Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightഎൻ.എ.നസീർ: കാടെഴുത്തിൽ...

എൻ.എ.നസീർ: കാടെഴുത്തിൽ ഇന്ദ്രജാലം തീർത്ത ഒരാൾ...

text_fields
bookmark_border
Wildlife photographer  na nazeer
cancel

എൻ.എ നസീറിന്റെ ‘വന്യതയുടെ ഇന്ദ്രജാലം’ (ഡി.സി. ബുക്സ്) എന്ന പുസ്തകത്തിന് അധ്യാപികയായ ലതിക കെ.കെ. എഴുതിയ ആസ്വാദന കുറിപ്പ്

‘‘വന്യതയുടെ ഇന്ദ്രജാലം’’

പൊന്തക്കാടിന് പുറകിൽ എന്തോ മാന്തിപ്പൊളിക്കുന്ന ശബ്ദം , പതിയെ ചെടികളെ ഉലച്ചുകൊണ്ട് ഒരു കരടി കാട്ടുവഴിയിലേക്കിറങ്ങി പുഴയോരത്തേക്ക് നടന്നു . മനുഷ്യ ഗന്ധമറിഞ്ഞ നീർനായകൾ സൂക്ഷ്മ നിരീക്ഷണത്തിലാണ് . ഇളം പുല്ലു മേഞ്ഞുനീങ്ങുന്ന ഒറ്റയാൻ കാട്ടി ഒന്ന് പരിഭ്രമിച്ചോ ?പരിസരത്തോടു ചേർന്ന് മറഞ്ഞിരിക്കാൻ കഴിവുള്ള രാച്ചുക്ക് നിലത്തേക്ക് ഒന്നൂടെ പതിഞ്ഞുകിടന്നു . പൊടുന്നനെ കാടിനെയൊന്നാകെ ഞെട്ടിച്ച ചിറകടിയോടെ പറന്നിറങ്ങുന്ന മലമുഴക്കി .. നസീർ മാഷിന്റെ കാടെഴുത്ത് ഒരിക്കലൂടെ ഇന്ദ്രജാലം സൃഷ്ടിക്കുന്നു .കാടൊളിപ്പിക്കുന്ന രഹസ്യങ്ങളെ ഒളിഞ്ഞും തെളിഞ്ഞും നിന്ന് കാണുന്ന കണ്ണുകൾ പകർത്തിയെടുക്കുന്ന കാഴ്ചകൾ വരികളിൽ അനർഗനിർഗളം പ്രവഹിക്കുന്നു , കാട്ടാറിന്റെ ചുറുചുറുക്കോടെ .

മസിനഗുഡിയിലെ കാട്ടിനുള്ളിൽ തന്റെ കൊച്ചുവീട്ടിലിരുന്ന് ആനകളെ സ്നേഹിച്ച ഇ ആർ സി ദാവീദാർ ,ചീതൽ വാക്കിൽ മകൻ മാർക്ക് ദാവീദാർ അദ്ദേഹത്തിന്റെ പിന്ഗാമിയായി കാടിന്റെ അരുമകൾക്ക് കൂട്ടിരിക്കുന്നു .സിഗൂർ നദി കയറിവരുന്ന കാട്ടുകൊമ്പന്മാരെ ബ്രസീലിയൻ കളിക്കാരുടെ പേരിട്ട് ചേർത്തുനിർത്തുന്നു . മനുഷ്യ ക്രൂരതയിൽ പൊലിഞ്ഞുപോയ ' റൊണാൾഡോ ' യോടൊപ്പം മാർക്ക് ദാവീദാറും കാണാമറയത്ത് മാഞ്ഞുപോയി .ചീതൽ വാക്കിലെ സ്മരണയിൽ ദീപ്തമാവുന്ന നസീർ മാഷ് അവിടെ മുളച്ചുപൊങ്ങുന്ന റിസോർട്ടുകൾ വരുത്തിവെക്കുന്ന വിനകളിൽ ആകുലനാകുന്നുമുണ്ട് .

