വായനയുടെ മഹോൽസവത്തിന് ഷാർജയൊരുങ്ങി
text_fieldsഷാർജ: വിജ്ഞാനത്തിന്‍റെയും സംസ്കാരത്തിന്‍റെയും അറബ് തലസ്ഥാനമായ ഷാർജയിൽ ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവത്തിന്‍റെ 41ാം എഡിഷന് ഒരുക്കം പൂർത്തിയായി. 95 രാജ്യങ്ങളിൽ നിന്ന് 2213 പ്രസാധകരെത്തുന്ന ഇത്തവണത്തെ പുസ്തകോൽസവം ചരിത്രത്തിലെ ഏറ്റവും വലുതാണെന്ന സവിശേഷതയുണ്ട്. ഷാർജ എക്സ്പോ സെന്‍ററിൽ നവംബർ രണ്ട് മുതൽ 13 വരെ നടക്കുന്ന മേളയിൽ ഇന്ത്യയിൽ നിന്നടക്കം പ്രഗൽഭ എഴുത്തുകാരും ചിന്തകരും പങ്കെടുക്കുന്നുണ്ട്. ഇറ്റലിയാണ് ഈ വർഷത്തെ അതിഥി രാജ്യം. 'വാക്ക് പ്രചരിപ്പിക്കുക' എന്ന പ്രമേയമാണ് ഇത്തവണ പുസ്തകോത്സവം സ്വീകരിച്ചിട്ടുള്ളത്.
പത്ത് രാജ്യങ്ങളിലെ പ്രസാധകർ ഈ സീസണിൽ പുതിയതായി അരങ്ങേറ്റം കുറിക്കുന്നുണ്ട്. മേളയിൽ നടക്കുന്ന 1047 പരിപാടികൾക്ക് 57 രാജ്യങ്ങളിലെ 129 അതിഥികൾ നേതൃത്വം നൽകും. ആകെ 15 ലക്ഷം പുസ്തങ്ങളാണ് ഇവിടെയെത്തുന്നത്. 1298 അറബ് പ്രസാധകർക്ക് പുറമെ 915 അന്താരാഷ്ട്ര പ്രസാധകരും പങ്കെടുക്കും. ഏറ്റവും കൂടുതൽ യു.എ.ഇയിൽ നിന്നാണ്, 339 പേർ. ഈജിപ്ത് 306, ലബനൻ 125, സിറിയ 95 എന്നിങ്ങനെയാണ് അറബ് ലോകത്ത് നിന്നുള്ള പ്രസാധകരുടെ എണ്ണം. അറബ് ലോകത്തിന്‍റെ പുറത്ത് നിന്ന് ഏറ്റവും കൂടുതൽ പ്രസാധകർ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്, 112പേർ. യു.കെയിൽ നിന്ന് 61 പേരും എത്തും.
ക്യൂബ, കോസ്റ്ററിക്ക, ലൈബീരിയ, ഫിലിപ്പൈൻസ്, അയർലൻഡ്, മാൾട്ട, മാലി, ജമൈക്ക, ഐലൻഡ്, ഹംഗറി എന്നീ രാജ്യങ്ങൾ ഷാർജ പുസ്തകോത്സവത്തിൽ അരങ്ങേറ്റം കുറിക്കും. പ്രശസ്ത എഴുത്തുകാരായ ദീപക് ചോപ്ര, ലിങ്കൺ പിയേഴ്സ്, രൂപി കൗർ, പികോ അയ്യർ, മേഘൻ ഹെസ് തുടങ്ങിയവർ പ്രധാന അതിഥികളായെത്തും. പുസ്തകോത്സവത്തിലേക്ക് ആദ്യമായി എത്തുന്ന ഫിലിപ്പൈൻസിനായി ഒരു ദിനം മുഴുവൻ മാറ്റിവെക്കും. പ്രത്യേക ഫിലിപ്പൈൻസ് സാംസ്കാരിക പരിപാടികളും നടക്കും. 6, 7 ദിവസങ്ങളിൽ നാഷനൽ ലൈബ്രറി ഉച്ചകോടിയും എട്ട് മുതൽ 10 വരെ ഇന്‍റർനാഷനൽ ലൈബ്രറി കോൺഫറൻസും നടക്കും. കുട്ടികൾക്കായി 623 പരിപാടികൾ അരങ്ങേറും. സോഷ്യൽ മീഡിയ സ്റ്റേഷനിൽ 30 ശിൽപശാലകൾ നടക്കും.
