ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം; നിറവായി പൊൻമലയാളം
text_fieldsഷാർജ: വായനലോകം അറബ് ലോകത്തേക്ക് ഒഴുകിയെത്തുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിറസാന്നിധ്യമായി മലയാള പുസ്തകങ്ങളും എഴുത്തുകാരും. ഇന്ത്യൻ പ്രസാധനാലയങ്ങളുടെ പ്രദർശനം നടക്കുന്ന എക്സ്പോ സെന്ററിന്റെ ഏഴാം ഹാളിൽ സാന്നിധ്യമറിയിച്ചിരിക്കുന്നതിൽ പകുതിയിലേറെയും മലയാളത്തിൽ നിന്നുള്ളവയാണ്.
ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ മേളയുടെ ആദ്യദിനം തന്നെ ഇരുപതോളം മലയാള പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെട്ടത്. മുഴുവൻ ദിവസങ്ങളിലുമായി 350ഓളം മലയാള പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെടും. മലയാളത്തിൽനിന്ന് പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രമുഖരും ഇത്തവണയും അതിഥികളായി എത്തിയിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരന്മാരായ കെ.പി. രാമനുണ്ണി, അംബികാസുതൻ മങ്ങാട് തുടങ്ങിയവർ പുസ്തകമേളയിലെ ആദ്യദിനത്തിൽ സജീവ സാന്നിധ്യമായിരുന്നു. അഞ്ചാം തവണ പുസ്തകോത്സവത്തിലെത്തുന്ന കെ.പി. രാമനുണ്ണി ലോകത്തെ ഏറ്റവും മികവുറ്റ മേളയായി ഷാർജ പുസ്തകോത്സവം മാറിക്കൊണ്ടിരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. സിനിമ പ്രവർത്തകരായ നാദിർ ഷാ, കോട്ടയം നസീർ, ബാലചന്ദ്ര മേനോൻ, കോൺഗ്രസ് നേതാവ് എം.എം. ഹസൻ എന്നിവരുടെ സാന്നിധ്യവും ആദ്യദിനത്തിൽ ശ്രദ്ധിക്കപ്പെട്ടു. മത സാംസ്കാരിക മേഖലകളിലെ പ്രമുഖരും ഉദ്ഘാടന ദിവസം തന്നെ എത്തിച്ചേർന്നിട്ടുണ്ട്.
വർഷങ്ങളുടെ പാരമ്പര്യമുള്ളവയും പുതുതായി സാന്നിധ്യമറിയിച്ചവയുമായി നൂറോളം മലയാള പ്രസാധനാലയങ്ങൾ മേളയിലുണ്ട്. ഷാർജ പുസ്തകോത്സവം പുസ്തക പ്രസാധനമേഖലക്ക് ഉണർവും പ്രവാസലോകത്തിന് പുസ്തകങ്ങളെത്തിക്കാൻ അവസരവും നൽകുന്നതാണെന്ന് വിവിധ പ്രസാധനാലയങ്ങളെ പ്രതിനിധാനംചെയ്തെത്തിയവർ അഭിപ്രായപ്പെട്ടു. പുസ്തകോത്സവത്തിൽ പങ്കെടുത്ത് പുസ്തകങ്ങൾ പരിചയപ്പെടാനും വാങ്ങാനും മാത്രമായി എത്തിയവരുമുണ്ട്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സ്റ്റാളുകളിലേക്ക് പ്രവാസി കുടുംബങ്ങൾ കൂടുതലായി എത്തിച്ചേർന്നത്. വാരാന്ത്യ അവധിദിനങ്ങളായ വരുംദിവസങ്ങളിൽ കൂടുതൽ പ്രവാസികൾ മേളയിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എഴുത്തുകാരായ സി.വി ബാലകൃഷ്ണന്, ശിഹാബുദ്ദീന് പൊയ്ത്തുംകടവ്, സിനിമതാരം ജയസൂര്യ, പ്രഭാഷകന്‍ സുനില്‍ പി. ഇളയിടം, സംവിധായകന് പ്രജേഷ് സെന്‍, ജി.ആർ. ഇന്ദുഗോപൻ, ജോസഫ് അന്നംകുട്ടി ജോസ്, അബ്ദുസ്സമദ് സമദാനി എം.പി, ടി.എൻ. പ്രതാപൻ എം.പി, എം.കെ. മുനീർ എം.എൽ.എ തുടങ്ങിയവർ വരും ദിവസങ്ങളിൽ മേളക്കെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.