പുസ്തകം വാങ്ങാൻ എം.എൽ.എമാർക്ക് മൂന്ന് ലക്ഷം രൂപ ചെലവഴിക്കാൻ അനുമതി
text_fieldsതിരുവനന്തപുരം: സ്വന്തം മണ്ഡലത്തിലെ സ്കൂളുകൾക്കോ വായനശാലക്കോ പുസ്തകം വാങ്ങാൻ പ്രത്യേക വികസന ഫണ്ടിൽനിന്ന് എം.എൽ.എമാർക്ക് പരമാവധി മൂന്ന് ലക്ഷം രൂപ ചെലവഴിക്കാൻ അനുമതി. നവംബർ ഒന്നുമുതൽ ഏഴ് വരെ നിയമസഭ സമുച്ചയത്തിൽ നടക്കുന്ന നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്‍റെ (കെ.എൽ.ഐ.ബി.എഫ്-2) ഭാഗമായാണിതെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
സാമാജികരുടെ 2023-24 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽനിന്ന് മൂന്ന് ലക്ഷം രൂപവരെ ചെലവഴിക്കാം. സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈബ്രറികൾക്കും സർക്കാറിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ലൈബ്രറികൾക്കും കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ലൈബ്രറികൾക്കും നിയമസഭ പുസ്തകോത്സവത്തിൽനിന്ന് പുസ്തകം വാങ്ങുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും സ്പീക്കർ അറിയിച്ചു. പ്രത്യേക വികസന ഫണ്ട് ഒരു കോടി രൂപയാണെന്നും പുസ്തകം വാങ്ങാനുള്ള തുക വർധിപ്പിക്കണമെന്ന ആവശ്യം ധനവകുപ്പുമായി ചർച്ച ചെയ്ത് അനുമതി നേടാൻ ശ്രമിക്കുമെന്നും ചോദ്യത്തിന് മറുപടിയായി സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.