വല്ലി; വനസ്ഥലിയുടെ ഒപ്പീസ്
text_fields"കല്ലുവയലിനെ ചുറ്റിവളഞ്ഞ് വയലിന്‍റെ ഹൃദയത്തിലേക്ക് നൂണ്ടുകയറി പൂത്തു തളിർത്തു കിടക്കുന്ന കാട്. ഈട്ടിയും വെന്തേക്കും കരിമരുതും ഇലവും വേങ്ങയും ഇരുമുള്ളുമരവും കാട്ടുനാരകവും കാട്ടുനെല്ലിയും കാട്ടാലും പരട്ടിയും പുന്നയും പേഴും കമ്പകവും പ്ലാശും ചേരും പിന്നെ കാക്കത്തൊള്ളായിരം മരക്കൂസന്മാരും തട്ടിയും മുട്ടിയും ഉമ്മവച്ചും കഴിയുന്ന കാട്. പുലിയും കരടിയും മുള്ളൻപന്നിയും കാട്ടുപോത്തും കാട്ടുപന്നിയും ഈനാമ്പേച്ചിയും വെരുകും ഉടുമ്പും പാമ്പും കീരിയും കേഴയും കലമാനും കൂരനും കുറുനരിയും കാട്ടാനക്കൂട്ടവും മിണ്ടിയും പറഞ്ഞും ഇരപിടിച്ചും ഇണചേർന്നും കളിച്ചും മദിച്ചും നടക്കുന്ന കാട്. തുമ്പികളുടെ, പൂമ്പാറ്റകളുടെ, ചീവീടുകളുടെ, ഉറുമ്പുകളുടെ, ചിതലുകളുടെ നൂറു നൂറായിരം സൂക്ഷ്മജീവികളുടെ കാട്.
ആർത്തിപൂണ്ട ഇരുകാലികൾ മഴുവുമേന്തി ഒളിച്ചും പാത്തും എത്തിയിരുന്നെങ്കിലും അക്കാലത്ത് കാനനം വിശുദ്ധമായിരുന്നു. പ്രശാന്തമായിരുന്നു. കാടു നിറയെ അന്ന് മഞ്ഞ് പെയ്തിരുന്നു."
ഷീലാ ടോമിയുടെ "വല്ലി" എന്ന നോവലിലെ "കാട് വിളിക്കുന്നു" എന്ന അഞ്ചാം അദ്ധ്യായത്തിലെ ആദ്യ വരികളാണിവ. കേരളത്തിന്‍റെ പിറവിക്ക് മുന്നേ തന്നെ പ്രകൃതിയുടെ വരദാനമായി ലഭിച്ച് ബയൽനാടെന്ന വയൽനാട്, ഇപ്പോഴത്തെ വയനാടിന്‍റെ കാടിന്‍റെ ഒരു കാലത്തെ വിവരണവും, മനുഷ്യനെന്ന കാടിന്‍റെ സന്തതി പിന്നീട് നാട് വികസിപ്പിച്ച് ഏകാധിപതി ആകാനുള്ള യാത്രയിൽ അവന്‍റെ അന്നദാതാവായ കാടിനെയും അവന്‍റെ സ്വന്തം സഹോദരന്മാരായ കാടിന്‍റെ മക്കളെയും ചൂഷണം ചെയ്തും ഇല്ലാതാക്കിയും വികസനത്തിനെന്ന മറപറ്റി കാടിനെ അതുവഴി പ്രകൃതിയെയും നശിപ്പിക്കുന്ന ഇന്നും തുടരുന്ന ആ ഭീകരയാഥാർത്ഥ്യങ്ങളുടെ നേർചിത്രമാണ് വയനാട്ടിലേക്ക് കുടിയേറിപ്പാർത്ത മൂന്നു തലമുറകളുടെ കഥ പറച്ചിലിലൂടെ അതീവ ഹൃദ്യമായി എഴുത്തുകാരി അനുഭവിപ്പിക്കുന്നത്...!
