‘ആഗസ്റ്റ് വരെ’- മനുഷ്യ ബന്ധങ്ങളുടെ കഥാകഥനം
text_fieldsകഥകൾ എല്ലായ്പോഴും യാഥാർഥ്യമായിക്കൊള്ളണമെന്നില്ല. എന്നാൽ, വാസ്തവം അല്ലാതായിരിക്കുമ്പോഴും മനുഷ്യാവസ്ഥയെക്കുറിച്ച് യഥാതഥമായി പറയുന്നു എന്നതാണ് അവയുടെ മഹത്ത്വം. സൽമൻ റുഷ്ദിയുടെ ഭാഷയിൽ പറഞ്ഞാൽ, അസാധ്യതകളുടെ സൗന്ദര്യമാണ് കഥകളുടെ നിറവ്. അതിലൂടെ അവ സാധ്യതകളെക്കുറിച്ച് -സത്യമല്ലാതിരിക്കെ സത്യത്തെക്കുറിച്ച്- പറയുന്നു. ഗബ്രിയേൽ ഗാർസ്യാ മാർകേസ് അസത്യങ്ങളിലൂടെ സത്യം പറയുന്നു, മാജിക്കിലെന്നവണ്ണം ഒരു പുതിയ യാഥാർഥ്യത്തെ സൃഷ്ടിക്കുന്നു എന്ന റുഷ്ദിയുടെ വാക്കുകൾ ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. ഇതിനെ പൂർണമായി സാധൂകരിക്കുന്നില്ലെങ്കിലും, അതിന്റെ അംശങ്ങൾ പ്രതിഫലിക്കുന്ന ഒന്നാണ് മാർകേസിന്റെ അവസാനത്തെ കൃതി, ‘ആഗസ്റ്റ് വരെ’ (Until August).
ഓർമകളാണ് തന്റെ കഥകളുടെ ഉറവിടവും ഉപകരണവുമെന്നും അതിന്റെ അഭാവത്തിൽ എല്ലാം അവസാനിക്കുമെന്നും മാർകേസ് പറഞ്ഞത് ഓർമവരുന്നു. എന്നാൽ, ഓർമയും മറവിയും തമ്മിലുള്ള പോരാട്ടത്തിനിടയിലാണ് അദ്ദേഹം ഈ കൃതി എഴുതിയത് എന്നത് അർഥവത്താണ്. പ്രായം എഴുപതുകളോട് അടുത്തപ്പോൾ മകൻ റോഡ്രിഗോ ഗാർസ്യാ (Rodrigo Garcia) അദ്ദേഹത്തോട് ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്: ‘‘രാത്രിയിൽ വിളക്കണച്ച് ഉറങ്ങാൻ കിടക്കുമ്പോൾ അച്ഛൻ എന്താണ് ആലോചിക്കുന്നത്?” “എല്ലാം അവസാനിച്ചുവല്ലോ എന്ന ചിന്ത”, ഇതായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
ഇതിന് എത്രയോ വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹം ‘ആഗസ്റ്റ് വരെ’ എഴുതുന്നത്. 2003ൽ തുടങ്ങി 2004ൽ അത് മുഴുമിപ്പിക്കുന്നു. ഇതിനിടയിൽ അഞ്ചു പ്രാവശ്യം തിരുത്തി എഴുതി. അവസാനത്തെ കൈയെഴുത്തു പ്രതി പൂർത്തീകരിക്കുന്നത് 2004 ജൂലൈ 5ന്. അതിന്റെ ആദ്യ പേജിൽ ‘Grand final ok’” എന്നെഴുതി തന്റെ സെക്രട്ടറിക്ക് കൈമാറിക്കൊണ്ട് അദ്ദേഹം പറഞ്ഞു, ‘‘ചിലപ്പോഴൊക്കെ പുസ്തകങ്ങളെ വിശ്രമിക്കാൻ അനുവദിക്കണം.’’ കൃതിയെക്കുറിച്ച് അദ്ദേഹത്തിന് പൂർണതൃപ്തി ഉണ്ടായിരുന്നില്ലെന്നതിന്റെ ആദ്യസൂചന. ഒടുവിൽ ഇക്കാര്യം കുടുംബാംഗങ്ങളോടു തന്നെ അദ്ദേഹം വ്യക്തമാക്കി: ‘‘പുസ്തകം ശരിയായെന്ന് തോന്നുന്നില്ല. ഇത് നിർബന്ധമായും നശിപ്പിച്ച് കളയണം.’’
