ഇവിടം സ്വർഗമാണ്, വായനക്ക്
text_fieldsതിരുവനന്തപുരം: മുമ്പൊരിക്കലും നേരിൽ കാണാത്തവർ, പേരുപോലും അറിയാത്തവർ; അപരിചിതത്വത്തിന്റെ കൂട്ടായ്മ കൂടിയാണ് ‘ട്രിവാൻഡ്രം റീഡ്സ്’. പ്രായം ആറുമാസം. സീൻ തിരുവനന്തപുരം നേപിയർ മ്യൂസിയത്തിന്റെ തെക്കുപടിഞ്ഞാറ് മൂല. സമയം ശനിയാഴ്ച രാവിലെ എട്ട്. പല വഴികളിലൂടെ പലരും വന്നുകൊണ്ടേയിരിക്കുന്നു. ഓരോരുത്തർ ഇഷ്ടയിടം കണ്ടെത്തുന്നു.
തറയിൽ ടവലോ പായയോ വിരിച്ച് ഇരിക്കുന്നു. അരികുകളിലാണെങ്കിലും ക്രമേണ അദൃശ്യമായൊരു ചരടാൽ ബന്ധിക്കപ്പെട്ട പോലെ അത് ചിതറിയൊരാൾക്കൂട്ടമാകുന്നു. ആരും പരസ്പരം നോക്കുന്നോ മിണ്ടുന്നോ ഇല്ല. ഇരിപ്പുറച്ചവർ കൈയിൽ കരുതിയ പുസ്തകത്തിലേക്ക് കൂപ്പുകുത്തി.
പൊതുയിടത്തിൽ രൂപപ്പെട്ട വായനക്കൂട്ടായ്മയാണ് ‘ട്രിവാൻഡ്രം റീഡ്സ്’. കഴിഞ്ഞ ജൂൺ 20 മുതൽ ചില ചെറുപ്പക്കാർ എല്ലാ ശനിയാഴ്ചയും രാവിലെ എട്ടു മുതൽ 11 വരെ ഈ കോണിൽ വന്നിരുന്ന് ഇഷ്ടപ്പെട്ട പുസ്തകങ്ങൾ വായിച്ച് മടങ്ങുന്നു. ക്യൂറേറ്ററായ വട്ടിയൂർക്കാവ് സ്വദേശി ബിന്നി ബാബുരാജിൽ നിന്നാണ് ഈ കൂട്ടായ്മയുടെ പിറവി. രണ്ട് സുഹൃത്തുക്കളുമായി ബംഗളൂരുവിലെ കബൺ റീഡ്സ് മാതൃകയിൽ ആരംഭിച്ച ‘ട്രിവാൻഡ്രം റീഡ്സ്’ 25 പതിപ്പ് പിന്നിട്ടു. ആഴ്ച തോറും കുറഞ്ഞത് 20ൽ പരം വായനക്കാർ ഇവിടെയെത്തി മൂന്നു മണിക്കൂർ വായിച്ച് തിരിച്ചുപോകും.
വായിക്കുന്ന തലമുറക്ക് വംശനാശം നേരിട്ടെന്ന് പരിതപിക്കുന്നവർക്ക് ആശ്ചര്യക്കാഴ്ച. പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്നവരും വിദ്യാർഥികളും ടെക്കികളുമടങ്ങിയ ‘ന്യൂജൻ’ വായനക്കാർ. വാട്സ്ആപ് ഗ്രൂപ് പോലെ എന്തെങ്കിലും കൂട്ടായ്മ തുടങ്ങിയാൽ എല്ലാവരും സംസാരിക്കണമെന്നാണല്ലോ പൊതുനിയമം. ഇവിടെ ചർച്ച പ്രോത്സാഹിപ്പിക്കില്ല. ഈ ചിന്ത കൊള്ളാമോ, ആ ആശയം നല്ലതാണോ, ആ പുസ്തകം അങ്ങനെയാണ്... അതൊന്നുമില്ല.
പകരം മൂന്ന് മണിക്കൂർ മിണ്ടാതെയിരുന്ന് വായിക്കാം. 11 കഴിഞ്ഞാൽ വായിച്ച പുസ്തകങ്ങളെല്ലാം കൂട്ടിവെച്ച് ഗ്രൂപ് ഫോട്ടോ. അതുകഴിഞ്ഞ് തൊട്ടടുത്ത കടയിൽ നിന്നൊരു ചായ കുടിച്ച് പിരിയും. ഇതിനിടെ, ആകുന്നവർ പരസ്പരം മിണ്ടും. അല്ലാത്തവർ മൗനത്തോടെ അടുത്ത ശനിയാഴ്ചയിലെ വായനക്കായി മടങ്ങും. പഴയകാല വായനശാലകളിൽനിന്ന് വ്യത്യസ്തമായി മറ്റുള്ളവരുടെ ആശയത്തിനും ആദർശത്തിനും ഇടം നൽകാതെ സ്വന്തത്തിനു മാത്രമായൊരു ഇടമെന്ന് ചുരുക്കിപ്പറഞ്ഞ് ട്രിവാൻഡ്രം റീഡ്സ് പുതിയ പതിപ്പുകളിലേക്ക് കടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.