പലായനത്തിന്റെയും പോരാട്ടങ്ങളുടെയും കഥ
text_fieldsപ്രാരബ്ധങ്ങളെ പടിക്കുപുറത്തു നിർത്താൻവേണ്ടി, പിറന്ന നാടിനെ പാടെ ഉപേക്ഷിച്ചുകൊണ്ട് പലായനത്തിന്റെ വഴി തിരഞ്ഞെടുത്ത ഒരുപറ്റം പച്ചമനുഷ്യരുടെ കഥയാണ് മലയാളത്തിന്റെ പ്രിയ സഞ്ചാരസാഹിത്യകാരൻ എസ്.കെ. പൊറ്റെക്കാട്ടിന്റെ അനുഗൃഹീത തൂലികയിൽ പിറവിയെടുത്ത 'വിഷകന്യക' എന്ന നോവൽ. പട്ടിണിയും പകർച്ചവ്യാധികളും കൊണ്ട് പൊറുതിമുട്ടി കേരളത്തിന്റെ തെക്കുനിന്നും വടക്കു ഭാഗത്തേക്ക് പ്രതീക്ഷകളുടെ ഭാണ്ഡവുംപേറി നടന്നുപോവുന്ന ഒരുപറ്റം മനുഷ്യരാണ് ഇതിലെ നായക കഥാപാത്രങ്ങൾ. അവരെ കന്യകയുടെ കടാക്ഷത്തെ അനുസ്മരിപ്പിക്കുമാറ് വശീകരിച്ച് രക്തം ഊറ്റിക്കുടിച്ച് തന്റെ വിഷമയമായ ശരീരംകൊണ്ട് ആശ്ലേഷിച്ചു കൊല്ലുന്ന മലയോരങ്ങളിലെ തരിശ് ഭൂമിയെയാണ് നായികയായി എഴുത്തുകാരൻ ചിത്രീകരിക്കുന്നത്.
കണ്ണീരും കാമവും വേദനയും വഞ്ചനയും തുടങ്ങി മാനുഷികമായ സകല വികാരവിചാരങ്ങളെയും സമ്മിശ്രമായി കൂട്ടിക്കലർത്തി അതിമനോഹരമായി അവതരിപ്പിക്കുന്ന ഈ കൃതി കുടിയേറ്റത്തിന്റെ ഒരു കാലഘട്ടം ശക്തമായി വരച്ചിടുന്നുണ്ട്. മണ്ണിന്റെ അംശത്തിൽനിന്നും പിറവികൊണ്ട്, അതിൽതന്നെ ജീവിച്ച് അവസാനം മണ്ണിന്റെ മാറിൽ അലിഞ്ഞുചേരുന്ന മനുഷ്യരുടെ നഷ്ടനൊമ്പരങ്ങളുടെ നേർചിത്രം കൂടിയാണ് ഈ നോവൽ. മറ്റൊരർഥത്തിൽ പറഞ്ഞാൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥകൂടിയാണ് ഈ കൃതി. ഊഷരമായ മണ്ണിനോട് പൊരുതി അതിനെ വരുതിയിലാക്കാൻ ജീവിതംതന്നെ ഹോമിക്കുന്ന പാവം മനുഷ്യരെ ഈ പുസ്തകത്തിന്റെ പല താളുകളിലും നാം കണ്ടുമുട്ടുന്നുണ്ട്.
ഒറ്റയിരിപ്പിൽ വായിച്ചുപോകാവുന്ന, അതിനുമപ്പുറം കാലബോധങ്ങളെ അപ്രസക്തമാക്കി 74 വർഷത്തിനിപ്പുറവും രസച്ചരട് മുറിയാതെ, ആഖ്യാനസൗകുമാര്യം തരിമ്പും നഷ്ടപ്പെടാതെ വായിക്കാൻ കഴിയുന്ന ഈ കൃതി തീർച്ചയായും പുതുതലമുറ വായിച്ചിരിക്കേണ്ട ഒന്നുതന്നെയാണ്. വിഷ കന്യകയുടെ 50ാം വാർഷികം ആഘോഷിച്ചവേളയിൽ യശഃശരീരനായ ഡി.സി കിഴക്കേമുറി പറഞ്ഞ വാക്കുകൾ ഇവിടെ സ്മരണീയമാണ്; 'മണ്ണിനോട് പൊരുതുന്ന മനുഷ്യർക്ക് എസ്.കെ. പൊറ്റെക്കാട്ട് തീർത്ത സ്മാരകമാണ് ഈ കൃതി'.
ചുരുക്കത്തിൽ മണ്ണിനോടും മലമ്പനിയോടും മലമ്പാമ്പിനോടും പൊരുതി തോറ്റുപോയവരുടെ കഥയാണ് വിഷ കന്യക എന്നുപറയാം.പ്രതീക്ഷകളുടെ പാഥേയങ്ങളുമായി സ്വപ്നങ്ങളുടെ പരവതാനികളിൽ വന്നിറങ്ങിയ മനുഷ്യർ എല്ലാം ഉപേക്ഷിച്ചു തിരിച്ചുപോവുന്ന രംഗം അതീവ വികാര തീവ്രതയോടെയാണ് എസ്.കെ അവതരിപ്പിക്കുന്നത്. വർഷങ്ങൾക്കിപ്പുറം പച്ചപിടിച്ച കുടിയേറ്റത്തിന്റെയും തളിർത്ത കൃഷിഭൂമിയുടെയും പുതുചരിത്രം പ്രമേയമാക്കി 'വീരകന്യക' എന്നൊരു നോവൽകൂടി എഴുതാൻ എസ്.കെ ആഗ്രഹിച്ചിരുന്നു. പക്ഷേ, അത് യാഥാർഥ്യമാക്കാൻ മരണം അദ്ദേഹത്തെ അനുവദിച്ചില്ല എന്നതാണ് സത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.