ഏറനാടിന്റെ വീര്യം പകർന്ന പോരാട്ട കഥകൾ
text_fieldsചരിത്രത്തെ നിക്ഷിപ്ത താൽപര്യക്കാരുടെ വരുതിയിലാക്കാനുള്ള ഒച്ചപ്പെരുക്കങ്ങൾക്ക് സാക്ഷിയാകേണ്ടി വരുന്ന സവിശേഷ സാഹചര്യത്തിലാണ് നാം ഇന്നുള്ളത്. ഭഗീരഥ പ്രയത്നം നടത്തിയും ആത്മത്യാഗം ചെയ്തും അധിനിവേശ ശക്തികളിൽനിന്ന് ജന്മനാടിന്റെ വീണ്ടെടുപ്പിനായി പൊരുതിയ പോരാളികളെ ഒരിക്കലും മറവിക്കു വിട്ടുകൊടുക്കരുതെന്ന ആഹ്വാനമാണ് ഓരോ ചരിത്രപുസ്തകങ്ങളും പങ്കുവെക്കുന്നത്. ചരിത്രരചനയിൽ അത്ര വ്യാപകമല്ലാത്ത പ്രവണതയാണ് പ്രാദേശിക ചരിത്രരചന അല്ലെങ്കിൽ സൂക്ഷ്മ ചരിത്രരചന. നൂറ്റാണ്ടുകൾ അധിനിവേശത്തിനു കീഴിൽ അമർന്ന ഇന്ത്യയിലെ ഓരോ നാടിനും തദനുബന്ധ പോരാട്ട കഥകളും പറയാനുണ്ടാകും. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഐതിഹാസിക അധ്യായമായിരുന്ന 1921ലെ മലബാർ വിപ്ലവത്തെക്കുറിച്ചുള്ള ഇതുവരെയുള്ള അന്വേഷണങ്ങളിൽ പലതും സമരത്തിന്റെ തീക്ഷ്ണതയെയും പ്രാധാന്യത്തെയും അടയാളപ്പെടുത്തുന്നവ തന്നെയാണ്. എങ്കിലും മലബാറിലെ ഒരോ ദേശങ്ങളെയും സവിശേഷമായും സൂക്ഷ്മമായും പഠിക്കേണ്ടതിന്റെ അനിവാര്യത നമ്മെ ബോധ്യപ്പെടുത്തുന്ന കൃതിയാണ് പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച ഷെബീൻ മെഹബൂബിന്റെ ‘പോരിനിറങ്ങിയ ഏറനാടൻ മണ്ണ്’ എന്ന പുസ്തകം. പുസ്തകത്തിന്റെ പരിഷ്കരിച്ച മൂന്നാം പതിപ്പാണ് വിപണിയിലുള്ളത്.
ദ്രുതഗതിയിലാണ് നമ്മൾ ഒരിക്കലും സംഭവിക്കില്ലെന്ന് നിനക്കുന്ന കാര്യങ്ങളെല്ലാം കൺമുന്നിൽ തെളിയുന്നത്. എന്നിട്ട് അവയെല്ലാം വിശ്വസിക്കാൻ നിർബന്ധിതരാവുകകൂടി ചെയ്യേണ്ടിവരുന്ന അവസ്ഥ പറയുക വയ്യ. ഇങ്ങനെ പ്രാദേശികതലത്തിലുള്ള ചരിത്രങ്ങളും അത്തരമൊരു അവസ്ഥാവിശേഷത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ചരിത്രത്തിൽനിന്ന് പാഠമുൾക്കൊള്ളണമെന്ന പറച്ചിലുകൾക്കപ്പുറമത് പ്രായോഗികതലത്തിൽ കൊണ്ടുവരേണ്ടതിന്റെ അനിവാര്യതകൾ കൂടിയാണ് ജീവിക്കുന്ന കാലത്തെ മുൻനിർത്തി ചരിത്രസംഭവങ്ങളിലൂടെ ബോധ്യപ്പെടുത്തി തരുന്നത്. ധീരതയുടെയും കർമോത്സുകതയുടെയും ആത്മാഭിമാനത്തിന്റെയും പ്രതീകമായ മലബാർ വിപ്ലവംതന്നെ അധിനിവേശ, സാമ്രാജ്യത്വശക്തികളുടെ ആവനാഴിയിൽ തറച്ച അസ്ത്രമാണ്. മലബാർ വിപ്ലവം ഒരു നൂറ്റാണ്ട് തികച്ചപ്പോഴും അതിൽനിന്ന് നാം എന്തുനേടി എന്ന ചോദ്യംമാത്രം അവശേഷിക്കുന്നു. ഈയൊരു പശ്ചാത്തലത്തിൽ കൂടിയാണ് മറവികളിലേക്ക് ഊളിയിട്ട ചരിത്രങ്ങളെയെല്ലാം ഓർമയിലേക്ക് തിരികെയെത്തിക്കാൻ ഏറനാടിന്റെ വീരകഥകളെക്കുറിച്ചുള്ള പുസ്തകത്തിലൂടെ ഗ്രന്ഥകാരൻ ശ്രമിക്കുന്നത്.
