ഷരോത്സവത്തിനായി സമർപ്പിച്ചവരുമുണ്ട്.
ലോക റെക്കോഡിട്ട് ശൈഖ് സുൽത്താൻ
നാലര പതിറ്റാണ്ടിലെത്തിയ ഷാർജ പുസ്തകോത്സവത്തിന്റെ ശിൽപിയാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഇക്കാലമത്രയും പുസ്തകോത്സവത്തിന്റെ വാതിലുകൾ ലോകത്തിനായി തുറന്നു കൊടുത്തത് ശൈഖ് സുൽത്താനാണ്. ലോകത്ത് വേറൊരു ഭരണാധികാരിക്കും കിട്ടാത്ത അംഗീകാരമാണിത്. അവധിയില്ലാതെ എഴുത്തും വായനയും കൊണ്ടുനടക്കുന്ന ശൈഖ് സുൽത്താൻ മലയാളത്തിലടക്കമുള്ള നിരവധി ചരിത്ര പുസ്തകങ്ങളിലെ അമളികൾ ചൂണ്ടികാട്ടുകയും തിരുത്തിയിട്ടുമുണ്ട്.
ഇത്തരം അബദ്ധങ്ങൾ ഇതിവൃത്തമാക്കി പുസ്തകങ്ങളും ശൈഖ് സുൽത്താൻ രചിച്ചിട്ടുണ്ട്. വാസ്ഗോഡ ഗാമക്ക് കോഴിക്കോട്ടേക്കുള്ള വഴി പറഞ്ഞു കൊടുത്തത് ഇബ്നു മാജിദാണെന്ന് മലയാളത്തിൽ ഇന്നും പഠിപ്പിക്കുമ്പോൾ, ഗാമയുടെ തന്നെ ദിനസരി കുറിപ്പുകൾ സഹിതം ഇതിനെ ഖണ്ഡിക്കുകയും ഷാർജയുടെ പാഠവലികളിൽ നിന്ന് ഈ ചരിത്രത്തിലെ വലിയ തെറ്റ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട് ശൈഖ് സുൽത്താൻ.
ഇത്തവണ അതിഥിയായി റഫീഖ് അഹമ്മദ്
നവംബർ ആറു മുതൽ 16 വരെയാണ് ഇത്തവണത്തെ പുസ്തകോത്സവം നടക്കുന്നത്. ‘ഇറ്റ് സ്റ്റാര്‍ട്ട്സ് വിത്ത് എ ബുക്ക് എന്ന പ്രമേയത്തിലാണ് 43ാമത് ബുക്ക് ഫെസ്റ്റിവല്‍ നടക്കുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇവന്റില്‍ പ്രാദേശിക, അറബ്, അന്തര്‍ദേശീയ പ്രസാധകര്, വിവിധ വിഷയങ്ങളില്‍ നിന്നുള്ള വിശിഷ്ട രചയിതാക്കള്‍, ബുദ്ധിജീവികള്‍ എന്നിവരടങ്ങുന്ന വൈവിധ്യമാര്‍ന്ന സമ്മേളനങ്ങള്‍ നടക്കും. സാഹിത്യ, സാംസ്കാരിക, ബൗദ്ധിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ഈ വര്‍ഷത്തെ മേളയിലെ വിശിഷ്ടാതിഥി മൊറോക്കോ ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗത് ഉൾപ്പെടെ ഇത്തവണ ഇന്ത്യയിൽ നിന്ന് പ്രമുഖരാണ് മേളയിൽ എത്തുക. 112 രാജ്യങ്ങളിൽ നിന്നായി 2,520 പ്രസാധകർ, 400 രചയിതാക്കൾ, 63 രാജ്യങ്ങളിൽ നിന്നായി 250 അതിഥികൾ മേളയുടെ ഭാഗമാകും. 1357 വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഇന്ത്യയിൽ നിന്ന് 50ലധികം പ്രസാധകരാണ് പങ്കെടുക്കുന്നത്. കവി സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ കവി റഫീഖ് അഹമ്മദ് അതിഥിയാകും. മേളയിൽ ബൾഗേറിയൻ എഴുത്തുകാരനും കവിയും നാടകകൃത്തുമായ ജോർജി ഗോഡ്സ്പോഡിനോവ്, നടിയും എഴുത്തുകാരിയുമായ ഹുമ ഖുറേഷി, പാചക വിദഗ്ദ്ധയും സഞ്ചാരിയുമായ ഷെനാസ് ട്രഷറിവാല തുടങ്ങിയവരും മേളയിൽ പങ്കെടുക്കുന്നുണ്ട്.