പെരിയാർ കടുവ സങ്കേതത്തിലെമനോഹരമായൊരു ഫോറെസ്റ് ക്യാമ്പ് ആണ് മുല്ലക്കുടി .പച്ചക്കുന്നുകളാൽ അതിരിട്ട തടാകം .മലകൾക്കിടയിൽ ചിറകു വിരുത്തി ഒഴുകിപ്പറക്കുന്ന വേഴാമ്പലുകൾ .സദാ കിളിമൊഴികളാൽ മുഖരിതമായ , മരം കൊണ്ട് പണിത കെട്ടിടത്തിന്റെ കിടങ്ങിൽ നിന്നും മുട്ട കട്ടെടുത്തു തിന്നുന്ന ഉടുമ്പ് .മാഷിന്റെ വരികളിലൂടെ നൂണു കടക്കുമ്പോൾ ഒരിക്കൽ കൂടി മുല്ലക്കുടിയിൽ എത്തിയപോലെ .രാക്കിളിപ്പാട്ടിനിടയിലും തടാകം നീന്തിക്കടക്കുന്ന ആനയുടെ ശ്വാസനിശ്വാസങ്ങൾ ചെവിയിൽ മുഴങ്ങുന്നു .

നെല്ലിയാമ്പതി കാടുകൾ വേഴാമ്പൽ സംരക്ഷിത വനമാക്കണമെന്നൊരു നിർദ്ദേശം വച്ചിരുന്നു , ഈയിടെ പോയപ്പോൾ . ഏറ്റവും കൂടുതൽ മലമുഴക്കികൾ വസിക്കുന്ന നെല്ലിയാമ്പതിയിലെ മലമുഴക്കങ്ങളെ മാഷ് ആഹ്‌ളാദത്തോടെ ആസ്വദിക്കുന്നു . സിംഹവാലന്മാരും വേഴാമ്പലുകളും നിറം പകരുന്ന ,സദാ കോട പുതഞ്ഞ നെല്ലിയാമ്പതി , പ്രജനനകാലത്ത് കൂടിനു കീഴെ ഉപേക്ഷിക്കപ്പെടുന്ന വിത്തുകൾ വനസമ്പത്തിന്റെ വർദ്ധനവിന് കാരണമാകുന്നു എന്ന് പറഞ്ഞുവെക്കുന്നു . ( എന്നാൽ ഇന്ന് എസ്റ്റേറ്റുകളിൽ ഉപയോഗിക്കുന്ന herbicides മുളച്ചുപൊങ്ങുന്ന വൃക്ഷതൈകളെ നശിപ്പിക്കുന്നതായി കാണുന്നു ).നെല്ലിയാമ്പതിയിൽ നിന്നും പറമ്പികുളത്തേക്കുള്ള വഴിയിലേക്ക് അദ്ദേഹം നമ്മെയും ഒപ്പം ചേർക്കുന്നു .വെങ്കോളി മലയിലെ പഴയ ക്യാമ്പ് ഷെഡിലിരുന്ന് അകലെ മലയിൽ കാട്ടാടുകൾ കുതിച്ചു പായുകയും ഇറങ്ങുകയും ചെയ്യുന്നത് നോക്കിയിരിക്കുന്നു .

പശ്ചിമഘട്ട മേഖലയിൽ മാത്രം കാണുന്നപക്ഷികളെ വർണ്ണിക്കുന്നുണ്ട് ,അടുത്ത ഭാഗത്ത് .സൂര്യ വെളിച്ചം പതിയുമ്പോൾ ചിതറിവീഴുന്ന നീലിമയും വെണ്മയുമായി നീലഗിരി മരപ്രാവുകൾ ,നിലത്തു ഇരതേടുന്ന നിലത്തുതന്നെ കൂടുകൂട്ടുന്ന മലവരമ്പന്മാർ ,പൊന്തക്കുള്ളിൽ കഴിയാൻ ഇഷ്ടപ്പെടുന്ന നീലഗിരി ചിലപ്പന്മാർ , ഓറഞ്ചും കറുപ്പും നിറങ്ങൾ ചേർത്ത് ഒരു കഴിവുറ്റ കലാകാരന്റെ കരവിരുതാൽ തീർത്ത കരിംചെമ്പൻ പാറ്റപിടിയൻ ,ഇങ്ങനെ നീളുന്നു അവരുടെ വിവരണം .കൂടെ അദ്ദേഹത്തിന്റെ പടങ്ങളും .ചൂളക്കാക്കയുടെ ഉണർത്തുഗാനം അദ്ദേഹത്തെ മാത്രമല്ല നമ്മെയും ഉണർത്തുന്നു .

