അക്ഷര മഹാമേളക്ക് ഇന്ന് തുടക്കം; ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ആയിരങ്ങളെത്തും
text_fieldsദുബൈ: അക്ഷരലോകം അറബ് നാട്ടിലേക്കൊഴുകിയെത്തുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 41ാം എഡിഷന് ബുധനാഴ്ച തുടക്കം. 12 ദിവസം നീളുന്ന പുസ്തകോത്സവത്തിൽ 95 രാജ്യങ്ങളിൽ നിന്ന് 2213 പ്രസാധകരെത്തും. ഷാർജ എക്സ്പോ സെന്ററിൽ നവംബർ 13 വരെ നടക്കുന്ന മേളയിൽ ഇന്ത്യയിൽ നിന്നടക്കം പ്രഗത്ഭ എഴുത്തുകാരും ചിന്തകരും പങ്കെടുക്കും. ഇറ്റലിയാണ് ഈ വർഷത്തെ അതിഥി രാജ്യം. 'വാക്ക് പ്രചരിപ്പിക്കുക' എന്ന പ്രമേയമാണ് ഇത്തവണ പുസ്തകോത്സവം സ്വീകരിച്ചിട്ടുള്ളത്.
പത്ത് രാജ്യങ്ങളിലെ പ്രസാധകർ ഈ സീസണിൽ പുതിയതായി അരങ്ങേറ്റം കുറിക്കുന്നുണ്ട്. മേളയിൽ നടക്കുന്ന 1047 പരിപാടികൾക്ക് 57 രാജ്യങ്ങളിലെ 129 അതിഥികൾ നേതൃത്വം നൽകും. ആകെ 15 ലക്ഷം പുസ്തങ്ങളാണ് ഇവിടെയെത്തുന്നത്. 1298 അറബ് പ്രസാധകർക്ക് പുറമെ 915 അന്താരാഷ്ട്ര പ്രസാധകരും പങ്കെടുക്കും. ഏറ്റവും കൂടുതൽ യു.എ.ഇയിൽ നിന്നാണ്, 339 പേർ. അറബ് ലോകത്തിന്റെ പുറത്തുനിന്ന് ഏറ്റവും കൂടുതൽ പ്രസാധകർ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്, 112 പേർ. യു.കെയിൽ നിന്ന് 61 പ്രസാധകരും എത്തും.
പ്രമുഖ അറബ് എഴുത്തുകാർക്കുപുറമെ, 2022ലെ ബുക്കർ പ്രൈസ് ജേതാവും ഇന്ത്യൻ എഴുത്തുകാരിയുമായ ഗീതാഞ്ജലി ശ്രീ(ഗീതാഞ്ജലി പാണ്ഡേ), പ്രശസ്ത എഴുത്തുകാരായ ദീപക് ചോപ്ര, ലിങ്കൺ പിയേഴ്സ്, രൂപി കൗർ, പികോ അയ്യർ, മേഘൻ ഹെസ് തുടങ്ങിയവരും പ്രധാന അതിഥികളായെത്തും. പുസ്തകോത്സവത്തിലേക്ക് മലയാളത്തിൽനിന്ന് സാമൂഹിക, സാസ്കാരിക രംഗത്തെ പ്രമുഖരെത്തും. സുനിൽ പി. ഇളയിടം മുതൽ നടൻ ജയസൂര്യ വരെയുള്ള നീണ്ട നിരയാണ് പുസ്തകോത്സവത്തിന് എത്തുന്നത്. നവംബർ 10നാണ് ജയസൂര്യ എത്തുക. ഒപ്പം സംവിധായകൻ പ്രജേഷ് സെന്നുമുണ്ടാകും.
