പ്രണയ നിയമങ്ങളിലെ കവിതകൾ
text_fieldsടർക്കിഷ് എഴുത്തുകാരി എലിഫ് ഷഫാക്കിന്റെ 'നാൽപത് പ്രണയ നിയമങ്ങൾ'നാൽപത് പ്രണയ നിയമങ്ങൾ' എന്ന നോവൽ പ്രസിദ്ധ പേർഷ്യൻ സൂഫി കവി ജലാലുദ്ദീൻ റൂമിയും അദ്ദേഹത്തിന്റെ ആത്മീയഗുരു ശംസേ തബ്രീസിയും തമ്മിലുള്ള ഗാഢമായ അടുപ്പവും ആത്മസംഘർഷങ്ങളും വരച്ചുകാട്ടുന്നതാണ്. വായനക്കാരന്റെ ആത്മാവിനെ വലയംചെയ്യുന്ന ഒരു ശക്തി ഈ നാൽപത് പ്രണയ നിയമങ്ങളിൽ ഉണ്ട്. അതിൽനിന്നു പുറത്തുകടക്കുക അത്ര എളുപ്പമല്ല.
സ്ത്രീക്ക് പുരുഷനോടുള്ള പ്രണയം, സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടുമുള്ള പ്രണയം, ജീവിതത്തിന് മരണത്തോടുള്ള പ്രണയം, ആത്മാവിനു ദൈവത്തോടുള്ള പ്രണയം, അഗ്നിക്ക് ജലത്തോടുള്ള പ്രണയം, ജ്ഞാനത്തിന് അജ്ഞതയോടുള്ള പ്രണയം, വായുവിന് ശൂന്യതയോടുള്ള പ്രണയം. അങ്ങനെ പ്രണയ തത്ത്വങ്ങളുടെ പൊള്ളുന്ന ഒരു സംഹിതയാണ് ഈ നോവൽ.'തബ്രീസ്സിലെ ശംസ്' ഒരു വെളിച്ചമാണ്. മിന്നൽപോലെ സർവരിലേക്കും (വായനക്കാരിലേക്കും) താങ്ങാവുന്നതിലധികം ഊർജപ്രഹരം കടത്തിവിട്ട് ശാന്തമായി ഇരുട്ടിലേക്കു മറയുന്ന ഒരു പ്രതിഭാസം.
വിശുദ്ധ ഖുർആന്റെ പല സൂക്തങ്ങൾക്കും നാം പഠിച്ചതിനപ്പുറമുള്ള ഒരു തെളിച്ചമുണ്ടെന്നും ഇഹലോകത്തെ നാൽക്കവലകളിൽ നാം പകച്ചുനിൽക്കുമ്പോൾ എങ്ങനെ ഒരു പരംപൊരുളായി വഴികാട്ടുമെന്നും ഈ നാൽപത് നിയമങ്ങളിൽ പലയിടത്തും അടിവരയിടുന്നു. അപ്പോൾ മാത്രമാണ് തിരിച്ചറിയുന്നത്, നാമെല്ലാം പുഴയുടെ ആഴങ്ങളിൽ ഒരു ചലനവും സൃഷ്ടിക്കാൻ കഴിയാതെ ജലോപരിതലത്തിൽ മാത്രം ചെറിയ ഓളങ്ങളിൽ ഒതുങ്ങിപ്പോയ ഒരു ഏറുകല്ലാണെന്ന്.
വിശുദ്ധ ഖുർആൻ പരാമർശിക്കുന്നതുകൊണ്ടും, റൂമിയും ശംസുമാണ് നമ്മെ വേട്ടയാടുന്നത് എന്നതു കൊണ്ടും 'നാൽപത് പ്രണയ നിയമങ്ങൾ' ഒരു മതബോധത്തിൽ മാത്രം ഒതുങ്ങുന്ന പ്രമാണങ്ങളല്ല. ഏതു മതത്തിലും സംഭവിക്കാവുന്ന ചില പൊതു സത്യങ്ങളുടെ ശാസ്ത്രമുണ്ടതിൽ. അതാണ് ഒന്നാം പ്രമാണം.ഒന്നിൽ തുടങ്ങി ബൃഹത്തായ 40 പ്രമാണങ്ങളും താണ്ടിക്കഴിയുമ്പോൾ ചില നിമിഷത്തേക്കെങ്കിലും നിങ്ങൾ മനസ്സുകൊണ്ട്, വിശുദ്ധനാക്കപ്പെട്ട ഒരു ദാർവിശ്/സൂഫി ആകുമെന്നുറപ്പാണ്.അജയ് പി. മാങ്ങാടിന്റെയും അഹമദ് ജലാലുദ്ദീന്റെയും മൊഴിമാറ്റത്തിലെ സത്യസന്ധതയാണ് ഈ നോവൽ വായനക്കപ്പുറമുള്ള ഒരനുഭവമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.