കിഴക്കാം തൂക്കായ പാറക്കെട്ടുകൾ അനായാസം ഓടിക്കയറുകയും ഇറങ്ങുകയും ചെയ്യുന്ന നീലഗിരി താർ എന്ന കാട്ടാടുകളുടെ സഞ്ചാരമാണ് തന്നെ മലകയറ്റം പഠിപ്പിച്ചതെന്നു അദ്ദേഹം ഓർക്കുന്നു . അവയെ ഗുരുസ്ഥാനീയരായിക്കാണുന്നു.

ഒരു കാടിന്റെ ജൈവ സമ്പന്നതയുടെ പ്രതീകമാണ് കടുവ .കടുവയുള്ള കാട് ജൈവ സമ്പന്നതയുടെ ഉന്നതിയിൽ നിൽക്കുന്നു മനുഷ്യ സ്പർശം കുറഞ്ഞ ,ജീവിവർഗങ്ങളുടെ സംതുലനം പാലിക്കപ്പെടുന്ന ഭക്ഷ്യശൃംഗല . ഒരുയാത്രയിൽ കണ്ട, കടുവയുടെ നിലത്തുപതിഞ്ഞ കാലടിയിൽ നിന്ന് പാറിപ്പറക്കുന്ന പൂമ്പാറ്റകൾ വന നിറവിന്റെ പൂർണ്ണതയായി അവതരിപ്പിച്ചത് ഏറെ മനോഹരമായാണ് .

കാട്ടിലെ കൂട്ട് - ഇല്ലിക്കൂട്ടങ്ങളും ആനകളും ,പൂക്കളും തത്തകളും , പഴങ്ങളും വേഴാമ്പലുകളും , ...... പരസ്പര ബന്ധം അങ്ങനെ നീണ്ടുപോകുന്നു . അവ നൽകുന്ന വർണ്ണകാഴ്ചകളും . മനുഷ്യ ഇടപെടലുകൾ ഗിരിനിരകളെ എന്തുമാത്രം നശിപ്പിച്ചിരിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് ഉരുളായും പ്രളയമായും നാം കാണുന്നത് .എന്നിട്ടും പ്രതികരിക്കാതെ സമൂഹം സ്വയം ശവക്കുഴി തോണ്ടുകയാണെന്നു പറയാതെ പറഞ്ഞുവെക്കുന്നുണ്ട് .

ഋതുക്കൾ ശേഖരിച്ച് നിറച്ചു വച്ചിരിക്കുന്ന തേൻകുടങ്ങൾ നീട്ടി നിൽക്കുന്ന പൂക്കൾ , പൂമ്പാറ്റകളെയും കിളികളെയും കാത്തുനിൽക്കുന്നു .മരച്ചില്ലയിലെങ്ങോ പതിഞ്ഞിരിക്കുന്ന മലയണ്ണാൻ കടന്നുകയറുന്ന മനുഷ്യരെ കൂട്ടുകാർക്ക് കാട്ടിക്കൊടുക്കുന്നു .കരിമ്പച്ച പശ്ചാത്തലത്തിൽ കറുപ്പിന്റെ ഏഴഴകുമായി കരുത്തനായ കാട്ടുപോത്ത് ആ കാഴ്ച നോക്കി നിൽക്കുന്നു .നിശ്ചലനായി നിന്ന് തന്റെ സാന്നിധ്യം ഒളിപ്പിക്കാൻ ശ്രമിക്കുന്നു കഥാകാരൻ .കാട്ടിൽ കാഴ്ചയ്ക്ക് അല്ല ഗന്ധത്തിനാണ് പ്രാധാന്യം എന്ന സത്യം കൂടെ നമ്മെ പഠിപ്പിക്കുന്നു .ആനച്ചൂര് ഉയരുന്ന വഴികൾ ഇല്ലിക്കാടുകളിലേക്കും ചോലകളിലേക്കും നീളുന്നു .