ഏറനാട്ടിലെ ഒരു ഗ്രാമത്തിന്റെ, 19ാം നൂറ്റാണ്ടിന്റെ പകുതി മുതലുള്ള അധിനിവേശ വിരുദ്ധ പോരാട്ട ചരിത്രമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ഒരു പ്രദേശത്തിന് ഇത്രയും ചരിത്രകഥകളൊക്കെ പറയാനുണ്ടാവുമോ എന്ന സംശയത്തിന് ഇടവരുത്താത്ത വിധമാണ് പെരിമ്പലം എന്ന ചെറുഗ്രാമത്തിന്റെ സ്വാതന്ത്ര്യ പോരാട്ട ചരിത്രം അവതരിപ്പിച്ചിട്ടുള്ളത്. നാടിനെ അധിനിവേശ ശക്തികൾ പിടിച്ചടക്കിയപ്പോഴും അവരുടെ മർദനമുറകൾക്ക് ഇരയായപ്പോഴും നാടിന്റെ വീണ്ടെടുപ്പിനായി ഉയിർകൊണ്ട പോരാളികളുടെ കഥ മനസ്സിനെ പുളകം കൊള്ളിക്കുന്നു. ഒരു നാടിന്റെ മത-വിദ്യാഭ്യാസ രംഗവും സമരപോരാട്ട പാരമ്പര്യവും അവിടെ താമസിച്ചിരുന്ന വ്യത്യസ്ത ജനവിഭാഗങ്ങളെ കുറിച്ചുമെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ചരിത്രത്തിന്റെ തങ്കലിപികളാൽ രേഖപ്പെട്ടു കിടക്കുന്ന, ശതാബ്ദിയും തികച്ച മലബാർ വിപ്ലവത്തിന്റെ ആകത്തുക വിവരിക്കുന്ന ആമുഖത്തോടെ തുടങ്ങുന്ന പുസ്തകം 1849ലെ മഞ്ചേരി യുദ്ധം, 1851ലെ കുളത്തൂർ യുദ്ധം, 1921ലെ പൂക്കോട്ടൂർ യുദ്ധം ഉൾപ്പെടെയുള്ള വിവിധ പോരാട്ടങ്ങളിലെ അന്നാട്ടുകാരുടെ പങ്കാളിത്തത്തെ കുറിച്ചും വിപ്ലവാനന്തരം അന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരെ കുറിച്ചും അവരുടെ ഇപ്പോഴത്തെ തലമുറയെക്കുറിച്ചുമെല്ലാം വിവരിക്കുന്നുണ്ട്. ഏറനാടിന്റെ ധീരതയുടെയും സ്വാതന്ത്ര്യ പോരാട്ടങ്ങളുടെയും ചരിത്രം പാട്ടായും മറ്റും നമ്മൾ കുറെ കേട്ടതും അറിഞ്ഞതുമാണ്. എന്നാലവയിൽനിന്ന് വിഭിന്നമായി കൂടുതൽ സൂക്ഷ്മ വിശദാംശങ്ങൾ കണ്ടെടുക്കാൻ ഇത്തരം ചരിത്രരചനകൾ സഹായകമാണ്. ചരിത്രരചനയിലെ ഇത്തരത്തിലുള്ള പുതിയ രീതിശാസ്ത്ര മാതൃകകൾ പോരാട്ടതലങ്ങളിൽ എന്തുകൊണ്ടും അനിവാര്യമാണെന്നാണ് പുതിയകാലം വിളിച്ചോതുന്നത്. പുസ്തകത്തിന് അനുബന്ധമായി ചേർത്ത കെ.ഇ.എന്നിന്റെ പ്രഭാഷണത്തിന്റെയും ഊന്നൽ അതുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.