പുസ്തകങ്ങളിൽ അവതരിച്ച് അക്ഷരങ്ങളുടെ സുൽത്താൻ
text_fieldsയു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായാണ് ഷാർജ എമിറേറ്റ് വിശേഷിപ്പിക്കപ്പെടുന്നത്. സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ അക്ഷരങ്ങളുടെ സുൽത്താനെന്നും. വായനയേയും സാംസ്കാരിക പൈതൃകങ്ങളേയും അത്രമേൽ സ്നേഹിക്കുന്ന ഷാർജയുടെ അക്ഷരങ്ങളുടെ സുൽത്താന് വായനദിനത്തിൽ ഷാർജയിൽ പുസ്തകങ്ങൾകൊണ്ട് ആദരമൊരുക്കുകയാണ് ഷാർജയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഷാർജ.
എക്സ്പോ സെന്ററിലാണ് കൊടുങ്ങല്ലൂർ സ്വദേശിയായ കലാകാരൻ ഡാവിഞ്ചി സുരേഷ് ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾകൊണ്ട് കൂറ്റൻ ത്രിമാനചിത്രമൊരുക്കി ചരിത്രം സൃഷ്ടിച്ചത്. 25 അടി ഉയരവും 40 അടി വീതിയും 75 അടി നീളവുമുള്ള ശൈഖ് സുൽത്താന്റെ ത്രിമാനചിത്രം 10 ദിവസംകൊണ്ടാണ് രൂപകൽപന ചെയ്തതെന്ന് ചിത്രകാരനായ ഡാവിഞ്ചി സുരേഷ് പറഞ്ഞു. ഒരു ലക്ഷത്തിലേറെ പുസ്തകങ്ങളാണ് ചിത്രത്തിനായി ഉപയോഗിച്ചത്. പ്രത്യേക ഗാലറിയിൽ നിർമിച്ച ചിത്രത്തിന് പുസ്തകങ്ങളുടെ പുറംചട്ടയുടെ വ്യത്യസ്ത നിറങ്ങളാണുള്ളത്.
ഒരിക്കൽ ഷാർജ സന്ദർശിച്ച ടി.എൻ. പ്രതാപൻ എം.പിയാണ് ഇത്തരമൊരു ആശയം ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികളുമായി പങ്കുവെക്കുന്നത്. നടക്കുമോയെന്ന് ഉറപ്പില്ലെങ്കിൽ സംഘടന ഭാരവാഹികൾ ആ ഉദ്യമത്തിന് ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സംഘടന പ്രസിഡന്റ് അഡ്വ. വൈ.റഹിം പറഞ്ഞു. എന്നാൽ, അക്ഷര ലോകം ആ ഉദ്യമം ശിരസ്സാവഹിക്കുകയായിരുന്നുവെന്നാണ് പിന്നീട് കണ്ടത്. പല ദിക്കുകളിൽ നിന്നായി ഒന്നര ലക്ഷത്തിലധികം പുസ്തകങ്ങളാണ് അസോസിയേഷന്റെ അടുക്കലേക്ക് ഒഴുകിയെത്തിയത്.
വിദേശത്ത് രാജ്യങ്ങളിലെ ലൈബ്രറികളിൽ നിന്നും അപൂർ ശേഖരങ്ങളിൽ നിന്നുമാണ് ചിത്രത്തിനായുള്ള നിറം പകരാൻ പുസ്തകങ്ങൾ എത്തിയത്. അതിന് വേണ്ടി വന്ന ഭീമമായ ചിലവ് മുഴുവൻ വഹിച്ചതും ഷാർജ ഇന്ത്യൻ അസോസിയേഷൻ ആണ്. ചിത്രകാരൻ ഡാവിഞ്ചി സുരേഷിന്റെ കരവിരുതിൽ ആ പുസ്തകങ്ങൾ അക്ഷരാർഥത്തിൽ ഷാർജ സുൽത്താനായി മാറുകയും ചെയ്തതോടെ അതൊരു ചരിത്രമായി മാറി. ലോകത്ത് തന്നെ ഒരുപക്ഷെ, ഇത്തരമൊരു ത്രിമാന ചിത്രം ഒരുക്കുന്നത് ആദ്യമായിരിക്കും.
ഒരേ സമയം 5,000 പേർക്ക് മൊബൈലിൽ ചിത്രം കാണാനുള്ള സൗകര്യം ഒരുക്കിയാണ് അസോസിയേഷൻ സന്ദർശകരെ ഷാർജ എക്സ്പോ സെന്ററിലേക്ക് ക്ഷണിച്ചത്. പ്രദർശനത്തിന് ശേഷം പുസ്തകങ്ങളെല്ലാം കേരളത്തിലെ വായനശാലകൾക്ക് സംഭാവന ചെയ്യാനാണ് അസോസിയേഷന്റെ തീരുമാനം. പ്രബുദ്ധ കേരളത്തിലെ വായനശാലകളിലൂടെ അപ്പോഴും ഷാർജ സുൽത്താൻ അക്ഷര ലോകത്ത് മായാതെ നിൽക്കും.
ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി, ഡിസ്ട്രിക്ട് ആൻഡ് വില്ലേജ്സ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ ശൈഖ് മാജിദ് ബിൻ സുൽത്താൻ ബിൻ സഖർ അൽ ഖാസിമി എന്നിവർചേർന്ന് ത്രിമാനചിത്രം അനാച്ഛാദനം ചെയ്ത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുഖ്യ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അൽ മിദ്ഫ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.റഹീം അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.