വീട് ഗ്രന്ഥശാലയാക്കി വിജയൻ
text_fieldsമുട്ടം: വായന മരിക്കുന്നു എന്ന മുറവിളിക്കിടെ വീട് വിശാലമായ ഗ്രന്ഥശാലയാക്കി മാറ്റിയിരിക്കുകയാണ് തൊടുപുഴ മണക്കാട് സ്വദേശി മുക്കുറ്റിയിൽ വീട്ടിൽ എൻ. വിജയൻ (74). ഏഴ് ലക്ഷം രൂപ വിലവരുന്ന 11,000ത്തിലധികം പുസ്തകങ്ങളാണ് കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥനും റിട്ട. അധ്യാപകനും കൂടിയായ വിജയെൻറ ശേഖരത്തിൽ. സമ്പാദ്യത്തിെൻറ നിശ്ചിത ശതമാനം പുസ്തകങ്ങൾ വാങ്ങാനായി വിജയൻ മാറ്റിവെക്കുന്നു.
പുസ്തകങ്ങൾ സൂക്ഷിക്കാൻ വീടിെൻറ രണ്ടാം നിലയിൽ ലൈബ്രറി മാതൃകയിൽ പ്രത്യേക റാക്കും സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് സൗജന്യമായി ഇവ ഉപയോഗിക്കാം. കേടുപാട് വരുത്താതെ തിരിച്ചേൽപിക്കണമെന്ന് മാത്രം. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ വിജയൻ പുസ്തകങ്ങളെ സ്നേഹിച്ചുതുടങ്ങിയതാണ്. ചെറുപ്പത്തിൽ ഓലമെടഞ്ഞ് കിട്ടുന്ന കാശിനും പുസ്തകം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
1920 കാലഘട്ടം മുതലുള്ള നോവൽ, യാത്രാ വിവരണം, കഥ, കവിത, പ്രമുഖരുടെ ജീവചരിത്രം, വൈജ്ഞാനിക ഗ്രന്ഥങ്ങൾ തുടങ്ങിയ പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ലൈബ്രറിയിൽ. പിതാവ് എം.കെ. നാരായണെൻറ കാലത്തെ കൈയെഴുത്ത് പുസ്തകവും ഇതിൽ ഉൾപ്പെടുന്നു. ആദ്യം വീടിെൻറ താഴത്തെ നിലയിലായിരുന്നു ലൈബ്രററി.
പിന്നീടത് വിപുലീകരിച്ച് രണ്ടാം നിലയിലേക്ക് മാറ്റി. ഗവേഷണ വിദ്യാർഥികളും ചരിത്രാന്വേഷികളായ മറ്റ് നിരവധി പേരും എത്താറുണ്ട്. സിവിൽ സപ്ലൈസ് വകുപ്പിൽനിന്ന് വിരമിച്ച ഓമനയാണ് ഭാര്യ. അഞ്ചരക്കണ്ടി ഗവ. ആശുപത്രിയിലെ ഡോ. വോൾഗ, ബംഗളൂരുവിൽ എൻജിനീയറിങ് അധ്യാപികയായ ആൽഫ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.