എന്നാൽ അവർ അദ്ദേഹത്തെ ധിക്കരിക്കാൻ തീരുമാനിക്കുകയാണുണ്ടായത്. ഇതിനെക്കുറിച്ച് അദ്ദേഹത്തിന്റെ മക്കൾ പറയുന്നത് ഇങ്ങനെ: ‘‘കാലം വിധിയെഴുതട്ടെ എന്നു കരുതി ഞങ്ങൾ കൈയെഴുത്തു പ്രതി മാറ്റിവെച്ചു. പത്തുവർഷത്തിനുശേഷം വീണ്ടും വായിച്ചപ്പോൾ അതിൽ ഉത്കൃഷ്ടമായ പലതുമുള്ളതായി തോന്നി... അദ്ദേഹത്തിന്റെ രചനാവൈഭവം, കാവ്യാത്മകമായ ഭാഷ, മനോഹരമായ അഖ്യാന ശൈലി, പ്രണയത്തോടുള്ള സമീപനം... ഒടുവിൽ മറ്റെല്ലാ പരിഗണനകൾക്കുമപ്പുറം വായനക്കാരുടെ സന്തോഷത്തിന് പ്രാധാന്യം നൽകാൻ ഞങ്ങൾ തീരുമാനിച്ചു.” ഇതിന്റെ പരിണതഫലമാണ് ഈ പുസ്തകം.
വളരെ കുറച്ച് കഥാപാത്രങ്ങൾ മാത്രമുള്ള കൃതിയിൽ ഓരോരുത്തരും അവരവരുടെ ലോകത്താണ് ജീവിക്കുന്നത്. ഓരോരുത്തർക്കും അവരുടേതായ സത്യമുണ്ട്. അതാകട്ടെ പരസ്പരം പൊരുത്തപ്പെടുന്നുമില്ല. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് നോവലിലെ കേന്ദ്ര കഥാപാത്രമായ അന മഗ്ദലീന ബകും അവരുടെ ഭർത്താവുമായുള്ള ബന്ധം. പ്രണയത്തിന്റെ ഉറവ വറ്റാതിരുന്നിടത്തോളം സന്തോഷഭരിതമായ ദാമ്പത്യജീവിതമായിരുന്നു അവരുടേത്. ആകെ ഉണ്ടായിരുന്നൊരു ബുദ്ധിമുട്ട് മകൾ കന്യാസ്ത്രീ മഠത്തിൽ ചേരാൻ തീരുമാനിച്ചത് മാത്രമാണ്.
എന്നാൽ, മറ്റു ചിലർ അവരുടെ (അനയുടെ) ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ അതുവരെ ഭദ്രമെന്നു തോന്നിയ ബന്ധങ്ങളുടെ ഇഴ പിരിഞ്ഞുതുടങ്ങുന്നു. ഓരോരുത്തരും അവരുടേതായ തുരുത്തുകളിൽ അഭയം തേടുന്നു, അന്യോന്യം ഒറ്റപ്പെടുന്നു. ഇത് ഭൗതികമോ ശാരീരികമോ അല്ല. ബന്ധങ്ങളുടെ, അടുപ്പത്തിന്റെ അഥവാ സ്നേഹത്തിന്റെ, അഭാവം. ആൾക്കൂട്ടത്തിൽ തനിയെ എന്നു പറയുംപോലെ ഒരുമിച്ച് കഴിയുമ്പോഴും വെവ്വേറെ ജീവിക്കുന്ന അവസ്ഥ. ഏകാന്തതയോ അതിനെ സൂചിപ്പിക്കുന്ന മറ്റു പദങ്ങളോ പതിനാറ് തവണയാണ് വെറും 108 പേജുള്ള ഈ ചെറുകൃതിയിൽ മാർകേസ് ഉപയോഗിച്ചിരിക്കുന്നത്.