അരനൂറ്റാണ്ട് മുമ്പ് നിലനിൽപ്പിനായി സ്വന്തം നാട് വിട്ട് മലയോരഗ്രാമങ്ങളിലേക്ക് കുടിയേറിയ ഉശിരുള്ള മനുഷ്യരിൽ നിന്ന് തുടങ്ങുന്നു ആ ചരിത്രം. അന്നുള്ളവർ മണ്ണിനെ അറിഞ്ഞ് കാടിനെ സ്നേഹിച്ച് പ്രകൃതിയെ ആരാധിച്ച്, കാടിന്‍റെ മക്കളെ കൂടെ കൂട്ടിയും, അത്യദ്ധ്വാനം ചെയ്തപ്പോൾ പൊന്ന് വിളയിച്ചു. പോകേപോകേ വന്നവരിൽ കുറച്ച് പേരുടെ മട്ടും ഭാവവും മാറിയപ്പോ കാടിന്‍റെ മക്കൾ അടിമകളും കുടിയേറിയവർ യജമാന്മാരുമായി. പിന്നേയുമുള്ള യാത്രയിൽ കാടിന് മേൽ നാടിന്‍റെ നീരാളിപ്പിടുത്തം. ആർത്തിയുടെയും അത്യാഗ്രഹത്തിന്‍റെയും വിഷം തീയായി പടർന്നപ്പോൾ കാട് ഇല്ലാതായി, മലകൾ അപ്രത്യക്ഷമായി, കാടിന്‍റെ മക്കൾ പലവഴിക്കും ചിതറുകയും ചെയ്തു. അവശേഷിച്ചവരെ ലഹരിയുടെ അടിമത്തത്തിൽ സ്ഥിരജോലിയെന്ന കള്ളത്തരത്തിൽ മുതലാളിമാരുടെ കൂടെയും കൂട്ടി. ആദ്യം വന്നവർ ഭൂമിയോട് വിട പറഞ്ഞപ്പോളേക്കും കാലവും കഥയും മാറി, ഇന്നിന്‍റെ അത്യാനുധികയിൽ അവരുടെ ചെറുമക്കൾ കാടും കടലും കടന്ന് വിദേശങ്ങളിൽ തൊഴിലിനായി പോയപ്പോളും, സ്വന്തം വേരുകൾ ഉപേക്ഷിക്കാൻ സാധിക്കാത്തവിധം പൊക്കിൾകൊടി ആ കാനനനാട്ടിൽ തന്നെ അവശേഷിച്ചവർ വീണ്ടും ആ ആദിനാട്ടിൽ വന്ന് കൊണ്ടേയിരുന്നു....!!
വല്ലി എന്നത് കാട് പ്രധാന കഥാപാത്രമായി വരുന്ന, കാടിന്‍റെ മനസ്സും ശരീരവും ആവാഹിച്ച, കാടിനോട് ചേർന്ന കാടിന്‍റെ സ്പന്ദനങ്ങൾ അറിയുന്ന, കാട്ടിലും നാട്ടിലുമായി കഴിയുന്ന കുറേ മനുഷ്യരുടെ സംഭവബഹുലമായ അനുഭവഭേദ്യമായ ഹരിതനോവലാണ്. ആധുനികവത്കരണത്തിന്‍റെ ഫലമായി ഉണ്ടായ മാറ്റങ്ങളിലൂടെ, കാടിനെ മണ്ണിനെ മാത്രം ആശ്രയിച്ചിരുന്ന ആ തുടക്കക്കാരനിൽ നിന്നും വൈദ്യുതിയും വാഹനങ്ങളും മൊബൈലും ആ പ്രദേശത്തെ മാറ്റിമറിച്ച ടൂറിസവുമെല്ലാം വരുത്തിയ ഇന്ന് വരെയുള്ള മാനുഷികവും പ്രാകൃതവുമായ മാറ്റങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്നതിനോടൊപ്പം പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൈയേറ്റങ്ങളുടെയും മുതലാക്കലുകളുടെയും ആർത്തിയുടെയും സത്യസന്ധതയുടെയും മാതൃത്വത്തിന്‍റെയും നന്മയുടെയും തിന്മയുടെയും വികാരങ്ങളുടെയുമെല്ലാം കഥയാണ്.