പുസ്തകമേളയുടെ ചരിത്രം
ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ ഇന്റർനാഷനൽ ബുക്ക് അതോറിറ്റി 1982ൽ ആണ് ആദ്യമായി ഷാർജ പുസ്തകമേളക്ക് തുടക്കം കുറിക്കുന്നത്. പ്രസാധകരുടെ എണ്ണം വളരെ തുച്ഛമായിരുന്നു.
എങ്കിലും വിത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ നിന്നുള്ള സാഹിത്യ കുതുകികൾക്ക് ഒത്തുചേരാനും ഇഷ്ടപ്പെട്ട എഴുത്തുകാരെ കാണാനും പുസ്തകങ്ങൾ വാങ്ങാനുമുള്ള മികച്ച ഇടമായിരുന്നു ഷാർജ അന്താരാഷ്ട്ര പുസ്തകമേള. അതോടൊപ്പം യുവ എഴുത്തുകാർ ഉൾപ്പെടെയുള്ളവർക്ക് അവരുടെ പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്യാനുള്ള വേദികൂടിയായിരുന്നു ഇത്. 2023ൽ ലോകമെമ്പാടുമുള്ള 600 എഴുത്തുകാരെയാണ് പുസ്തകമേളയിൽ കൊണ്ടുവന്നത്. നിരവധിയായ പുസ്തകങ്ങളും മേളയിൽ പ്രകാശനം ചെയ്യപ്പെട്ടു.
ബുക്ഫെയർ പുരസ്കാരം
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് പുസ്തക പ്രസാധകർക്കും വിവർത്തകർക്കുമായി വർഷം തോറും ബുക്ഫെയർ അവാർഡ് സമ്മാനിക്കാറുണ്ട്. പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിക്കുക. മികച്ച ഇമാറാത്തി പുസ്തകം, മികച്ച അറബിക് നോവൽ, മികച്ച രാജ്യാന്ത പുസ്തകം, മികച്ച പ്രസാധകർ എന്നീ വിഭാഗങ്ങളിലാണ് അവാർഡ്.
മൊത്തം ഒരു ലക്ഷം ദിർഹത്തിന്റെ അവാർഡ് ആണ് നൽകുക. ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന കൃതികൾ അവാർഡിന് സമർപ്പിക്കാം. മൂന്നു വിഭാഗത്തിലായി 75,000 ദിർഹത്തിന്റെ അവാർഡാണ് പ്രസാധക മേഖലയിൽ നൽകുന്നത്. ബെസ്റ്റ് ലോക്കൽ പബ്ലിഷർ, ബെസ്റ്റ് അറബ് പബ്ലിഷർ , ബെസ്റ്റ് ഇന്റർനാഷനൽ പബ്ലിഷർ എന്നീ വിഭാഗങ്ങളിലാണ് അവാർഡ്.
വഴി പറഞ്ഞു തരാം
ഉത്സവ നഗരിയിലേക്കുള്ള പ്രധാന വഴി ദുബൈ, ഷാർജ ഹൈവേയായ അൽ ഇത്തിഹാദ് റോഡാണ്. അൽഖാൻ, അല്‍ നഹ്ദ റോഡുകളും ഉപയോഗിക്കാവുന്നതാണ്. അജ്മാനില്‍ നിന്ന് റോളവഴി വരുന്ന അല്‍ അറൂബ റോഡിലൂടെയും ഇവിടെ എത്താം. ബുഹൈറ കോർണിഷ്, മീന റോഡിലൂടെയും എത്താം. എന്നാല്‍ ബുഹൈറ റോഡിനെ അല്‍ ഇന്തിലഫാദ (ലുലുവിന് മുന്നിലൂടെ പോകുന്ന റോഡ്) റോഡ് വഴി അല്‍ ഖാൻ റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ് ഒരു കാരണവശാലും ഉപയോഗിക്കരുത്, 400 ദിർഹമാണ് പിഴ.
മെട്രോയിലും ബസിലും വരാം
ദുബൈ മെട്രോയിലും ഇന്റർസിറ്റി ബസിലും ഇവിടെ എത്താം. ഗ്രീൻലൈനിലെ സ്റ്റേഡിയം സ്റ്റേഷനിൽ ഇറങ്ങി അല്‍ അഹ്ലി ക്ലബിന് സമീപത്ത് നിന്ന് എക്സ്പോ സെന്ററിലേക്ക് നേരിട്ട് പോകുന്ന 301ാം നമ്പർ ബസ് കിട്ടും. പത്ത് ദിർഹനമാണ് നിരക്ക്. ടാക്സികളെ ആശ്രയിച്ചാല്‍ ചുങ്കമടക്കം 35 ദിർഹം കുറഞ്ഞത് ചിലവാകും.