മധ്യവയസ്കയായ അനയുടെ അഞ്ചു വർഷത്തെ ജീവിതവും അവർ വർഷാവർഷം അമ്മയെ അടക്കം ചെയ്ത ദ്വീപിലേക്ക് നടത്തുന്ന ഒറ്റയാൾ യാത്രകളും യാത്രാവേളകളിൽ അവർ ഏർപ്പെടുന്ന ചില വിവാഹേതര ബന്ധങ്ങളുമാണ് കഥയുടെ പ്രമേയം. കഥ ആരംഭിക്കുന്നത് അമ്മയുടെ ശവകുടീരത്തിൽ പൂക്കൾ അർപ്പിക്കാൻ അന പോകുന്നതോടെയാണെങ്കിൽ, അവസാനിക്കുന്നത് അവരുടെ ഭൗതികാവശിഷ്ടങ്ങൾ സഞ്ചിയിലാക്കി അന വീട്ടിൽ തിരികെയെത്തി “അമ്മ മാത്രമേ തന്നെ മനസ്സിലാക്കിയിട്ടുള്ളൂ” എന്ന് ഭർത്താവിനോട് പറയുന്നതോടെയാണ്. കൃതിയിലൂടെ ജീവിതത്തിന്റെയും മരണത്തിന്റെയും അർഥം തേടുകയാണ് കഥാകൃത്ത്.
കഥ തുടങ്ങുന്നത് ഒരു ആഗസ്റ്റ് 16 വെള്ളിയാഴ്ചയോടെയാണ്. പതിവുപോലെ അമ്മയുടെ കുഴിമാടം സന്ദർശിച്ച് ആ വർഷത്തെ തന്റെ അനുഭവങ്ങളെല്ലാം അവരോട് അന വിവരിക്കുന്നു. അതിനുശേഷം സന്ധ്യക്ക് ഹോട്ടലിലെ ബാറിലെത്തി തന്റെ ഇഷ്ട പാനീയമായ ജിൻ നുണഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അവൾ അയാളെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും ഇരുവരും ചേർന്ന് നൃത്തം ചെയ്യുന്നതും. എല്ലാം കഴിയുമ്പോൾ അന അയാളെ തന്റെ കിടപ്പറയിലേക്ക് ക്ഷണിക്കുന്നു.
അന: നമുക്ക് മുകളിലേക്ക് പോയാലോ?
അയാൾ: ഞാൻ ഇവിടെ താമസിക്കുന്നില്ല.
അന: പക്ഷേ, ഞാൻ ഇവിടെ താമസിക്കുന്നുണ്ട്, രണ്ടാം നിലയിലെ ഇരുനൂറ്റി മൂന്നാം
നമ്പർ മുറിയിൽ.
തുടർന്ന് ഇരുവരും മുറിയിലേക്ക് പോകുകയും ശാരീരികബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. ഒടുവിൽ അയാൾ ചോദിക്കുന്നു, “എന്തുകൊണ്ട് ഞാൻ?” “പൊടുന്നനെ ഉണ്ടായൊരു വെളിപാട്” എന്നായിരുന്നു ഇതിനുള്ള അവളുടെ മറുപടി. അന ഉറങ്ങി എഴുന്നേൽക്കുമ്പോൾ പക്ഷേ അയാളെ കാണുന്നില്ല. പെട്ടെന്ന് മേശപ്പുറത്തു കിടക്കുന്ന പുസ്തകത്തിനുള്ളിൽ എന്തോ ഉള്ളതുപോലെ തോന്നി. തുറന്നു നോക്കിയപ്പോൾ 20 ഡോളറിന്റെ ഒറ്റ നോട്ട്! ഇതോടെ ക്രോധവും സങ്കടവും നാണക്കേടും മാറിമാറി അവരെ വേട്ടയാടാൻ തുടങ്ങി.