വയനാടൻ ഭാഷ, കാട്ടിലെയും നാട്ടിലെയും, സ്പഷ്ടമായും സ്ഫുടമായും അവതരിപ്പിക്കാൻ വയനാട്ടുകാരിയായ എഴുത്തുകാരിക്കല്ലാതെ ആർക്കാണ് സാധിക്കുക. അതോടൊപ്പം ആ കാടിനെ നേരിൽ ഹൃദ്യമായി അറിയുക വഴി, കേട്ടുകേൾവികളും മുത്തശ്ശി കഥകളും സ്വാനുഭവങ്ങളുമായ ആ നാട്ടിലെ കഥകളെല്ലാം ചേർത്തിണക്കി അല്പം ആത്മാർത്ഥതയും കുറച്ച് ഭാവനയും കൂടി മിതമായ രീതിയിൽ ചേർത്തപ്പോ ലഭ്യമായത് അവർണ്ണനീയമായൊരു വായനനാനുഭവമാണ്. കാടിനോടൊപ്പം സഞ്ചരിക്കുക, കാടിനെ അനുഭവിക്കുക, അതോടൊപ്പം വികാരവേലിയേറ്റമുണ്ടാക്കുന്ന കുറച്ച് പച്ചയായ മനുഷ്യരുടെ സത്യം പറയുന്ന, വായനാശേഷവും കൂടെ കൂടുന്ന കഥയും....!!!
കാടിനെയും കുടിയേറ്റങ്ങളെയും കാട്ടുമക്കളെയും പറ്റി എസ്.കെ. പൊറ്റക്കാടിന്‍റെ ശ്രേഷ്ഠകൃതി വിഷകന്യക ഉൾപ്പടെ നിരവധി കൃതികളുണ്ടായിട്ടുണ്ടെങ്കിലും "വല്ലി" അവയിൽ നിന്നെല്ലാം വ്യത്യസ്തമാകുന്നത് ആദ്യാവസാനം നിലനിൽക്കുന്ന ആ ഹരിതാഭമായ നവീനതയാലാണ്. വിഷയത്തിൽ നിന്ന് വ്യതിചലിക്കാതെ കാലാകാലങ്ങളിൽ ഉണ്ടായ നക്സൽ ആക്രമണങ്ങൾ പോലുള്ള സാമൂഹികാവസ്ഥകളുടെ കൃത്യമായ അടയാളപ്പെടുത്തലുകളാണ്. അതിനേക്കാളുപരി കഥാപാത്രങ്ങളുടെ സഞ്ചാരത്തിനിടയിലും ഒരിടത്ത് പോലും ഒരു തളർച്ചയുണ്ടാകാതെ ഉറപ്പുള്ള വള്ളി കണക്കേയുള്ള അതിന്‍റെ അവതരണത്തിലാണ്. വ്യക്തിപരമായി ഒരുപാട് ഇഷ്ടപ്പെട്ടു വല്ലി എന്ന നോവൽ. തെളിനീരൊഴുകുന്ന കാട്ടരുവിയിൽ മുങ്ങി നിവർന്ന പ്രതീതി. ആ കുളിർമ്മയും തെളിമയും!!
"ഓരോ മനുഷ്യനും കാടിന്‍റെ കരച്ചിൽ കേൾക്കാവുന്ന കാലം വരണം. കാടിന്‍റെ ഭാഷയും മനുഷ്യഭാഷയും ഒന്നാകുന്ന കാലം. അന്ന് മഴുവും അറക്കവാളും മരംവെട്ടിയും ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകും. അന്ന് മനുഷ്യൻ പരസ്പരം സ്നേഹിക്കും. അക്കാലത്ത് മനുഷ്യൻ ചിരിക്കുമ്പോ കാട് പൂക്കും. ഓരോ കുഞ്ഞു ജീവനും, ഒരു തൊട്ടാവാടിക്കു പോലും ശ്രേഷ്ഠതയുണ്ടെന്ന് കാട് നമ്മോട് പറയും".
(മാധ്യമം ഓൺലൈനിലേക്ക് നിങ്ങളുടെ സ്വതന്ത്ര രചനകൾ, പുസ്തകാസ്വാദനക്കുറിപ്പുകൾ, യാത്രാവിവരണങ്ങൾ മുതലായവ അയക്കാം. തെരഞ്ഞെടുക്കപ്പെടുന്നവ പ്രസിദ്ധീകരിക്കും. ഇ-മെയിൽ: online.madhyamam@gmail.com)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.