വണ്ടിയുമായി അധ്യാപകർ ഇറങ്ങി; സ്കൂളിലെത്തിയത് ഒന്നരലക്ഷം പുസ്തകം
text_fieldsതൊടുപുഴ: കാടും മേടും താണ്ടിയും കാൽനടയായി സഞ്ചരിച്ചും പാമ്പനാർ സർക്കാർ ഹൈസ്കൂളിലെ അധ്യാപകർ സ്കൂൾ ലൈബ്രറിയിലേക്ക് ശേഖരിച്ചത് ഒന്നരലക്ഷത്തോളം പുസ്തകം. പുസ്തകവണ്ടിയുമായി അധ്യാപകർ ഒരുമിച്ചിറങ്ങിയതോടെ പ്രദേശത്തെതന്നെ ഏറ്റവും വലിയ പുസ്തകശേഖരമുള്ള സ്കൂളായി ഇത് മാറി. ഇവിടത്തെ കുട്ടികളിൽ അധികവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എസ്റ്റേറ്റ് തൊഴിലാളികളുടെ മക്കളാണ്. പ്രീ-പ്രൈമറി മുതൽ പത്തുവരെ ക്ലാസുകളിലായി മലയാളം, തമിഴ്, ഇംഗ്ലീഷ് വിഭാഗങ്ങളിലായി 1123 കുട്ടികൾ പഠിക്കുന്നുണ്ട്.
സ്കൂളിനൊരു നല്ല ലൈബ്രറി എന്നത് വർഷങ്ങളായുള്ള ആഗ്രഹമാണ്. കാത്തിരിപ്പിനൊടുവിൽ ജില്ല പഞ്ചായത്ത് ലൈബ്രറി നിർമാണത്തിന് ഫണ്ടും നൽകി. കെട്ടിടം വന്നതോടെയാണ് പുസ്തകങ്ങളുടെ അഭാവം ബോധ്യമാകുന്നത്. 25,000 പുസ്തകങ്ങൾ മാത്രമാണ് ആകെ സ്കൂളിന്റെ കൈവശമുള്ളത്. ഈ സാഹചര്യത്തിലാണ് പുസ്തക സമാഹരണത്തിന് ആലോചിക്കുന്നത്. ഒരുപാട് നിർദേശങ്ങൾ വന്നു. അതിലൊന്നായിരുന്നു പുസ്തകവണ്ടി. വായിച്ചുകഴിഞ്ഞതിന് ശേഷം വീട്ടിലും ഓഫിസുകളിലുമെല്ലാം വെറുതെ വെച്ചിരിക്കുന്ന ഏത് പുസ്തകങ്ങളും പുസ്തകവണ്ടിയിൽ ഏൽപിക്കാമെന്നായിരുന്നു നിബന്ധന.
ഇതു കൂടാതെ അധ്യാപകരുടെ മേൽനോട്ടത്തിൽ പുസ്തകങ്ങൾ ശേഖരിക്കുകയും അവധി ദിവസങ്ങളിൽ പുസ്തവണ്ടിയുമായി എത്തി അവ സ്കൂൾ ലൈബ്രറിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സ്കൂൾ ബസാണ് പുസ്തകവണ്ടിയായി ഉപയോഗിച്ചത്. വണ്ടി എത്താത്ത ഇടങ്ങളിൽ മൂന്ന് കിലോമീറ്റർ വരെ നടന്ന് അധ്യാപകർ പുസ്തകങ്ങൾ ശേഖരിച്ച സംഭവങ്ങളുമുണ്ട്.
ലാഡ്രം, ഗ്ലൈൻ, പട്ടുമല, കരടിക്കുഴി, പട്ടുമുടി തുടങ്ങിയ തോട്ടം മേഖല ഉൾപ്പെടുന്ന മിക്ക പ്രദേശങ്ങളിലും പുസ്തവണ്ടി എത്തി. എല്ലാ മേഖലയിൽനിന്നുള്ളവരും പരിപാടിയുമായി സഹകരിച്ചു. ഒന്നരലക്ഷം രൂപയുടെ വരെ പുസ്തകം സമ്മാനിച്ചവരും പുസ്തകം വാങ്ങാൻ 50,000 രൂപ വരെ പണമായി നൽകിയവരും ഇക്കൂട്ടത്തിലുണ്ട്.
പീരുമേട് മുൻ തഹസിൽദാറുടെ നേതൃത്വത്തിൽ താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ കൂട്ടായ്മായിൽ 75,000 രൂപയുടെ പുസ്തകങ്ങൾ സമാഹരിച്ച് നൽകി. കേട്ടറിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും സമീപ ജില്ലകളിൽനിന്നും പുസ്തകങ്ങൾ എത്തിയതായി അധ്യാപകർ പറഞ്ഞു. ഇപ്പോൾ ലൈബ്രറിയിൽ ഒന്നരലക്ഷത്തോളം പുസ്തകങ്ങളുണ്ട്. പുസ്തകങ്ങൾ കൂടിയതോടെ ലൈബ്രേറിയനെയും നിയമിച്ചു. അധ്യാപകരിൽനിന്ന് മാസംതോറും സമാഹരിക്കുന്ന തുകകൊണ്ടാണ് ഇയാൾക്ക് ശമ്പളം നൽകുന്നത്. രാവിലെ എട്ടരയോടെ ലൈബ്രറി തുറക്കും. വൈകീട്ട് അഞ്ചര വരെയാണ് പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.