അന വീട്ടിൽ തിരിച്ചെത്തിയത് തികച്ചും വ്യത്യസ്തയായ ഒരാളായിട്ടാണ്. പുകവലി പുനരാരംഭിക്കുന്നു, വായനയും ഉറക്കവും തീരെ ഇല്ലാതായി. ഭർത്താവ് തന്നെ സംശയിക്കുന്നുണ്ടോ എന്ന ചിന്ത വേറെ. അവസാനം എല്ലാറ്റിന്റെയും കാരണം പുസ്തകത്തിൽ അയാൾ വെച്ചിട്ടുപോയ 20 ഡോളറാണെന്ന് അവർ കണ്ടെത്തുന്നു.
അടുത്ത വർഷവും പതിവ് സന്ദർശനത്തിന് അവൾ ദ്വീപിൽ എത്തുകയും അമ്മയോട് കഴിഞ്ഞ ആഗസ്റ്റ് 16ന് സംഭവിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. തന്റെ പ്രവൃത്തി അമ്മ അംഗീകരിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് അവൾ താമസസ്ഥലത്തേക്ക് യാത്ര തിരിക്കുന്നത്. മാർഗമധ്യേ അവൾ ഹെയർ സ്റ്റൈലിസ്റ്റിന്റെ അടുത്ത് പോയി മുടി മുറിക്കുന്നുണ്ട്. അതിന്റെ കൂലിയായി അയാൾ 20 ഡോളർ ആവശ്യപ്പെട്ടപ്പോൾ തെല്ലൊന്ന് അത്ഭുതം കൂറിയെങ്കിലും അതിനെ തന്റെ ‘സാഹസത്തിനുള്ള’ അമ്മയുടെ അംഗീകാരമായി വ്യാഖ്യാനിക്കാൻ അന അമാന്തിക്കുന്നില്ല. തുടർന്ന് അജ്ഞാത കാമുകൻ തനിക്ക് നൽകിയ 20 ഡോളർ അയാൾക്ക് നൽകിയിട്ട് പറഞ്ഞു, ‘‘നല്ല കാര്യങ്ങൾക്കായി ചെലവഴിക്കുക. രക്തവും മാംസവും കൊണ്ടുണ്ടാക്കിയ കാശാണിത്.” ഇതു കഴിഞ്ഞ് ഹോട്ടലിൽ എത്തിയ അവർ തന്റെ ഇഷ്ടത്തിന് വിരുദ്ധമായി മറ്റൊരജ്ഞാതനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിന് അയാൾ നൽകുന്ന ന്യായീകരണം, ‘‘വിധിയെ അർക്കും തടയാനാവില്ല” എന്നതാണ്.
ആദ്യത്തേത് തികച്ചും ആകസ്മികമായി സംഭവിച്ചതാണെങ്കിലും അത് തന്റെ ഭാഗ്യമായിരുന്നെന്ന് അന വിലയിരുത്തുന്നു. അതിൽ താനാണ് തീരുമാനമെടുത്തതും തിരഞ്ഞെടുത്തതും. രണ്ടാമത്തേതിലാകട്ടെ മറ്റൊരാൾ തീരുമാനമെടുക്കുകയും താൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രണ്ടാമത്തേതിൽ ഇതൊന്നുമായിരുന്നില്ല -ശരീരത്തെ മെതിക്കുന്ന, പൊള്ളുന്ന എന്തോ വന്യമായ സുഖം. ഇനിയുള്ള അവസരങ്ങളിൽ തിരഞ്ഞെടുക്കാനുള്ള തന്റെ സ്വാതന്ത്ര്യം ആർക്കും അടിയറവെക്കില്ലെന്ന് അന തീരുമാനിക്കുന്നു.