അല്‍ ഗുബൈബ, കറാമ, സത് വ, ഇത്തിഹാദ്, റാശിദിയ എന്നിവിടങ്ങളില്‍ നിന്ന് ഷാർജയിലേക്കുള്ള ബസുകളില്‍ വന്ന് അൻസാർ മാളിന് സമീപത്ത് ഇറങ്ങി, നടപ്പാലം കടന്നാൽ അൽ താവൂനിലേക്ക് നടക്കാനുള്ള ദൂരമേയുള്ളു, 301ാം നമ്പര്‍ ബസ് കിട്ടിയില്ലെങ്കിൽ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ദുബൈ അൽ നഹ്ദയിലെ സഹാറ സെന്ററിന് സമീപത്തേക്ക് പോകുന്ന എഫ് 24ാം നമ്പര്‍ ബസില്‍ കയറുക.
സഹാറ സെന്ററിന് സമീപത്തിറങ്ങിയാല് ഷാർജ ടാക്സി ലഭിക്കും. 12 ദിർഹത്തിന് പുരപ്പറമ്പിലെത്താം. നോല്‍ കാർഡാണ് ബസിൽ ഉപയോഗിക്കേണ്ടത്. റെഡ് ലൈനിൽ വരുന്നവരാണെങ്കിൽ എമിറേറ്റ്സ് സ്റ്റേഷനില്‍ ഇറങ്ങുക. ഇവിടെ നിന്ന് 24ാം നമ്പര്‍ ബസ് കിട്ടും. അല്‍ നഹ്ദ ഒന്നിലെ ആദ്യ സ്റ്റോപ്പില്‍ ഇറങ്ങി, അൻസാർ മാളിന് സമീപത്തെ നടപ്പാലം കടന്നാൽ അക്ഷര നഗരിയിലെത്താം.
അബൂബിയിൽ നിന്നാണെങ്കിലോ
അബൂദബിയില്‍ നിന്ന് പൊതുമേഖല ബസിലാണ് വരുന്നതെങ്കില്‍ ഇത്തിഹാദ് റോഡിലെ അൻസാര്‍ മാളിന് സമീപത്ത് ഇറങ്ങിയാല്‍ മതി. നടപ്പാലം മുറിച്ചു കടന്നാല്‍ ആരോടും ചോദിച്ചാലും എക്സ്പോ സെന്റര്‍ പറഞ്ഞുതരും.
വടക്കന്‍ എമിറേറ്റുകാർ
ഖോർഫക്കാന്, ഫുജൈറ, കൽബ, മസാഫി, ബിത്ത്ന, ദഫ്ത്ത, മനാമ, സിജി, ദൈദ് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവർക്ക് ഖോർഫക്കാനിൽ നിന്ന് ഫുജൈറ വഴി വരുന്ന 116ാം നമ്പര്‍ ഷാർജ ബസ് ലഭിക്കും. രാവിലെ 5.45 മുതല്‍ രാത്രി 11.45 വരെ 14 ട്രിപ്പാണ് ഈ റൂട്ടിലുള്ളത്. ജുബൈല്‍ സ്റ്റേഷനിലാണ് ഇത് എത്തുക. ഇവിടെ നിന്ന് ഷാർജയുടെ ഒമ്പതാം നമ്പർ, ഏഴാം നമ്പർ ബസില്‍ കയറിയാൽ എക്സ്പോ സെന്ററിന്റെ മുന്നിൽ ഇറങ്ങാം.
അജ്മാനില്‍ നിന്ന് ബസ് നമ്പർ 112, ഹംറിയ ഫ്രീസോണ്‍ ഭാഗത്ത് നിന്ന് നമ്പർ 114, റാസൽ ഖൈമയില്‍ നിന്ന് 115, ഹത്തയില്‍ നിന്ന് റൂട്ട് നമ്പര്‍16 എന്നിവയാണ് സർവിസ് നടത്തുന്നത്. മറ്റ് എമിറേറ്റുകളിലെ പൊതുമേഖല ബസുകളും ഷാർജയിലെത്തുന്നുണ്ട്. രാത്രി 11 വരെ ഇത് ലഭിക്കും. ദുബൈ മംസാർ കോർണീഷിൽ ഷാർജ അതിർത്തിയിൽ വാഹനം നിറുത്തി ഒരു 10 മിനുട്ട് വേഗത്തിൽ നടന്നാൽ എക്സ്പോ സെന്ററിലെത്താം.