ഇടയ്ക്ക് മണൽക്കാടുകളിലെ പ്രവാസത്തെ കൂടെ ഓർമിക്കുന്നുണ്ട് .മണൽ കൂമ്പാരങ്ങളിൽ പകലിന്റെ ചൂടും രാവിൻറെ തണുപ്പും അറിഞ്ഞ് , കഴിഞ്ഞുപോയ ദിനങ്ങളെയും കാഴ്ചകളെയും .

കാഴ്ചകൾ തീരുന്നില്ല , തുടർന്നുകൊണ്ടേയിരിക്കുന്നു. യോഗയും കരാട്ടെയും കാടും ജീവജാലങ്ങളും അതങ്ങനെ ഒഴുകി നീങ്ങുകയാണ് . വരികൾക്കൊപ്പം വായനക്കാരും മസിനഗുഡിയിലും നെല്ലിയാമ്പതിയിലും പെരിയാറിലും പറമ്പികുളത്തും നടന്നുകൊണ്ടേയിരിക്കുന്നു .ചീതൾ വാക്കിൽ നിന്ന് തുടങ്ങിയ യാത്ര അവസാനിക്കുമ്പോൾ നമ്മൾ വന്തറവ് മുടിയിൽ നിന്നും കൊടൈക്കനാൽ ചുറ്റിപ്പോകുന്ന എസ്‌കേപ്പ് റോഡിലെത്തി നിൽക്കുന്നു .കോട തന്റെ തണുത്ത കൈകളാൽ നമ്മെ പുണരുന്നു ,ഇലകളിലെ മഞ്ഞുതുള്ളിയിൽ സൂര്യൻ വൈഡൂര്യം പതിക്കുന്നത് നോക്കിനിൽക്കും . അടുത്തെങ്ങോ നിന്നുയരുന്ന ആനച്ചൂരിൽ അറിയാതെ പിന്നോക്കം നീങ്ങുന്നു , കാട്ടാറിനോരത്തെ നനഞ്ഞ മണ്ണിൽ കടുവയുടെ കാൽപ്പാടുകൾ തിരയുന്നു .മലയണ്ണാന്റെ ചിനപ്പും മലമാനിന്റെ മദ്ദളം കൊട്ടുമായി നമ്മുടെ ഉളളിൽ കാട് സ്പന്ദിച്ചുകൊണ്ടേയിരിക്കും.നടന്നുതീർത്ത വഴികൾ, ഇനി നടക്കാൻ പോകുന്ന വഴികൾ .......ആ തപോവനത്തിൽ സംന്യാസിയാവാൻ ,............തോന്നിപ്പിക്കുന്ന

മനോഹരമായൊരു കാടോർമ്മയാണ്‌ ' വന്യതയുടെ ഇന്ദ്രജാലം ' ആനച്ചൂര് ഉയരുന്ന ,കറുപ്പും മഞ്ഞയും വരകൾ മിന്നിമായുന്ന , നക്ഷത്ര പൊട്ടണിഞ്ഞ ,ഋതുക്കളിൽ നിറങ്ങൾ മാറിമറിയുന്ന പശ്ചിമ ഘട്ട മല നിരകളുടെ അവർണ്ണനീയ സൗന്ദര്യമാണ് അതിന് .ഡി സി ബുക്‌സ് പുറത്തിറക്കിയ ഈ പുസ്തകം കാനനസ്നേഹികൾക്ക് സമർപ്പിക്കുന്നു .

എഴുത്ത്: ലതിക കെ.കെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wildlife photographerna nazeer
News Summary - Wildlife photographer NA Naseers latest book
Next Story