ഒറ്റ വർഷം കൊണ്ട് മൂന്ന് പുസ്തകം; ഓസ്റ്റിൻ വേറെ ലെവലാ
text_fieldsബംഗളൂരു: മലയാളികൾക്ക് അഭിമാനമായി ഒമ്പതുവയസ്സുകാരൻ ഓസ്റ്റിൻ അജിത്തിന്റെ മൂന്നാം പുസ്തകം ‘ദ ഡേ ഐ ഫൗണ്ട് ആൻ എഗ്’ പുറത്തിറങ്ങുന്നു. ശനിയാഴ്ച വൈകീട്ട് 3.30ന് ഇന്ദിര നഗർ റോട്ടറി ക്ലബിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുധാകരൻ രാമന്തളി പ്രകാശനം നിർവഹിക്കും. ബംഗളൂരുവിലെ എഴുത്തുകാരായ ബ്രിജി കെ.ടി, രമ പിഷാരടി, സത്യൻ പുത്തൂർ, പ്രേംരാജ്, സലിം കുമാർ, ചിത്രകാരൻ ഭാസ്കരൻ ആചാര്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കഴിഞ്ഞ വർഷം നോവലെഴുതി ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ എന്ന റെക്കോഡ് ഓസ്റ്റിൻ അജിത് കരസ്ഥമാക്കിയിരുന്നു. ആദ്യ പുസ്തകമായ ‘ഗ്രാൻഡ്മാ ആൻഡ് ഓസ്റ്റിൻസ് പ്ലാന്റ് കിങ്ഡം’ 2022 മേയ് ഒന്നിനും രണ്ടാം പുസ്തകമായ ‘ഓസ്റ്റിൻസ് ഡൈനോ വേൾഡ്’ 2022 നവംബർ ഒന്നിനും പുറത്തിറങ്ങി. ബംഗളൂരു മലയാളികളായ അജിത് വർഗീസ് -ഷൈനി അജിത് ദമ്പതികളുടെ മകനാണ് ഓസ്റ്റിൻ. തന്റെ സഞ്ചാരത്തിനിടയിൽ ഒരു മുട്ട ലഭിക്കുന്നതും അതിൽനിന്ന് ഒരു ദിനോസർ വിരിഞ്ഞിറങ്ങുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമെല്ലാം ‘ദ ഡേ ഐ ഫൗണ്ട് ആൻ എഗ്’ എന്ന ഫാന്റസി നോവലിൽ ഓസ്റ്റിൻ വരച്ചുകാട്ടുന്നു. നോവൽ സീരീസിന്റെ ആദ്യ ഭാഗമാണ് ഈ പുസ്തകം. രണ്ടാം ഭാഗത്തിന്റെ രചനയിലാണ് ഈ ബാല നോവലിസ്റ്റ്. പ്രകൃതി മുഴുവനും തന്റെ കൃതികളിലൂടെ ആവാഹിക്കാൻ ശ്രമിക്കുകയാണ് ഈ കൊച്ചു പ്രകൃതിസ്നേഹി. പക്ഷികളും മൃഗങ്ങളും ഓരോ പുല്ലും പഴുതാരയും ഇതിൽ കടന്നുവരുന്നു. അവർക്കും കഥകൾ പറയാനുണ്ടെന്ന് ഈ കൊച്ചുമിടുക്കൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.