അടുത്ത മൂന്ന് (മൂന്നും അഞ്ചും യാത്രകളിൽ) സന്ദർശനങ്ങളിൽ രണ്ടു പ്രാവശ്യം അവൾ ഇതിൽ പൂർണമായി വിജയിക്കുകയും ചെയ്തു. നാലാം തവണ അവൾ എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ല. എന്നിരുന്നാലും ഒരു പുരുഷനുമായി കിടക്ക പങ്കിടുന്നു. അഞ്ചാം സന്ദർശനവേളയിൽ പക്ഷേ മറ്റൊരു കാര്യം സംഭവിക്കുന്നു. അന അമ്മയുടെ കുഴിമാടത്തിൽ ചെല്ലുമ്പോൾ മറ്റാരോ അർപ്പിച്ച പൂക്കൾ വാടിക്കരിഞ്ഞു കിടക്കുന്നതു കാണുന്നു. എല്ലാ വർഷവും അവിടെ വന്നുപോകുന്നൊരു വൃദ്ധനാണ് ഇതിന്റെ ആളെന്ന് ശ്മശാനം സൂക്ഷിപ്പുകാരനിൽനിന്ന് അവൾ മനസ്സിലാക്കുന്നു. ജീവിച്ചിരുന്നപ്പോൾ അമ്മ ഇടക്കിടെ ദ്വീപ് സന്ദർശിച്ചതിന്റെയും തന്നെ അവിടെ അടക്കണമെന്ന് വാശിപിടിച്ചതിന്റെയും കാരണം. തനിക്ക് അമ്മയുടെ പ്രതിച്ഛായയാണെന്ന് അവൾ തിരിച്ചറിഞ്ഞ നിമിഷം. അമ്മക്ക് മാത്രമേ തന്നെ പൂർണമായി മനസ്സിലാക്കാനാകൂ എന്ന് അവൾ ഭർത്താവിനോട് പറഞ്ഞതിന്റെ പൊരുൾ ഇതാണ്.
അനയുടെ മനോവ്യഥ/മാനസിക സംഘർഷം സന്തോഷം തേടിയുള്ള അവളുടെ യാത്രയിൽനിന്നാണ് തുടങ്ങുന്നത് എന്ന് മാർകേസ് നോവലിലൂടെ പറയാതെ പറയുന്നു. സന്തോഷം തേടുന്ന യാത്രകൾ ഒരു കണക്കിന് സ്വാതന്ത്ര്യ പ്രഖ്യാപനംകൂടിയാണ്. ഇത്തരം യാത്രകൾക്കിടയിൽ മഹാപാപങ്ങൾ ലളിതവും നിർദോഷവുമെന്ന് നമുക്ക് തോന്നും. അവ നാം മറന്നെന്നും വരും. എന്നാൽ, ചെറിയ പാപങ്ങൾ നമ്മെ അലട്ടുകയും മുറിവേൽപിച്ചുകൊണ്ടുമിരിക്കും.
കുറ്റബോധത്താൽ പീഡനം അനുഭവിക്കുന്ന വീരന്മാരുടെ ജീവിതവും വേദനജനകമാകുമെന്ന് ഹോമർ പറഞ്ഞത് ഇതുമൂലമാണ്. ഓരോ മനുഷ്യനും അയാൾ മാത്രമല്ല, മറ്റാരാൾകൂടിയാണ്. അയാൾ മറ്റൊരാളുടെ വിധികർത്താവുമാണ്. ഈ കൃതിക്ക് മാർകേസിന്റെ മറ്റു കൃതികളുടെ ഒഴുക്കും ദാർശനിക ഭാവവും ഇല്ലെങ്കിലും, അത് മനുഷ്യബന്ധങ്ങളുടെ ക്ഷണികതയും പ്രണയവും രതിയും തമ്മിലുള്ള അന്തരവും വളരെ ഭംഗിയായി ചിത്രീകരിക്കുന്നു. അത് ഒരേസമയം നമ്മുടെ കാലഘട്ടത്തെ സ്വാംശീകരിക്കുകയും അതിനെ എതിർക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.