സാഹിത്യ രംഗത്തുനിന്ന് നവംബർ അഞ്ചിന് ജി.ആർ. ഇന്ദുഗോപൻ, ആറിന് സുനിൽ പി. ഇളയിടം, 12ന് ജോസഫ് അന്നംകുട്ടി ജോസ്, 13ന് സി.വി. ബാലകൃഷ്ണൻ എന്നിവർ പങ്കെടുക്കും. രാഷ്ട്രീയ രംഗത്തുനിന്ന് അബ്ദുസ്സമദ് സമദാനി എം.പി, ടി.എൻ. പ്രതാപൻ എം.പി, എം.കെ. മുനീർ എം.എൽ.എ, കോൺഗ്രസ് നേതാവ് എം.എം. ഹസൻ തുടങ്ങിയവരും എത്തിച്ചേരും. ഉഷ ഉതുപ്പ് തന്റെ ആത്മകഥയുമായി നവംബർ 12ന് ആരാധകരുമായി സംവദിക്കാനെത്തും. രുചിക്കൂട്ടുകളുടെ രസമുകളുങ്ങളുമായി നവംബർ നാലിന് ഷെഫ് വിക്കി രത്നാനി, അഞ്ചിന് ഷെഫ് അർച്ചന ദോഷി, 11ന് ഷെഫ് അനഹിത ധോണ്ടി എന്നിവരും പുസ്തകമേളയിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യും.
റൈറ്റേഴ്സ് ഫോറത്തിൽ ഇന്ന്
- ഉച്ച 2.00: പുസ്തക പ്രകാശനം: 'ദ ബേഡ്സ് ഓഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസ്' -ഡോ. സുബൈർ
- ഉച്ച 2.30: പുസ്തക പ്രകാശനം: കുപ്പിച്ചില്ലും വൈരക്കല്ലും -മുഹമ്മദ് ശമീം
- വൈകു. 3.00: പുസ്തക പ്രകാശനം: സയ്യിദിന്റെ സൂക്തങ്ങൾ -മുീബ് ജയ്ഹൂൻ
- വൈകു. 3.30: പ്രഭാഷണം: 'പുതുലോകക്രമത്തിൽ യു.എന്നിന്റെ പങ്ക്' -ഡോ. മുകേഷ് കപിൽ
- വൈകു. 4.30: പുസ്തക പ്രകാശനം: ദേവബന്ധനം, യാത്രാപുസ്തകത്തിൽ ചില പരിചിതർ -ഇബ്രാഹീം കുട്ടി, അനു സിനുബാൽ
- വൈകു. 5.00: പുസ്തക പ്രകാശനം: 'വിഷൻ ഓൺ ബോഡ്' -ആരതി നായർ
- വൈകു. 5.30: പുസ്തക പ്രകാശനം: മനസ്സ് ഒരു വിസ്മയം -ദിനേശ് മുങ്ങത്ത്
- വൈകു. 6.00: പുസ്തക പ്രകാശനം: പ്രഫ. ജയലക്ഷ്മി
- വൈകു. 6.30: പുസ്തക പ്രകാശനം: മൃഗപരിണാമം, ഇനിയും നിലക്കാത്ത സാവേരി -സാജിദ് കൊടിഞ്ഞി, രമ്യ ഇ.ആർ
- രാത്രി 7.00: പുസ്തക പ്രകാശനം: 'ദ ആർട്ട് ഓഫ് മൈ ഹാർട്ട്' (പെയിൻറിങ്), അതിജീവനത്തിന്റെ പുസ്തകം- കോട്ടയം നസീർ, ഹണി ഭാസ്കരൻ
- രാത്രി 7.30: പുസ്തക പ്രകാശനം: പാട്ടോർമകൾ-ഗീതാഞ്ജലി രാഗേഷ്
- രാത്രി 8.00: പുസ്തക പ്രകാശനം: ഋതുഭേദങ്ങൾ -ആന്റണി തരകൻ ജോർജ്
- രാത്രി 8.30: പുസ്തക പ്രകാശനം: പെയ്തൊഴിഞ്ഞ മേഘങ്ങൾ, 'ദ സിസ്റ്റർഹുഡ് ഓഫ് ക്രോണിക്ൾ' -മഹാലക്ഷ്മി, ആര്യ നായർ
- രാത്രി 9.00: പുസ്തക പ്രകാശനം: ആത്മപ്രീതി -കമറുദ്ദീൻ റഫീഖ്
- രാത്രി 9.30: പുസ്തക പ്രകാശനം: യുദ്ധവും മറ്റു കഥകളും -ഫെബിൻ ജോൺ
- രാത്രി 10.00: പുസ്തക പ്രകാശനം: സി.കെ. ശ്രീധരൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.