മലയാളത്തിൽനിന്ന് പ്രമുഖ പ്രസാധകരും എഴുത്തുകാരും
പുസ്തകോത്സവത്തിലേക്ക് മലയാളത്തിൽ നിന്ന് പ്രമുഖ പ്രസാധനാലയങ്ങളും എഴുത്തുകാരും സാംസ്കാരിക പ്രമുഖരും ഇത്തവണയുമെത്തും. വർഷങ്ങളുടെ പാരമ്പര്യമുള്ള ഡി.സി ബുക്സ് മുതൽ മലയാളത്തിലെ പുതു സാന്നിധ്യമായ 'മാധ്യമം ബുക്സ്' വരെയും, സുനിൽ പി. ഇളയിടം മുതൽ നടൻ ജയസൂര്യ വരെയുള്ള പ്രഗൽഭരും പുസ്തകോത്സവത്തിന് എത്തും. നവംബർ 10നാണ് ജയസൂര്യ എത്തുക. ഒപ്പം സംവിധായകൻ പ്രജേഷ് സെന്നുമുണ്ടാകും.
സാഹിത്യ രംഗത്ത് നിന്ന് നവംബർ അഞ്ചിന് ജി.ആർ. ഇന്ദുഗോപൻ, ആറിന് സുനിൽ പി. ഇളയിടം, 12ന് ജോസഫ് അന്നംക്കുട്ടി ജോസ്, 13ന് സി.വി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. മലയാളികൾക്ക് പുറമെ നിരവധി ഇന്ത്യൻ എഴുത്തുകാരും കലാകാരൻമാരും പങ്കെടുക്കുന്നുണ്ട്. ബുക്കർ പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീയാണ് (ഗീതാഞ്ജലി പാണ്ഡേ) ഇന്ത്യൻ എഴുത്തുകാരിൽ പ്രധാനി. ഉഷ ഉതുപ് തന്‍റെ ആത്മകഥയുമായി നവംബർ 12ന് ആരാധകരുമായി സംവദിക്കാൻ എത്തും.
ഇന്ത്യയിൽ ജനിച്ച അമേരിക്കൻ എഴുത്തുകാരൻ ദീപക് ചോപ്രയാണ് മറ്റൊരു ഇന്ത്യൻ സാന്നിധ്യം. പഞ്ചാബിൽ ജനിച്ച് കാനഡയിലേക്ക് ചേക്കേറിയ രൂപി കൗറും പുസ്തക മേളയിൽ അതിഥിയായെത്തും. ത്രില്ലറുകളിലൂടെ വായനക്കാരുടെ മനം കീഴടക്കിയ രവി സുബ്രമണ്യൻ, ഇന്ത്യൻ-അമേരിക്കൻ എഴുത്തുകാരനും അഭിഭാഷകനുമായ ദീപക് ചോപ്ര തുടങ്ങിയവരും എത്തുന്നുണ്ട്. രുചിക്കൂട്ടുകളുടെ രസമുകളുങ്ങളുമായി നവംബർ നാലിന് ഷെഫ് വിക്കി രത്‌നാനി, അഞ്ചിന് ഷെഫ് അർച്ചന ദോഷി, 11ന് ഷെഫ് അനഹിത ധോണ്ടി എന്നിവരും പുസ്തക മേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചെത്തും.
പ്രസാധക സമ്മേളനത്തിന് ഇന്ന് തുടക്കം
ഷാർജ: അന്താരാഷ്ട്ര പുസ്തകോൽസവത്തിന് മുന്നോടിയായി ഒരുക്കുന്ന 12ാമത് പ്രസാധക സമ്മേളനത്തിന് ഞായറാഴ്ച രാവിലെ 10ന് ഷാർജയിൽ തുടക്കമാകും. ലോകത്തെ 92 രാജ്യങ്ങളിൽ നിന്നായി 971പ്രസാധകരാണ് ഇത്തവണ സമ്മേളനത്തിനെത്തുന്നത്. പുസ്തകങ്ങളുടെ പകർപ്പവകാശം വാങ്ങുകയും വിൽക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ ആഗോളതലത്തിലെ ഏറ്റവും വലിയ പുസ്തകോൽസവമായി ഷാർജ പുസ്തകമേള മാറിയതിന്‍റെ പ്രതിഫലനമാണ് പ്രസാധകരുടെ ഉയർന്ന പങ്കാളിത്തമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രസാധക സമ്മേളനത്തിൽ ഈ മേഖലയിലെ പുതിയ സാധ്യതകളും വിദഗ്ധരുടെ സാന്നിധ്യത്തിൽ ചർച്ചയാകും. പ്രസാധകർക്ക് പരസ്പരം പകർപ്പവകാശങ്ങളിൽ കരാറിലെത്താനും ചർച്ചകൾക്കും സമ്മേളനം വേദിയൊരുക്കും.മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ ലോകത്തെ വിവിധ രാജ്യങ്ങളിലെ പ്രസാധകർക്ക് പരസ്പരം കാണാനും സംവദിക്കാനുമുള്ള വേദിയായിത്തീരും. 33പ്രഭാഷകരാണ് സമ്മേളനത്തിൽ പസദസുമായി സംവദിക്കുക. എട്ട് പാനൽ ചർച്ചകളിലായി പ്രസാധന മേഖല അനുഭവിക്കുന്ന വിവിധ വിഷയങ്ങളിൽ ആശയങ്ങൾ പങ്കുവെക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.