വീടകം സ്കൂൾ; 12ാം വയസ്സിൽ ഇംഗ്ലീഷ് നോവലെഴുതി തസീൻ
text_fieldsഷാർജ: ഇത് തസീൻ സ്വബ്രി, വയസ്സ് 12. ഏതു ക്ലാസിലാണ് പഠിക്കുന്നതെന്ന് ചോദിച്ചാൽ അവന് കൃത്യമായ ഉത്തരമുണ്ടാവില്ല. കാരണം, അവൻ ഇതുവരെ സ്കൂളിന്റെ പടി കണ്ടിട്ടില്ല. പക്ഷേ, വീട്ടിലിരുന്ന് ടി.വിയും കണ്ട് ഗെയിമും കളിച്ച് നടക്കേണ്ട സമയത്ത് അവനൊരു പുസ്തകമെഴുതി. 300 പേജുള്ള ഇംഗ്ലീഷ് ഫിക്ഷൻ. സ്വപ്നസാക്ഷാത്കാരമെന്നോണം തസീൻ എഴുതിത്തീർത്ത നോവൽ സീരീസ് 'ഗോഡ് ഓഫ് ഡ്രാഗൺസി'ന്റെ ആദ്യ പതിപ്പ് ഇന്ന് ഷാർജ പുസ്തകോത്സവത്തിൽ പുറത്തിറങ്ങുകയാണ്. സ്കൂളിൽ പോയിട്ടില്ലെങ്കിലും ഹോം സ്കൂളിങ്ങിന്റെ പഠനക്കളരിയിൽ പഠിച്ചുവളരുന്ന തസീൻ സാധാരണ വിദ്യാർഥികളേക്കാൾ മിടുക്കും മികവും പുലർത്തുന്ന വിദ്യാർഥി കൂടിയാണ്.
കണ്ണൂർ സ്വദേശി അബ്ദുൽ ഖാദറിന്റെയും ജുബൈരിയയുടെയും ഇളയ മകൻ തസീന്റേത് വേറിട്ട ജീവിത രീതിയാണ്. വീടകം സ്കൂളാക്കിയാണ് തസീനും ജ്യേഷ്ഠൻ നാജി സ്വബ്രിയും പഠിക്കുന്നത്. മലയാളത്തേക്കാൾ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന തസീൻ ഇപ്പോൾ സ്പാനിഷ്, ജർമൻ ഭാഷകളുടെ പഠനത്തിലാണ്. ഓൺലൈൻ വിഡിയോയും ഫിക്ഷൻ സീരീസുകളുമാണ് തസീനെ പുസ്തകമെഴുത്തിലേക്കെത്തിച്ചത്. ആദ്യമെഴുതിയത് ചെറുകഥ. തസീന്റെ എഴുതാനുള്ള കഴിവ് തിരിച്ചറിഞ്ഞ് നൽകിയ പ്രോത്സാഹനമാണ് 25 ചാപ്റ്ററുള്ള 300 പേജ് പുസ്തകത്തിലേക്ക് എത്തിച്ചത്.
ആറോ ഏഴോ ഭാഗമുണ്ടാവും ഈ പുസ്തകത്തിന്. ഇതിന്റെ ആദ്യ പതിപ്പാണ് വ്യാഴാഴ്ച ഷാർജയിൽ പുറത്തിറക്കുന്നത്. മനുഷ്യന്റെ ചിന്താഗതികളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. മാർക്ക്, പോൾ എന്നീ സഹോദരന്മാരാണ് കേന്ദ്ര കഥാപാത്രങ്ങൾ. അവരുടെ അമ്മയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൂടെ കഥ പുരോഗമിക്കുന്നു. പുസ്തകോത്സവത്തിലെ ഏഴാം നമ്പർ ഹാളിൽ രാത്രി 6.30നാണ് പ്രകാശനം. ആമസോൺ, നൂൺ, മംസ് വേൾഡ്, ഫസ്റ്റ് ക്രൈ, രിവായ ബുക്സ് തുടങ്ങിയവ വഴിയും പുസ്തകം ലഭിക്കും.
ഹോം സ്കൂൾ പഠനക്കളരി:
സ്കൂളിൽ പോകാതെ വീട്ടിലിരുന്ന് സ്വയം താൽപര്യത്തോടെ പഠിക്കുന്ന രീതിയാണ് തസീനും നാജിയും അവലംബിച്ചിരിക്കുന്നത്. അക്കാദമിക് സിലബസിൽനിന്ന് വ്യതിചലിച്ച് സ്വന്തം സിലബസാണ് ഈ കുട്ടികളുടെ പഠനത്തെ നയിക്കുന്നത്. ഹിസ്റ്ററിയും ജ്യോഗ്രഫിയുമാണ് ഇഷ്ടവിഷയം. അതുമായി ബന്ധപ്പെട്ടാണ് കൂടുതൽ പഠനം. പുസ്തകങ്ങൾ ഓൺലൈൻ വഴി വാങ്ങി വായിച്ച് പഠിക്കും. ആസ്ട്രോണമിയാണ് മറ്റൊരു ഇഷ്ട വിഷയം. ദുബൈ ആസ്ട്രോണമി ഗ്രൂപ് മെംബറാണ്.
ഇതിനിടയിൽ പിയാനോ പഠനവുമുണ്ട്. റോക്കറ്റ് നിർമാണം ഓൺലൈനായി പഠിക്കുന്നുണ്ട്. റോക്കറ്റ് നിർമാണം മുതൽ വിക്ഷേപണം വരെയുള്ള ഓരോ ഘട്ടവും വെർച്വലായി തസീൻ തയാറാക്കും. കോവിഡ് സമയത്ത് നിംസ് സ്കൂളിന്റെ ഓൺലൈൻ ക്ലാസിൽ മറ്റ് കുട്ടികളോടൊപ്പം പങ്കെടുത്തിരുന്നു. സ്ഥിരം ക്ലാസിൽ പോയിരുന്ന കുട്ടികളെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയത് തസീനാണ്. ദുബൈ നോർത്തേൺ എമിറേറ്റ്സ് ഹോം സ്കൂളിങ് അസോസിയേഷൻ അംഗമാണ്.
ജ്യേഷ്ഠൻ നാജി സ്വബ്രിക്ക് 15 വയസ്സ് പിന്നിട്ടു. സ്കൂളിൽ പോയിട്ടില്ലെങ്കിലും കേന്ദ്ര ഗവൺമെന്റിന്റെ പത്താം ക്ലാസ് പരീക്ഷ എഴുതുന്നുണ്ട്. ക്രിയേറ്റവ് ആനിമേഷൻ വിദഗ്ധനായ നാജിക്ക് ഇറ്റാലിയൻ കമ്പനിയിൽ ജോലി ഉറപ്പിച്ചു കഴിഞ്ഞു. സ്വന്തമായി ഗെയിം വികസിപ്പിച്ചെടുത്ത അവൻ 3ഡി ആനിമേറ്റർ കൂടിയാണ്. ഏവിയേഷനാണ് മറ്റൊരു ഇഷ്ട മേഖല. സിനിമയെടുക്കണമെന്നും ആഗ്രഹമുണ്ട്. പിതാവ് അബ്ദുൽ ഖാദർ 'ഡി നോവ' എന്ന പേരിൽ മലയാള സംവിധാനം ചെയ്തിരുന്നു. സ്വന്തമായി പ്രൊഡക്ഷൻ കമ്പനി നടത്തുകയാണ് അബ്ദുൽ ഖാദർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.