വായനയുടെ വിശ്വമേളക്ക് ബുധനാഴ്ച്ച തുടക്കമാകും
text_fieldsഷാർജ: കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ഇടയിലെ സാംസ്കാരിക കവാടമായി അറിയപ്പെടുന്ന ഷാർജയിലേക്ക് ലോകം മുഴുവൻ ഒഴുകിയെത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 41ാം എഡിഷന് ബുധനാഴ്ച തുടക്കമാകും.
ഷാർജ എക്സ്പോ സെന്ററിൽ 12 ദിവസം നീണ്ടുനിൽക്കുന്ന മേള ഇത്തവണ 'വാക്ക് പ്രചരിപ്പിക്കുക'എന്ന തീമിലാണ് സംഘടിപ്പിക്കുന്നത്. 95 രാജ്യങ്ങളിൽനിന്ന് 2213 പ്രസാധകരെത്തുന്ന ഇത്തവണത്തെ പുസ്തകോത്സവം -ചരിത്രത്തിലെ വലിയ പ്രസാധക പങ്കാളിത്തം എന്ന സവിശേഷതയുമുണ്ട്. മേളയിൽ ഇന്ത്യയിൽ നിന്നടക്കം പ്രഗത്ഭ എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്നുണ്ട്. ഇറ്റലിയാണ് ഈ വർഷത്തെ അതിഥി രാജ്യം.
10 രാജ്യങ്ങളിലെ പ്രസാധകർ ഈ സീസണിൽ പുതിയതായി അരങ്ങേറ്റം കുറിക്കുന്നുണ്ട്. മേളയിൽ നടക്കുന്ന 1047 പരിപാടികൾക്ക് 57 രാജ്യങ്ങളിലെ 129 അതിഥികൾ നേതൃത്വം നൽകും. ആകെ 15 ലക്ഷം പുസ്തകമാണ് ഇവിടെയെത്തുന്നത്. 1298 അറബ് പ്രസാധകർക്കുപുറമെ 915 അന്താരാഷ്ട്ര പ്രസാധകരും പങ്കെടുക്കും. ഏറ്റവും കൂടുതൽ യു.എ.ഇയിൽ നിന്നാണ്, 339 പേർ.
ഈജിപ്ത് 306, ലബനൻ 125, സിറിയ 95 എന്നിങ്ങനെയാണ് അറബ് ലോകത്തുനിന്നുള്ള പ്രസാധകരുടെ എണ്ണം. അറബ് ലോകത്തിന്റെ പുറത്തുനിന്ന് കൂടുതൽ പ്രസാധകർ എത്തുന്നത് ഇന്ത്യയിൽനിന്നാണ്, 112പേർ. പ്രമുഖ അറബ് എഴുത്തുകാർക്കുപുറമെ, 2022ലെ ബുക്കർ പ്രൈസ് ജേതാവും ഇന്ത്യൻ എഴുത്തുകാരിയുമായ ഗീതാഞ്ജലി ശ്രീ, പ്രശസ്ത എഴുത്തുകാരായ ദീപക് ചോപ്ര, ലിങ്കൺ പിയേഴ്സ്, രൂപി കൗർ, പികോ അയ്യർ, മേഘൻ ഹെസ് തുടങ്ങിയവരും പ്രധാന അതിഥികളായെത്തും.
മലയാളത്തിൽനിന്ന് പ്രമുഖ പ്രസാധനാലയങ്ങളും എഴുത്തുകാരും സാംസ്കാരിക പ്രമുഖരും ഇത്തവണയുമെത്തും.
വർഷങ്ങളുടെ പാരമ്പര്യമുള്ള ഡി.സി ബുക്സ് മുതൽ മലയാളത്തിലെ പുതു സാന്നിധ്യമായ 'മാധ്യമം ബുക്സ്'വരെയും, സുനിൽ പി. ഇളയിടം മുതൽ നടൻ ജയസൂര്യ വരെയുള്ള പ്രഗത്ഭരും പുസ്തകോത്സവത്തിനെത്തും. സംവിധായകൻ പ്രജേഷ് സെൻ, ജി.ആർ. ഇന്ദുഗോപൻ, സുനിൽ പി. ഇളയിടം, ജോസഫ് അന്നക്കുട്ടി ജോസ്, സി.വി. ബാലകൃഷ്ണൻ തുടങ്ങിയവരും രാഷ്ട്രീയ മേഖലയിൽനിന്ന് അബ്ദുസ്സമദ് സമദാനി എം.പി, ടി.എൻ. പ്രതാപൻ എം.പി തുടങ്ങിയവരും പങ്കെടുക്കും.
ഇത്തവണത്തെ മേളയുടെ സവിശേഷതകൾ
- ചരിത്രത്തിലെ വലിയ പ്രസാധക പങ്കാളിത്തം 95 രാജ്യങ്ങളിൽനിന്ന് 2213 പ്രസാധകർ
- 150ലേറെ അന്താരാഷ്ട്ര എഴുത്തുകാരും ബുദ്ധി ജീവികളും ഔദ്യോഗിക അതിഥികൾ
- 14 രാജ്യങ്ങളിലെ വിദഗ്ധരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് 623 പരിപാടികൾ
- ഇന്ത്യയിൽനിന്ന് 112 പ്രസാധകർ
- പ്രവാസ എഴുത്തുകാർക്കായി പ്രത്യേക പവലിയൻ
- മേളയിൽ ആദ്യമായെത്തുന്ന ഫിലിപ്പീൻസിന് ഒരു ദിനം
- പ്രമുഖ ഫലസ്തീൻ എഴുത്തുകാരൻ മഹ്മൂദ് ദർവീശിന്റെ സ്മരണക്കായി പ്രത്യേക പവലിയൻ
- പുരാതന അറബ്, ഇസ്ലാമിക് കൈയെഴുത്ത് പ്രതികളുടെ അപൂർവ പ്രദർശനം
- നവംബർ ആറ്, ഏഴ് തീയതികളിൽ നാഷനൽ ലൈബ്രറി ഉച്ചകോടി
- എട്ടുമുതൽ 10 വരെ ഇന്റർനാഷനൽ ലൈബ്രറി കോൺഫറൻസ്
- ലോകോത്തര ഷെഫുമാരുടെ നേതൃത്വത്തിൽ 30 കുക്കറി ഷോ
- സോഷ്യൽ മീഡിയ സ്റ്റേഷനിൽ 30 ശിൽപശാല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.