കേരള ഭക്ഷണം കിട്ടുമോ
എക്സ്പോ സെന്ററിന് സമീപത്തുള്ള നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ ഭക്ഷണ വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ബിരിയാണി, കപ്പ, ചപ്പാത്തി, പൊറാട്ട, ബീഫ്, ചിക്കന്‍, പച്ചക്കറി, മീൻകറി, പൊരികടികള്‍ എന്നിവ കിട്ടും. ഇവിടെ നിന്ന് വാങ്ങി രണ്ടാം നിലയില്‍ പോയിരുന്ന് സ്വസ്ഥമായി കഴിക്കാം. ശുചിമുറികളും നമസ്ക്കരിക്കാനുള്ള സൗകര്യവും ഈ നിലയിലുണ്ട്. എക്സ്പോ സെന്റസർ റൗണ്ട് എബൗട്ടിന് എതിര് വശത്ത് രണ്ട് കേരള റെസ്റ്റോറന്റുകൾ പ്രവർത്തിക്കുന്നുണ്ട്. അല്‍ താവൂൻ റോഡ് മുറിച്ച് കടക്കുന്നത് ശ്രദ്ധിച്ച് വേണം. റോഡ് മുറിച്ച് കടക്കാതെ ഒരു നാടന്‍ ചായ കുടിക്കാന്‍ അഡ്നോക്ക് പെട്രോള്‍ പമ്പിലുള്ള കഫ്തീരിയയില്‍ പോയാൽ മതി.
ഇത്തിഹാദ് റോഡല്ലാതെ മറ്റൊരു മാർഗം
സാധാരണ ദിവസങ്ങളില്‍ പോലും ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന റോഡാണ് അല്‍ ഇത്തിഹാദ്. അക്ഷരങ്ങളുടെ കഥ തുടങ്ങിയാല്‍ പറയുകയും വേണ്ട. ദുബൈയിലെ ദമാസ്കസ് റോഡിലൂടെ വന്ന് ഷാർജയിലെ ആദ്യ സിഗ്നലില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പോകുന്ന റോഡാണ് അൽഖാന്‍. ഇതിലൂടെ നേരെ പോയാല്‍ ഒരു പാലം കിട്ടും. ദുബൈ ദിശയിലേക്ക് തിരക്ക് കുറവാണെങ്കില്‍ പാലത്തില്‍ നിന്ന് വലത് വശത്തേക്കിറങ്ങി, തൊട്ടടുത്ത് കിട്ടുന്ന അഡ്നോക് പമ്പ് കഴിഞ്ഞ് കിട്ടുന്ന വലത് വശത്തേക്ക് പോകുന്ന റോഡിലൂടെ നേരെ പോയാല്‍ എക്സ്പോ സെന്റര്‍ റൗണ്ട് എബൗട്ട് കിട്ടും.
എന്നാല്‍ ഈ റൗണ്ട് എബൗട്ടിന് മുമ്പ് വേറൊരു റൗണ്ട് എബൗട്ടുണ്ട്. അതിലൂടെ ഇടത്തോ, വലത്തോ പോയി ഏതെങ്കിലും ഭാഗത്ത് വാഹനം നിറുത്തി ശ്രദ്ധയോടെ നടന്ന് പോകുന്നതായിരിക്കും ഉചിതം. ദുബൈ ഭാഗത്തേക്കുള്ള റോഡില്‍ തിരക്കാണെങ്കില്‍ അൽഖാന്‍ റോഡിലൂടെ നേരെ പോകുക. പാലം കഴിഞ്ഞ് കിട്ടുന്ന സിഗ്നലില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ അല്‍ ഖസബ ഭാഗം കിട്ടും. ഈ ഭാഗത്ത് വാഹനം നിറുത്തുവാനുള്ള സൗകര്യവും ലഭിക്കും. 10 മിനുട്ട് നടന്നാല്‍ ലക്ഷ്യത്തിലെത്താം. ഇവിടെയും കുരുക്കാണെങ്കില്‍ ഇടത്തോട്ട് പോകാതെ നേരെ പോകുക. കോർണീഷിലെ അവസാന റൗണ്ട് എബൗട്ടില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് നേരെ പോകുക. എക്സ്പോ സെന്ററിന്റെ പിറക് വശത്തെത്താം. കുറച്ച് കൂടി മുന്നോട്ട് പോയാല്‍ പാർക്കിങുകൾ ലഭിക്കും.
വേലി ചാടരുത്
ഖസബയില്‍ നിന്ന് വരുന്ന ദിശയിൽ റോഡിന് മധ്യത്തില്‍ വേലി കെട്ടിയിട്ടുണ്ട്. റോഡ് മുറിച്ച് കടക്കുന്നവർക്കായി സിഗ്നലും സ്ഥാപിച്ചിട്ടുണ്ട്. ഒരു കാരണവശാലും വേലി ചാടാന്‍ ശ്രമിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.