ഡാനിഷ് ബാക്കിവെച്ച ‘പറവകൾ’ വായനാകാശത്തേക്ക്
text_fieldsകണ്ണൂർ: ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ബാധിതനായി പ്രതിസന്ധികളോട് പോരടിച്ച് കഥകൾ രചിച്ച് വിടവാങ്ങിയ കുഞ്ഞു എഴുത്തുകാരൻ മുഹമ്മദ് ഡാനിഷ് ബാക്കിവെച്ച നോവൽ ‘പറവകൾ’ക്ക് ചിറകുമുളക്കുന്നു. ഡാനിഷ് മരിക്കുമ്പോൾ പാതി പൂർത്തിയായ നോവൽ മാതാപിതാക്കളുടെ സഹായത്തോടെ ചെറുകഥാകൃത്ത് നജീബ് കാഞ്ഞിരോടാണ് പൂർത്തിയാക്കിയത്. നവംബർ 26ന് അൽ ഹുദ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് പുസ്തകം പ്രകാശനം ചെയ്യും.
കഴിഞ്ഞവർഷം മേയ് 27നാണ് മുണ്ടേരി പഞ്ചായത്തിന് സമീപം സഫിയ മൻസിലിൽ പടന്നോട്ട് മീത്തലെവീട്ടിൽ മുത്തലിബിന്റെയും കല്ലിന്റവിടെ നിഷാനയുടെയും മകൻ ഡാനിഷ് പതിനാലാം വയസ്സിൽ വിടപറഞ്ഞത്. ചലനശേഷി നഷ്ടമായ ഡാനിഷ് സ്വന്തമായി എഴുതിയ ആദ്യ ചെറുകഥാസമാഹാരം ‘ചിറകുകൾ’ ശ്രദ്ധേയമായിരുന്നു. കാഞ്ഞിരോട് അൽഹുദ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥിയായിരിക്കെ 12ാം വയസ്സിൽ എഴുതിയ 10 കഥകളാണ് ഉള്ളടക്കം.
അന്ന് പുസ്തകം പ്രകാശനത്തിന് മന്ത്രി അഹ്മദ് ദേവർകോവിൽ അടക്കം എത്തിയിരുന്നു. ഒന്നരവയസ്സിൽ എസ്.എം.എ സ്ഥിരീകരിക്കപ്പെടുമ്പോൾ ജീവിതത്തിലൊരിക്കലും എഴുതാനോ ചലിക്കാനോ കഴിയില്ലെന്ന് ഡോക്ടർമാർ ഉറപ്പിച്ചുപറഞ്ഞ ഡാനിഷ് പഠനം തുടർന്നതും കഥകളെഴുതി പുസ്തകം പ്രസിദ്ധീകരിച്ചതും ഉറച്ച നിശ്ചയദാർഢ്യത്തോടെയായിരുന്നു. തന്റെ അന്ത്യനാളുകളിൽ ഡാനിഷ് തുടങ്ങിവെച്ച നോവലാണ് ഇപ്പോൾ പൂർത്തിയായത്. പായൽ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ചടങ്ങിൽ ആസിം വെളിമണ്ണ മുഖ്യാതിഥിയാവും. രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.